കോട്ടയംപോര്: ജോസിന്റെ വിശ്വാസം, ജോസഫിന്റെ ശ്വാസം, പരേതാത്മാക്കളുടെ അനുഗ്രഹം

#എസ്.ഡി. സതീശൻ നായർ
തോമസ് ചാഴികാടന്‍, ഫ്രാന്‍സിസ് ജോര്‍ജ് | Photo: Mathrubhumi
തോമസ് ചാഴികാടന്‍, ഫ്രാന്‍സിസ് ജോര്‍ജ് | Photo: Mathrubhumi

തുല്യശക്തരുടെ പോരാണോ കോട്ടയത്ത്. എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികളെ അറിയുന്നവര്‍ സമ്മതിക്കില്ല. തുല്യമാന്യന്മാര്‍ തമ്മിലുള്ള മത്സരമെന്ന് പറഞ്ഞാല്‍ ശരിവെക്കും. മര്യാദയുടെയും സൗമ്യതയുടെയും ത്രാസുകളില്‍ തൂക്കിയാല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെയും തട്ടുകള്‍ സമനിലയേ പാലിക്കൂ. ഇത് അടക്കമുള്ള തിരഞ്ഞെടുപ്പുവാര്‍ത്തകളുടെ വിശദമായ വായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ വായിക്കുക. 

ഏറെ സവിശേഷതകൾ നിറഞ്ഞതാണ്‌ ­കോട്ടയത്തെ ഇത്തവണത്തെ ­തിരഞ്ഞെടുപ്പ്‌. കേരളാ കോൺഗ്രസിലെ ഇരുപക്ഷത്തിനും ­നിലനിൽപിന്റെകൂടി ­പോരാട്ടമാണ്‌ ­ഇത്‌. അവസാന അടവും പുറത്തെടുക്കുകയാണ്‌ ഇവരെ മത്സരത്തിനിറക്കിയ മുന്നണികൾ.

സി.പി.എം. എന്ന യന്ത്രം

ചാഴികാടൻ തോറ്റാൽ ഭരണവിരുദ്ധവികാരം എന്ന പഴി ഉയരും. ക്രൈസ്തവ സഭകളുടെ എതിർപ്പെന്ന് വ്യാഖ്യാനിക്കപ്പെടും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പുനർവിചിന്തനം ചെയ്യാനുള്ള സാധ്യത കൂടും. വന്നുകയറിയവരെ വീട്ടുകാരാക്കി വീട്ടുകാരെ നീക്കിനിർത്തിയെന്ന സി.പി.ഐ.യുടെ രഹസ്യവിമർശനം പരസ്യമാകും. ജോസും കൂട്ടരും വിട്ടുപോയാലും അവരെ ആക്രമിക്കുന്നതിന് സി.പി.എമ്മിന് പരിമിതിയുമുണ്ടാകും. കാരണം, കെ.എം. മാണിക്കെതിരേ ഗുരുതര കോഴ ആരോപണം ഉയർത്തി ആക്രമണത്തിന്റെ മുൾമുനയിൽ നിർത്തി നിയമസഭയിൽ വലിയ കൈയാങ്കളിയും നടത്തിയശേഷം അവരെ കൂടെക്കൂട്ടിയ രാഷ്ട്രീയനിലപാട് മുമ്പേ വിമർശിക്കപ്പെട്ടതാണ്. അഥവാ ജോസ് വിഭാഗം യു.ഡി.എഫിലേക്ക് മടങ്ങിയാൽ പിന്നാലെ വരുന്ന നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വിജയം കൂടുതൽ അകലത്താവും. യു.ഡി.എഫ്. സംസ്ഥാനഭരണം പിടിച്ചാൽ സി.പി.എം. നേതാക്കൾക്കെതിരേ അഴിമതിക്കേസുൾപ്പെടെ പലതും വരും. അങ്ങനെ കഠിനമാകാനിടയുള്ള ഭാവിരാഷ്ട്രീയത്തിന്റെ തുടക്കം കോട്ടയത്തു നിന്നാവരുത്. അതിന് ചാഴികാടന്റെ ജയം കൂടിയേ തീരൂ.

തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് എൻ.ഡി.എ. സ്ഥാനാർഥിയാകരുതെന്ന് സി.പി.എം. ആഗ്രഹിച്ചിരുന്നു. മണ്ഡലത്തിൽ ഈഴവവോട്ടുകൾ നിർണായക സംഖ്യയുണ്ട്. വെള്ളാപ്പള്ളി കഴിഞ്ഞാൽ അവർക്കിടയിൽ സ്വാധീനമുള്ള നേതാവാണ് മന്ത്രി വി.എൻ. വാസവൻ. ഏതായാലും മണ്ഡലത്തിൽ വാസവനാണ് സി.പി.എമ്മിന്റെ യന്ത്രം പ്രവർത്തിപ്പിക്കുന്നത്.

