തുടരുമോ തരൂര്‍...

തിരുവനന്തപുരത്തുനിന്ന് തുടര്‍ച്ചയായി മൂന്നുതവണ തുടര്‍ച്ചയായി പാര്‍ലമെന്റിലെത്തിയ ശശിതരൂരിനെ ഇവിടത്തെ വോട്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി എടുത്തുയര്‍ത്തുമോ എന്നതാണ് അറിയേണ്ടത്. വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ വായിക്കുക.
എസ്.എൻ. ജയപ്രകാശ്
നീളൻവാക്കുകൾകൊണ്ട് അമ്മാനമാടുന്ന ശശി തരൂർ അത്തരം വാക്കുകൾ പരിചയപ്പെടുത്താൻ എഴുതിയ പുസ്തകത്തിന് പേരിട്ടത് ‘തരൂരൊസോറസ് എന്നാണ്. ഏതോ ദിനോസറിന്റെ പേരാണെന്നുതോന്നും. നീളൻവാക്കുകൾ ഇഷ്ടപ്പെടുന്ന വംശനാശം വന്നുകൊണ്ടിരിക്കുന്ന പുരാതനജീവിയായി അദ്ദേഹം തെന്നത്തന്നെ സങ്കല്പിച്ചിട്ടുണ്ടാവാം. മോദിഭരണത്തെ കളിയാക്കാൻ തരൂർ പ്രചരിപ്പിച്ചതാണ് ‘ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ’ എന്ന വാക്ക്. കഴമ്പില്ലാത്തത് എന്ന് ലളിതമായി അർഥം പറയാം. 2019-ൽ തരൂരിന്റെ പ്രചാരണത്തെയും ഇങ്ങനെ കളിയാക്കിയവരുണ്ട്. അന്നും പാർട്ടിയിൽ സൗന്ദര്യപ്പിണക്കങ്ങളുണ്ടായിരുന്നു. തരൂർ പലതും പറഞ്ഞ് കുടുങ്ങുകയുംചെയ്തു. പ്രചാരണത്തിനിടെ, പിറന്നാൾദിനത്തിൽ അമ്പലത്തിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയ്ക്ക് പരിക്കേറ്റതിനാൽ ഏതാനുംദിവസം വീട്ടിലിരിക്കേണ്ടിയും വന്നു. കുഴഞ്ഞുമറിഞ്ഞ് അസ്വസ്ഥതകളുടെ ഘോഷയാത്രയായിരുന്നു ആ പ്രചാരണകാലം. തരൂരിന്റ ഭാഷയിൽ ‘ഫരാഗോ’. എന്നുപറയാവുന്ന അവസ്ഥ. എന്നിട്ടും തരൂർ ജയിച്ചു. ലക്ഷത്തിന് തൊട്ടടുത്ത ഭൂരിപക്ഷത്തിന്.
