വാരാണസിയിലെ കാഴ്ചകൾക്കുപിന്നിൽ

ഘാട്ടുകളുടെ പരിസരത്തെ ഒരു ചായക്കടക്കാരൻ വാരാണസിയിലെ തന്റെ രാഷ്ട്രീയനയം ഇപ്രകാരം വിളമ്പി: 'പത്തുവർഷം ജനം സ്‌നേഹംകൊടുത്തില്ലേ, ഇനി മോദി മാറട്ടെ. ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.' മുറുക്കാനും പാനും വിൽക്കുന്ന മറ്റൊരു കച്ചവടക്കാരന് ഉള്ളിൽ ധാർമികരോഷമാണ്: 'ഇവിടെ നിങ്ങളെന്താണ് കാണുന്നത്. സൗകര്യങ്ങളൊന്നും കാര്യമായി വന്നിട്ടില്ല. വൻകിടക്കാരെ കണ്ടുള്ള വികസനമാണ് ഇവിടെ നടക്കുന്നത്. സാധാരണജനങ്ങൾക്ക് ഒന്നുമില്ല.' ബി.ജെ.പി. ആരവങ്ങൾക്കിടെ ഇങ്ങനെയുള്ള വിലയിരുത്തലുകളും വാരാണസിയിൽ കനക്കുന്നുണ്ട്. പക്ഷേ, വാരാണസിയിലെത്തുന്ന തീർഥാടകടൂറിസ്റ്റുകളുടെ എണ്ണം അനുദിനം കൂടിവരുന്നത് കാണാതിരിക്കാനാവില്ല.
പകൽവെളിച്ചം വീണുതുടങ്ങുമ്പോൾതൊട്ട് കാശി വിശ്വനാഥക്ഷേത്രത്തിലേക്ക് ലക്ഷ്യംവെക്കുന്ന ഒട്ടേറെ ഗലികളിലൂടെയുള്ള തീർഥാടക ഒഴുക്ക് ആരംഭിക്കുകയായി. പകൽ അല്പം കടുക്കുമ്പോഴേക്കും ഈ ഒഴുക്കിന് ശക്തികൂടും. അതൊരു മഹാസമുദ്രമാകും. ക്ഷേത്രത്തിന്റെ ഒരുവശത്തായി ഗംഗ ഒഴുകുന്നു. അതിന്റെ തീരത്തായി ഒട്ടേറെ ഘാട്ടുകൾ. ഈ ഘാട്ടുകളിൽ പിതൃമോക്ഷപൂജകൾക്കും വഴിപാടുകൾക്കുമൊക്കെയായി ആളുകളുടെ നീണ്ടനിര. ഇവയോടുചേർന്ന് ഒട്ടേറെ കച്ചവടക്കാർ. ചായവിൽപ്പനക്കാരും കരിക്ക് വിൽക്കുന്നവരും പാൻവിൽപ്പനക്കാരും നിരന്നുനിൽക്കുന്ന വഴിത്താരകൾ. റോഡുകളിലാണെങ്കിൽ എങ്ങും വാഹനത്തിരക്കിന്റെ വീർപ്പുമുട്ടൽ.
