ഇത് തട്ടുപൊളിപ്പന്‍ കോട്ടയംപൂരം

കാലത്ത് ഇഡലി, ഉച്ചയ്ക് ചോറും മോരുകറീം, രാത്രി കഞ്ഞീം പയറും. ത്രികാലഭക്ഷണം ഇങ്ങനെയൊക്കെയായാൽ ആകെ മടുപ്പാകും. ഒരേ ഭക്ഷണം വിളമ്പുന്ന അടുക്കളപോലെ ആകെ വിരസമായിരുന്നു കോട്ടയം രാഷ്ട്രീയം. എല്ലാം ചട്ടപ്പടി. സ്ഥാനാർഥിപര്യടനം, സ്വീകരണം, പാരഡി, നേരംസന്ധ്യയ്ക്ക് ആളില്ലാത്ത റോഡിലേക്കുനോക്കി കലാശപ്രസംഗം. തീർന്നു. മാറ്റിപ്പിടിക്കണ്ടേ.
വല്ലപ്പോഴുമെങ്കിലും ഒരു നെയ്‌റോസ്റ്റും ബിരിയാണീം ആഗ്രഹിച്ചാൽ തെറ്റാണോ സർ. മാറ്റത്തിന്റെ ലഡുപൊട്ടിക്കാൻ സജി മഞ്ഞക്കടമ്പിൽ വേണ്ടിവന്നു. ഏറുപടക്കം കൊളുത്തി സജി പോയി. ചെന്നുവീണത് കേരളാ കോൺഗ്രസ് എന്ന ചാരംമൂടിയ കനലിലേക്കാണ്.
ദിവസവും ഓരോന്ന് പൊട്ടുന്നുണ്ട്. രാജി, പത്രസമ്മേളനം, പുതിയ പാർട്ടി, ലയനം... എന്നിങ്ങനെ രസകരമാണ് കാര്യങ്ങൾ. കേരളാ കോൺഗ്രസുകൾക്ക് നന്ദി. എന്നും വാർത്തയ്ക്കുള്ള വിഭവം തരുന്നതിന്. ദിവസം ഒരു രാജിമാത്രം പോരേ എന്നാണ് ചോദിച്ചത്. മതി. എന്നും എന്തെങ്കിലുമൊക്കെ വേണ്ടേ.
ഇതിനിടെ കബറിടങ്ങളിലേക്കുള്ള യാത്ര, മുന്നണിമാറിയത് ഓർക്കാതുള്ള പ്രശംസ, വിട്ടുപോയ പാർട്ടിയുടെ ഓഫീസിലേക്കോ പഴയനേതാവിന്റെ വീട്ടിലേക്കോ തീർഥയാത്ര... എന്നിങ്ങനെ കളറാണ് കാര്യങ്ങൾ. സജിയുടെ കാര്യം പറഞ്ഞിട്ടാകാം ബാക്കി. സജി എങ്ങോട്ട് എങ്ങോട്ട് എന്നായിരുന്നു രണ്ടാഴ്ചമുഴുവൻ ചോദ്യം.
കരൂർ പഞ്ചായത്തിൽ പണ്ട് മാണിസാറിന്റെ പോസ്റ്ററൊട്ടിച്ച ആ പത്തുവയസ്സുകാരൻ. കരിങ്ങോഴയ്കൽ പൂമുഖത്ത് കോഴികൂവുമ്പംമുതൽ മാണി സാറിനുവേണ്ടി ഹർജി സ്വീകരിച്ചുപോന്ന ആ ചെറുപ്പക്കാരൻ മറ്റെങ്ങോട്ട് പോകാൻ. പി.ജെ. ജോസഫിൽനിന്ന് മാണിയിലേക്ക്. മാണിയിൽനിന്ന് പി.ജെ.യിലേക്ക്. എന്തോ കേരളാ കോൺഗ്രസുകാർക്ക് മാത്രമുള്ളൊരു ഭാഗ്യമാണത്. രണ്ടിലയിലൊന്ന് സ്വീകരിക്കാം. തണ്ടേയുള്ളൂ ഒന്ന്. ഇലയ്ക് തരംപോലെ നിറമാകാം. ത്രിവർണവും ചുവപ്പുമാകാം. കാവിപൂശാം. കൊടിമാത്രം മാറില്ല. ചുവപ്പും വെള്ളയും സമാസമം ചേരണം. ആശയം അധ്വാനവർഗവുമാകണം. പക്ഷേ, സജിയെ കിട്ടാൻ വ്രതംനോറ്റത് വെറുതേയായി. പാലായിലെ ഓഫീസിൽ താൻ പൂവിട്ടുപൂജിച്ച മാണിയുടെ ചിത്രവുമെടുത്ത് സജി വരുന്ന വരവ് പ്രതീക്ഷിച്ചതിൽ തെറ്റില്ല.