ഇത്തവണയും തുടങ്ങിയിട്ടുണ്ട് ഹിലിപിലിഫിക്കേഷനും ഫരാഗോയുമൊക്കെ. പരസ്പരം പരാതികൾ ചുരുട്ടി എറിയുകയാണ് ശശി തരൂരും ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും. രാജീവും കൂട്ടരും പണംകൊടുത്ത് വോട്ടുപടിക്കുകയാണെന്ന് തരൂർ. മൂന്നാംകിടരാഷ്ട്രീയം കളിക്കാതെ ആരോപണം തെളിയിക്കാൻ രാജീവിന്റെ വെല്ലുവിളി. പറഞ്ഞത് പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ തരൂരിനെതിരേ നിയമനപടിയെന്ന് ഭീഷണി. രാജീവ് കേന്ദ്രമന്ത്രിപദം ദുരുപയോഗം ചെയ്യുകയാണെന്ന് തരൂരും ഒപ്പം എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും. തരൂർ പാഴാക്കിയ വികസനവർഷങ്ങളെപ്പറ്റി സംവാദത്തിന് തയ്യാറുണ്ടോ എന്ന് രാജീവ്. സംവാദത്തിന് തരൂർ തയ്യാറാണ്. പക്ഷേ, നിബന്ധനയുണ്ട്. വികസനത്തിനൊപ്പം രാഷ്ട്രീയം പറയണം. തൊഴിലില്ലായ്മയെക്കുറിച്ച്, അഴിമതിയെക്കുറിച്ച് ,വർഗീയതയെക്കുറിച്ച്, ബി.ജെ.പി.യുടെ പത്തുവർഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പറയണം. നീണ്ട അജൻഡയാണ് തരൂർ രാജീവിനുമുന്നിൽ വെച്ചിരിക്കുന്നത്. തരൂർ ഒളിച്ചോടുകയാണെന്ന് രാജീവ്. ആരാണ് ഒളിച്ചോടുന്നതെന്ന് ജനത്തിനറിയാമെന്ന് തരൂർ. സംവാദം നടന്നാലും നടന്നില്ലെങ്കിലും പ്രചാരണം കൊണ്ടുപിടിച്ച് മുന്നേറുകയാണ്.
ആരാധനയുടെ ആ മാന്ത്രികവടി വീശി തരൂരിനെ തങ്ങളുടെ അഭിമാനമായി തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കൽക്കൂടി എടുത്തയുർത്തുമോ എന്നതാണ് ചോദ്യം. വേനൽ പതിവില്ലാത്തവിധം കടുത്തതുപോലെ മത്സരവും കടുത്തിരിക്കുന്നു. ആദ്യമായാണ് തരൂർ ഒരു ‘ഹെവിവെയ്റ്റ്’ സ്ഥാനാർഥിയെ നേരിടുന്നത്. അതിന്റെ കോലാഹലങ്ങളെല്ലാം പ്രചാരണത്തിൽ കാണുന്നുമുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുവേണ്ടി കാടിളക്കിയാണ് ബി.ജെ.പി.യുടെ പ്രചാരണം. തൂണിലും തുരുമ്പിലുംവരെ രാജീവിന്റെ പേര് കൊത്തിക്കഴിഞ്ഞു.
എൽ.ഡി.എഫിൽനിന്ന് മത്സരരംഗത്തുള്ള ജനകീയനായ പന്ന്യൻ രവീന്ദ്രന് വോട്ടുറപ്പിക്കാൻ അവരും മണ്ഡലത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്നുണ്ട്. പ്രാദേശികപ്രശ്നങ്ങൾക്ക് പ്രചാരണവേദിയിൽ പ്രതീക്ഷിച്ചപോലെ ഊറ്റം പോരാ. ബി.ജെ.പി.യുടെ നിലപാടുകളെ കണിശമായാണ് യു.ഡി.എഫും എൽ.ഡി.എഫും ചോദ്യംചെയ്യുന്നത്. ഒരിക്കൽക്കൂടി നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ ഇനിയൊരു തിരഞ്ഞെടുപ്പുണ്ടാകുമോയെന്ന ചോദ്യം ഈ കവലയിൽ യു.ഡി.എഫ്. ഉയർത്തും. ആ കവലയിൽ എൽ.ഡി.എഫും അതുതന്നെ ചോദിക്കും. അതിന് രാഷ്ട്രീയമായ മറുപടി നൽകുന്നതിലല്ല ബി.ജെ.പി.യുടെ ശ്രദ്ധ. പകരം വികസനപ്രശ്നങ്ങളും കേന്ദ്രസർക്കാർ പദ്ധതികളുമാണ് അവരുടെ ആയുധം.