സന്ധ്യയായാൽ വാരാണസി നഗരം വെട്ടിത്തിളങ്ങും. എങ്ങും വർണവെളിച്ചം. കടലിലെ തിരമാലപോലെ ഇരമ്പിയെത്തുന്ന ജനക്കൂട്ടം. ദശാശ്വേധ് ഘട്ടിൽ നടക്കുന്ന ഗംഗാ ആരതി കാണാൻ ജനങ്ങൾ തിക്കിത്തിരക്കുന്നു. ഗംഗയിൽ ബോട്ടിലിരുന്ന് ആരതി ദർശിക്കാനുള്ള സൗകര്യവുമുണ്ട് ഇപ്പോൾ വാരാണസിയിൽ. ഇതെല്ലാം കഴിഞ്ഞ പത്തുവർഷത്തിനിടെ സംഭവിച്ചതുതന്നെ. മധ്യ, ഇടത്തരം ജനതയെ ആകർഷിക്കുന്ന ഘടകങ്ങൾ. വാണിജ്യവത്കരണം വർധിച്ചത് ചില കച്ചവടക്കാർക്കെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ബനാറസിലെയും വാരാണസി കാന്റിലെയുമെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങൾ കൂടി. പക്ഷേ, കാശിയിലെയും ബനാറസിലെയും സാധാരണക്കാരന്റെ ജീവിതം ഇന്നും മാറ്റമില്ലാതെ തുടരുന്നെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തൽ. ഇടുങ്ങിയ ഗലികൾ, അവിടവിടെയായി തുറന്നുകിടക്കുന്ന ഓടകളിലൂടെ പുറത്തേക്കൊലിക്കുന്ന മലിനജലം. ഇതെല്ലാം വാരാണസിയിലെ കാഴ്ചതന്നെ.
'ഇത്തവണ ജനങ്ങളാകെ നിരാശയിലാണ്. പ്രധാനമന്ത്രിയായുള്ള മോദിജിയുടെ പത്തുവർഷംകൊണ്ട് ഇവിടെയൊന്നും നടന്നില്ല. ഇവിടെ കുടിക്കാൻ വെള്ളമില്ല. നഗരമാകെ ഗതാഗതക്കുരുക്കാണ്. തൊഴിലില്ലായ്മ രൂക്ഷം. സാധാരണജനങ്ങളെ കണ്ടുള്ള വികസനമൊന്നും ഇവിടെ നടന്നിട്ടില്ല. വലിയ സ്വപ്നങ്ങൾ മോദിജി അവർക്ക് നൽകി. ഒന്നുംനടക്കാത്തതിൽ ജനമാകെ നിരാശരും. അതിനാലവർ മാറിച്ചിന്തിക്കുന്നു' -വാരാണസി ക്ഷേത്രപരിസരത്തെ ലൗരബിറിനടുത്തുള്ള ഹത്വമാർക്കറ്റിനോട് ചേർന്നുള്ള വീട്ടിൽവെച്ച് പി.സി.സി. അധ്യക്ഷൻ അജയ് റായ് മാതൃഭൂമിയോട് പറഞ്ഞു.
അജയ് റായിക്ക് മറുപടി നൽകിയത് ബി.ജെ.പി.യുടെ വാരാണസി ജില്ലാ അധ്യക്ഷൻ ഹൻസ് രാജ് വിശ്വകർമയാണ്: 'ജനങ്ങളെല്ലാം കാണുന്നുണ്ട്. ഒരു പ്രവൃത്തിയും നടക്കുന്നില്ലെങ്കിൽ അവരെന്തിന് മോദിജിയെ തുടർച്ചയായി വിജയിപ്പിക്കണം. കഴിഞ്ഞ പത്തുവർഷമായി വാരാണസിയുടെ മുഖച്ഛായ മോദിജി മാറ്റിയെടുത്തു. എല്ലാസൗകര്യവുമൊരുക്കുമ്പോൾ ജനം ആരെ തിരഞ്ഞെടുക്കണം. ബാബാ വിശ്വനാഥന്റെ മണ്ണിൽ കള്ളംപറയരുത്. ഒട്ടേറെ നല്ല റോഡുകൾ വന്നില്ലേ. റിങ് റോഡുകൾ വന്നില്ലേ. മുഴുവൻസമയം വൈദ്യുതി കിട്ടിത്തുടങ്ങിയില്ലേ. രാഹുലും സോണിയയും പ്രിയങ്കയുമൊക്കെ പറയുന്നുണ്ട്, ഇവിടെയൊന്നുമില്ലെന്ന്. അവരിവിടെ വന്ന് കാണട്ടെ. എന്നിട്ട് പറയട്ടെ. അജയ് റായ് ഇവിടെ താമസിക്കുന്നയാളാണല്ലോ, അദ്ദേഹം ഇതൊന്നും കാണുന്നില്ലെങ്കിൽ എന്തുചെയ്യാനാണ്' -അദ്ദേഹം പറഞ്ഞു.