പക്ഷേ, ‘തൊടുപുഴ’യിൽനിന്ന് ‘പാലാ’യ്ക് വണ്ടികയറുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ ഞെട്ടിച്ച് സജി അങ്ങ് ഡൽഹിയിലേക്കാണ് നോക്കിയത്. മോദിജി നല്ലത്. കാരണം? കാരണം മറ്റൊന്നുമല്ല. റബ്ബറിന് കിലോയ്ക് 250 തരുമെന്ന് ഉറപ്പുപറഞ്ഞു. കോട്ടയത്ത് മോദിജിയുടെ പോരാളി തുഷാർ. അദ്ദേഹവും വേദിയിലെത്തി. പുതിയൊരു കേരള കോൺഗ്രസ്. വാലായി ഡെമോക്രാറ്റിക്. എല്ലാറ്റിനും സാക്ഷിയായി വേദിയിൽ രണ്ടുപേരുടെ ചിരിതൂകുന്ന ചിത്രമുണ്ടായി. മാണിയും സി.എഫും. ഫോട്ടോയ്കുമുന്നിൽ പൂവിട്ടാൽ പോരാ. പ്രഖ്യാപനം കഴിഞ്ഞ് സജിയും കൂട്ടരും രണ്ട് കബറിടങ്ങളിലുമെത്തി തൊഴുതുനിന്നു.
ഏപ്രിൽ ഒൻപതിന് ഈ കബറിൽനിന്നൊരാൾ കരിങ്ങോഴയ്കൽ മുറ്റത്തേക്ക് പോയപ്പോൾ ഇടറിയത് പി.ജെ.യുടെ മനസ്സാണ്. പി.ജെ. പാർട്ടിയുടെ വർക്കിങ് ചെയർമാൻ പി.സി. തോമസ്. മാണിയുടെ മാനസപുത്രനായിരുന്നു ഒരിക്കൽ തോമസ്. അന്ന് പി.സി. എന്നാൽ പി.സി. ജോർജിനെക്കുറിച്ചല്ല ജനം ഓർക്കുക. പി.സി. തോമസിനെക്കുറിച്ചാണ്. പിന്നൊരിക്കൽ ജോമോൻ എന്ന ജോസ് കെ. മാണിയുമായി തെറ്റി കരിങ്ങോഴയ്കൽ പടിയിറങ്ങിയതാണ് പി.സി. ഇപ്പോൾ തറവാട്ടിലേക്ക് പോയതോ. ആകെ ആശങ്കകൾ. പി.ജെ. ഗ്രൂപ്പിൽനിന്ന് രാജിയുമായി പ്രസ് ക്ലബ്ബിന്റെ മുറ്റത്ത് നേതാക്കൾ ഊഴംകാത്തുനിൽക്കുമ്പോൾ വ്യഥ സ്വാഭാവികം. യു ടൂ ബ്രൂട്ടസ് എന്ന് പി.ജെ. ചോദിക്കാൻ ഓങ്ങിയതാണ്. പിറ്റേന്ന് പി.സി. തോമസ് പത്രക്കാരെ കണ്ടു. മാണിസാറിന്റെ ഭാര്യ കുട്ടിയമ്മ ആരാണ്. തന്റെ അപ്പച്ചിയാണ്. വെറും സൗഹൃദസന്ദർശം. ഈ പോക്കിൽ രാഷ്ട്രീയമില്ല. പി.ജെ.യ്ക് ഉള്ളൊന്നു തണുത്തു. പക്ഷേ, സമ്പൂർണ ആശ്വാസം. അതിന് സമയമായിട്ടില്ല. കൂടയിൽനിന്ന് കൊഴിച്ചിലുണ്ട്. അറയ്കൽ ബാലകൃഷ്ണപിള്ള, വി.സി. ചാണ്ടി... അങ്ങനെ ചിലർ കൂടാരം വിട്ടിറങ്ങുന്നു. 77-ൽ സാക്ഷാൽ ആർ. ബാലകൃഷ്ണപിള്ള തുടക്കമിട്ട പിളർപ്പെന്ന മഹാമാരിക്ക് വാക്സിൻ ലഭ്യമല്ല. നഷ്ടം ജോസഫിന് മാത്രമല്ല. പി.എം. മാത്യു, ഒരു സന്ധ്യയ്ക് ഫ്രാൻസിസ് ജോർജിന്റെ വേദിയിലെത്തിയതോടെ ജോമോനും നൊന്തു. പണ്ടേ ആള് സജീവമല്ലെന്ന് സ്റ്റീഫൻ ജോർജ്. എങ്കിൽ പുറത്താക്കാഞ്ഞതെന്തെന്ന് മാത്യു. സ്കഡിന് പേട്രിയറ്റ് മറുപടി.