മണ്ഡലത്തിൽ നിർണായകസ്വാധീനമുള്ള സി.എസ്.ഐ. സഭയുടെ മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഭാര്യ ഷെർലി റസാലം പരമരഹസ്യമായി നാമനിർദേശപത്രിക നൽകിയപ്പോൾ വിശ്വാസികൾക്കൊപ്പം രാഷ്ട്രീയക്കാരും ഞെട്ടി. പക്ഷേ, പത്രിക തള്ളിപ്പോയി. നാടാർവോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രമായിരുന്നു ഷെർലിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ. അത് തുടക്കത്തിലേ പാളിപ്പോയെന്നുമാത്രം. സാമ്പത്തികാരോപണങ്ങളിൽ ധർമരാജ് റസാലം ഇ.ഡിയുടെ അന്വേഷണം നേരിട്ടിരുന്നു. യൂത്ത് കോൺഗ്രസിന്റെ ഒരു സംസ്ഥാനസെക്രട്ടറിയും ഇതേ സമുദായത്തെക്കുറിച്ചുള്ള അവകാശങ്ങളോടെ മത്സരരംഗത്തുണ്ട്.
തിരുവനന്തപുരത്തെ തീരദേശത്തെ വോട്ടിന് പത്തരമാറ്റ് തിളക്കമുണ്ട്. ജയപരാജയങ്ങൾ നിർണയിക്കാൻ പോന്നതാണ് തീരദേശത്തിന്റെ വിധിയെഴുത്ത്. അതിനാൽ തിരകളോട് മല്ലിടുന്നതിനെക്കാൾ വീറോടെയാണ് ഇവിടെ ബി.ജെ.പി. വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവെക്കണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യത്തെ പിന്തുണയ്ക്കാത്ത തരൂരിനെ സഭ തള്ളുമെന്നായിരുന്നു പ്രതിയോഗികൾ തുടക്കത്തിൽ മോഹിച്ചത്. തരൂരിനെക്കുറിച്ച് സഭ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. എന്നാൽ, ബി.ജെ.പി.യുടെ രാഷ്ട്രീയനിലപാടുകളെ സഭ പരസ്യമായി തള്ളിപ്പറഞ്ഞു.
മുമ്പ് തരൂരിനെ പിന്തുണച്ചിരുന്ന വാണിജ്യ-വ്യവസായ രംഗത്തെയും മറ്റു മേഖലകളിലെയും മേൽത്തട്ടുകാരിൽ ഒരുവിഭാഗം പല കാരണങ്ങളാൽ തങ്ങളുടെ പിന്നാലെയാണെന്ന് ബി.ജെ.പി. കരുതുന്നു. ആദ്യവരവിൽ തരൂരിനെ അവതരിപ്പിച്ച മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഇന്ന് രാജീവിന്റെ പ്രചാരണത്തെ ആശിർവദിച്ച് മുന്നിലുണ്ട്. ഈ വിഭാഗത്തിലെ ചോർച്ച തരൂർ ക്യാമ്പും മനസ്സിലാക്കുന്നുണ്ട്. എങ്കിലും തരൂർ തങ്ങളുടെ എം.പി.യാണെന്ന് പറയുന്നതിൽ അഭിമാനംകൊള്ളുന്ന ചെറുപ്പക്കാർ ഒപ്പമുണ്ടെങ്കിൽ പേടിക്കാനില്ലെന്ന് തരൂർ കരുതുന്നു. വോട്ടുതേടി തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയ തരൂരിനെ അഫ്‌ന നാസർ എന്ന വിദ്യാർഥി ഞെട്ടിച്ചത് 182 അക്ഷരങ്ങളുള്ള വാക്കുമായാണ്. തരൂർ അന്നുവരെ കേട്ടിട്ടില്ലാത്ത വാക്ക്. ഇനിയും ജയിച്ചുജയിച്ച് തന്റെ പാർലമെന്ററി ജീവിതത്തിന് നീളംകൂട്ടി ഞെട്ടിക്കാൻ തരൂർ കൊതിക്കുമ്പോൾ തിരുവനന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ അദ്ദേഹത്തെ ദിനോസറാക്കാനാണ് എതിരാളികൾക്ക് മോഹം.
Content Highlights: election epaper mathrubhumi