2009-ൽ വിജയിച്ച മുരളീ മനോഹർ ജോഷിയിൽനിന്ന് ബാറ്റൺ ഏറ്റെടുത്താണ് 2014 മുതൽ ഇങ്ങോട്ട് ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയിൽ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ൽ 4.8ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം.
2009 മുതൽ ഇങ്ങോട്ട് ബി.ജെ.പി.യുടെ എതിരാളിയാണ് മുൻ ആർ.എസ്.എസ്. പ്രവർത്തകൻകൂടിയായ അജയ് റായ് വാരാണസിയിൽ. 2009-ൽ അദ്ദേഹം സമാജ്വാദി പാർട്ടി സ്ഥാനാർഥിയായിരുന്നു. 2014-ലും 19-ലും മോദിക്കെതിരേ കോൺഗ്രസിന്റെയും. മൂന്ന് തിരഞ്ഞെടുപ്പുകളിലും പക്ഷേ, മൂന്നാംസ്ഥാനത്തായി.
ഇത്തവണ മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്നാണ് ബി.ജെ.പി.ക്കാരുടെ അവകാശവാദം. അജയ് റായ് ഇത്തവണ മത്സരിക്കുന്നത് എസ്.പി.യും കോൺഗ്രസും ചേർന്നുള്ള സഖ്യത്തിന്റെ പ്രതിനിധിയായാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായ സ്ഥിതിയാണിത്. 2019-ൽ ബി.എസ്.പി. സഖ്യത്തിൽ മത്സരിച്ച എസ്.പി. സ്ഥാനാർഥി രണ്ടാമതെത്തി. ബി.എസ്.പി. തനിച്ച് മത്സരിക്കുമ്പോൾ മറ്റിടങ്ങളിലെപ്പോലെ വാരാണസിയിലും എന്ത് സംഭവിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അവസാനഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിലെ വോട്ടെടുപ്പെങ്കിലും വൻവിജയമുറപ്പാക്കാൻ ബി.ജെ.പി. സജീവമായ അണിയറപ്രവർത്തനത്തിലാണ്. 160 ബൂത്ത് കമ്മിറ്റികളെ മോദി സംബോധനചെയ്യാൻ ഉടനെത്തുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയിലെ ചന്ദ്രശേഖർ നേടിയ 66.22 ശതമാനം വോട്ടുകഴിഞ്ഞാൽ വാരാണസി മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുനില സ്വന്തമാക്കിയത് 2019-ൽ മോദിയാണ്. 63.62 ശതമാനം. 2009 മുതലിങ്ങോട്ട് ബി.ജെ.പി.ക്ക് ഇവിടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അതിനുമുമ്പ് 1991 മുതൽ 99 വരെയും തുടർച്ചയായി ബി.ജെ.പി. ഇവിടെ വിജയിച്ചിട്ടുണ്ട്. 2004-ൽ വീണ്ടും കോൺഗ്രസ്. അജയ് റായ് പി.സി.സി. അധ്യക്ഷനായശേഷം ഏറ്റുമുട്ടുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുണ്ട് ഇക്കുറി. കഴിഞ്ഞവർഷമാണ് അദ്ദേഹം അധ്യക്ഷനായത്. മൂന്നുലക്ഷം ബ്രാഹ്‌മിൺ, 1.5 ലക്ഷം ഭൂമിഹാർ എന്നിവർ കഴിഞ്ഞാൽ രണ്ടുലക്ഷത്തിലധികംവീതം വരുന്ന കുർമികളും വൈശ്യരും ഒരുലക്ഷത്തിലധികം വരുന്ന പട്ടികജാതിക്കാരും അത്രത്തോളംതന്നെയുള്ള യാദവരുമുണ്ട് വാരാണസിയിൽ. മുസ്ലിങ്ങളും യാദവേതര ഒ.ബി.സി.ക്കാരും വരും മൂന്നുലക്ഷംവീതം.
Content Highlights: lok sabha election 2024