കോൺഗ്രസിന്റെ തന്ത്രം

ഫ്രാൻസിസ് ജോർജ് തോറ്റാൽ പിണറായി സർക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണെന്നും ഭരണവിരുദ്ധ വികാരമുണ്ടെന്നുമുള്ള പ്രചാരണത്തിന്റെ മുനയൊടിയും. ക്രൈസ്തവർക്കും സഭാനേതൃത്വത്തിനും എൽ.ഡി.എഫിനോട് അകൽച്ചയില്ലെന്നും വ്യാഖ്യാനിക്കപ്പെടും. മധ്യകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് ഇടിവുവരും. ജോസ് വിഭാഗം യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ട്. ചാഴികാടന്റെ തോൽവിയിലൂടെയേ അതിന് വഴിയൊരുക്കാനാവൂ. മറിച്ച്, ഫ്രാൻസിസ് ജോർജ് തോറ്റാൽ ജയസാധ്യതയുള്ള ഘടകകക്ഷികൾ യു.ഡി.എഫിൽ കുറവാണെന്ന പ്രതീതിയുണ്ടാകും. ഏതെങ്കിലും കാരണത്താൽ ജോസ് കെ. മാണിയും കൂട്ടരും യു.ഡി.എഫിലേക്ക് വരാൻ തയ്യാറായാൽത്തന്നെ അവരുടെ വിലപേശൽ ശേഷി കുറയ്ക്കാനും ഫ്രാൻസിസ് ജോർജിന്റെ ജയം അനിവാര്യമാണ്. ജയിക്കുന്ന ലോക്‌സഭാ സീറ്റുകൾ കുറഞ്ഞാൽ ഒരുപക്ഷേ, ലീഗും കൂടുവിട്ടുപോകാനുള്ള സാധ്യതയെയും കോൺഗ്രസ് ഭയക്കണം. മറുഭാഗത്ത് ലീഗിന് എന്തുംനൽകാൻ തയ്യാറായി സി.പി.എം. നിൽക്കുമ്പോൾ പ്രത്യേകിച്ചും. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പിൽ പ്രയോഗിച്ച തന്ത്രങ്ങളുമായാണ് കോൺഗ്രസ് നീക്കം. നായർ വോട്ടുകളിൽ നല്ലൊരു പങ്ക് ഫ്രാൻസിസ് ജോർജിന് കിട്ടുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടുന്നു. ചാഴികാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യാൻ പോയ എൻ.എസ്.എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റെിനെ സമുദായ നേതൃത്വം രാജിവെപ്പിച്ചത് അതിന്റെ ലക്ഷണമായും അവർ കരുതുന്നു.

ജോസിന്റെ വിശ്വാസം

കോൺഗ്രസുകാർ പിന്നിൽനിന്ന് കുത്തിയെന്നുപറയുന്ന ജോസ് കെ. മാണിക്ക് സി.പി.എമ്മിന്റെ കേഡറിലും തിരഞ്ഞെടുപ്പ് മാനേജ്മെന്റിലും വിശ്വാസമാണ്. ക്രൈസ്തവർക്ക് പണ്ടത്തെപ്പോലെ കമ്യൂണിസ്റ്റുകാരോട് അയിത്തമില്ലെന്നതിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം സാക്ഷി. എങ്കിലും ചാഴികാടന്റെ വിജയം നൂറു ശതമാനം ഉറപ്പിക്കേണ്ടതുണ്ട്. രണ്ടില ചിഹ്നം തങ്ങൾക്കായത് കേരള കോൺഗ്രസ് പാരമ്പര്യമുള്ളവരുടെ വോട്ടെത്തിക്കുമെന്ന് ജോസ്‌വിഭാഗം പറയുന്നു. 

ജോസഫിന്റെ ശ്വാസം

പിളർപ്പിനുശേഷമുള്ള തളർച്ച മാറ്റാനും പുതുശ്വാസം കിട്ടാനും ഫ്രാൻസിസ് ജോർജിന്റെ വിജയം ജോസഫ് ഗ്രൂപ്പിന് വേണം. അതോടെ സഭകൾ തങ്ങൾക്കൊപ്പമെന്ന് പറയാം. ജോസ് വിഭാഗം മടങ്ങിവന്നാലും യു.ഡി.എഫിൽ തങ്ങൾ പിന്നാമ്പുറത്താകാതെ നോക്കാം.

പരേതാത്മാക്കളുടെ അനുഗ്രഹം

ജീവിച്ചിരിക്കുന്ന നേതാക്കളെക്കാൾ യു.ഡി.എഫിനും എൽ.ഡി.എഫിനും വിശ്വാസമുള്ള പരേതരായ ഓരോ നേതാക്കൾ കോട്ടയത്തുണ്ട്. ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും. ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കുമുമ്പിൽ ജനങ്ങളുടെ വോട്ടുകൊണ്ട് ഫ്രാൻസിസ് ജോർജ് നടത്താൻപോകുന്ന തുലാഭാരമാണ് തിരഞ്ഞെടുപ്പെന്ന് യു.ഡി.എഫുകാർ പറയും. മാണിസാറിന്റെ ആത്മാവിനെ സ്മരിച്ച് ചാഴികാടൻ നടത്തുന്ന തുലാഭാരത്തിന് കൂടുതൽ വോട്ടുതൂക്കം നൽകാനാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനമെന്ന് ആ പക്ഷത്തുള്ളവരും അവകാശപ്പെടും. കുട്ടിയമ്മ മാണി ചാഴികാടന്റെ തലയിൽ കൈവെച്ച് മാണിസാറിന്റെ അനുഗ്രഹം പകർന്നിട്ടുണ്ട്. ഏറെക്കുറെ സമപ്രായമാകയാൽ താൻ തലയിൽ കൈവെക്കുന്നില്ലെന്നും കുഞ്ഞുഞ്ഞിന്റെ അനുഗ്രഹം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടിയുടെ കബറിടത്തെ സാക്ഷിയാക്കി ഫ്രാൻസിസ് ജോർജിനെ മറിയാമ്മ ഉമ്മനും ആശീർവദിച്ചിട്ടുണ്ട്.

Content Highlights: kottayam loksabha seat contest