രാജിയുടെ കുഴിമിന്നികൾ വാരിവിതറുമ്പോൾ കോട്ടയത്തിന്റെ ആകാശത്തുനോക്കി കഴുത്തുവേദനിക്കുന്നു എന്നായി രാഷ്ട്രീയനിരീക്ഷകരുടെ പരാതി. സ്പോണ്ടിലൈറ്റിസ് ഉള്ളവർക്ക് ആകാശദൃശ്യം ഒഴിവാക്കി ജോസ് കെ. മാണിയും തോമസ് ചാഴികാടനും രാഷ്ട്രീയമൈതാനത്ത് ചില വിനോദങ്ങളൊരുക്കി. കേരളാ കോൺഗ്രസുകളുടെ കാവിലെ പാട്ടുത്സവത്തിൽ കാണിയായിപ്പോലുമില്ലാത്ത രാഹുൽഗാന്ധിയെ തിരുനക്കരയിലേക്ക് വിളിച്ചിറക്കി. മാമൻ നാളെവരും, പുത്തനുടുപ്പ് കൊണ്ടുവരും എന്നമട്ടിൽ ചാഴികാടൻ ഒരു കാച്ച് കാച്ചി. രാഹുൽ നാളെ കോട്ടയത്ത് വരും. എനിക്കെതിരേ ഒന്നും പറയില്ല. ഞാൻ അഞ്ചുവർഷം അദ്ദേഹത്തെ പിന്തുണച്ചു. ഇനിയും പിന്തുണയ്കും.
തിരുവഞ്ചൂർ രാധാകൃഷ്ണനൊക്കെ ഞെട്ടിപ്പോയി. ചാഴികാടൻ സത്യത്തിൽ ഏത് മുന്നണിയിലാ. രാഹുലിനെക്കുറിച്ച് ഞങ്ങൾപോലും ഇത്രനന്നായി പാടിയിട്ടില്ല. കേൾക്കട്ടെ എന്നമട്ടിൽ നിൽക്കവെ പഞ്ചമം മുതലങ്ങോട്ട് ജോസ് കെ. മാണി പാടി. ചാഴികാടൻ ഏതാ മുന്നണി. ഇന്ത്യമുന്നണി. രാഹുൽ ആരുടെ നേതാവ്. ഇന്ത്യമുന്നണിയുടെ. കോട്ടയത്ത് രാഹുൽ, ഫ്രാൻസിസ് ജോർജിന്റെ പേര് മറന്നതാണോ എന്നൊക്കെയായി. മുഖ്യമന്ത്രി രാഹുൽഗാന്ധിക്കെതിരേ ശരമാരി പെയ്യിക്കുമ്പോൾ ഇതാ കോട്ടയത്ത് ഇടത് ആവനാഴിയിൽനിന്നൊരു പൂവമ്പ്.
അല്ലെങ്കിൽത്തന്നെ ഇതിൽവല്ലതും അദ്‌ഭുതപ്പെടാനുണ്ടോ. 80-ൽ കെ.എം. മാണി നായനാർക്കൊപ്പം. 83-ൽ കരുണാകരനൊപ്പം. ഇ.എം.എസിന്റെ വിളികേട്ട് പി.ജെ. പോയപ്പോൾ കരുണാകരൻ ഞെട്ടിയോ. ഇല്ലല്ലോ. നാളെ വരാനുള്ളവരുടെ പോക്ക് എന്നമട്ടിൽ നിന്നില്ലേ. 2010-ൽ മാണിയും ജോസഫും ഒന്നായില്ലേ. കിരീടവും ചെങ്കോലും വിട്ടിറങ്ങിവരുംപോലെ ഐക്യത്തിനുവേണ്ടി പി.ജെ. മന്ത്രിപദം ഒഴിഞ്ഞില്ലേ. 2019-ലെ ഒരു സായാഹ്നത്തിൽ ജോമോനോട് സലാംപറഞ്ഞ് പി.ജെ. രണ്ടിലയുമായി തൊടുപുഴയ്ക് പോയില്ലേ. സുപ്രീംകോടതിവരെ പോയി ജോമോൻ ആ രണ്ടില തിരികെവാങ്ങിയില്ലേ.
2020-ൽ ഉമ്മൻചാണ്ടിയുടെ കണ്ണുതെറ്റിയനേരത്ത് ബെന്നി ബെഹന്നാൻ ജോമോന് റെഡ് കാർഡ് നൽകുമ്പോൾ, വയസ്കരക്കുന്നിലെ മന്ദിരത്തിനുമുന്നിൽ ജോമോൻ നിന്നിരുന്നു. ആ ദശാസന്ധിയിൽ കൈപിടിച്ച് എ.കെ.ജി. മന്ദിരത്തിലേക്ക് വാസവൻ നടത്തിയില്ലേ. ഇത്രേയുള്ളൂ. മുന്നണി മൂന്നും നല്ലതാണ്. നമുക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പാർട്ടികൾക്കും ജനങ്ങൾക്കും.
Content Highlights: kottayam loksabha election thomas chazhikdan saji manjakadambil francis george kerala congress