മരണം, വിധി, തട്ടിപ്പ്- സി.പി.എമ്മിനെ വേട്ടയാടി വിവാദങ്ങള്‍

ഒരു മരണം, ഒരു കൊലക്കേസ് വിധി, ഒരു സഹകരണ ബാങ്ക് തട്ടിപ്പ്. തിരഞ്ഞെടുപ്പിൽ ഇവ ചർച്ചയാവാതെ നോക്കാൻ സി.പി.എം. പരമാവധി ശ്രമിക്കുമ്പോഴും അവരെ വിടാതെ പിന്തുടരുകയാണ് ഈ മൂന്നു വിവാദങ്ങൾ. വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ ആത്മഹത്യ, കാസര്‍കോട്ട് മദ്രസ അധ്യാപകൻ റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെവിട്ട കോടതി വിധി, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ നടപടികൾ എന്നിവയ്ക്കാണ് തിരഞ്ഞെടുപ്പിനിടെ സി.പി.എം. ഉത്തരം പറയേണ്ടിവരുന്നത്. പൗരത്വപ്രശ്നം മുന്നിൽ നിർത്തി ഈ തിരഞ്ഞെടുപ്പ് നേരിടാനുള്ള അവരുടെ നീക്കങ്ങൾക്കാണ് ഇതു തിരിച്ചടിയാവുന്നത്.
ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നീളുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ്. പ്രോസിക്യൂഷന്റെ പരാജയമാണ് മദ്രസ അധ്യാപകന്റെ കൊലക്കേസ് പ്രതികളെ വെറുതേവിടാൻ കാരണമായതെന്നും ഇത് ബി.ജെ.പി.യുമായുള്ള അന്തർധാരയുടെ ഫലമാണെന്നുമുള്ള ആരോപണം ഉയർന്നതും, ന്യൂനപക്ഷ വോട്ടുകളിൽ കണ്ണുവെച്ചിരിക്കുന്ന സി.പി.എം. ഒട്ടും ആഗ്രഹിക്കാത്ത സമയത്താണ്. 150 കോടി രൂപയുടെ തട്ടിപ്പ് ആരോപണമുയർന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എമ്മിന് അഞ്ചു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ഇ.ഡിയുടെ റിപ്പോർട്ട് ഇരുട്ടടിയുമായി. 'പൗരത്വ നിയമ ഭേദഗതി' എന്ന വജ്രായുധംകൊണ്ട് ഈ ചക്രവ്യൂഹത്തെ ഭേദിക്കാൻ സി.പി.എമ്മിന് ആവമോ എന്നത് ജൂൺ 4-ന് അറിയാം. ഈ മൂന്നു വിവാദങ്ങളിൽ പാർട്ടി നേരിടുന്ന ചോദ്യങ്ങളും പാർട്ടിയുടെ ന്യായീകരണവും:
എന്നുവരും സി.ബി.ഐ.
സിദ്ധാർഥന്റെ മരണം തിരഞ്ഞെടുപ്പ് ചർച്ച ആവാതിരിക്കാനാണ് തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടത്. സിദ്ധാർഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കേസ് ഇതുവരെ സി.ബി.ഐ. ഏറ്റെടുത്തിട്ടില്ല. കേസ് സി. ബി.ഐ. ഏറ്റെടുക്കാത്തത് സി പി എമ്മിന്റെ കള്ളക്കളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിനിടെ, ഗവർണർ അന്വേഷണക്കമ്മിഷനെ നിയമിച്ചതും സർക്കാരിന് പ്രഹരമായി. സർക്കാറിനെതിരേ സിദ്ധാർഥന്റെ അച്ഛൻ സമരം പ്രഖ്യാപിച്ചതോടെ സർക്കാരും പാർട്ടിയും വെട്ടിലായി.
ന്യായീകരണം: സർക്കാർ തന്നെ ആവശ്യപ്പെട്ടതാണ് സി.ബി.ഐ അന്വേഷണം. നടപടികളിൽ വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്തു. എസ്.എഫ്.ഐക്കാർ പ്രതിപ്പട്ടികയിൽ ഉണ്ടെങ്കിലും ആരെയും സംരക്ഷിക്കുന്ന നിലപാട് സി.പി.എം. കൈക്കൊണ്ടിട്ടില്ല.
വീഴ്ച: അന്വേഷണം സി.ബി.ഐയ്ക്കു വിട്ടെങ്കിലും നടപടികൾ വൈകിച്ചു. സർവകലാശാലയിൽ ഇടപെടുന്നതിലും അലംഭാവം.
ഇടിത്തീപോലെ ഒരു വിധി
ആർ.എസ്.എസുകാരാണ് പ്രതികളെന്ന് ആരോപിക്കപ്പെട്ടതാണ് മൗലവി കൊലക്കേസ്. തെളിവില്ലാത്തതിനാൽ മൂന്നു പേരെയും വെറുതേ വിടാനാണ് കോടതിവിധി. അന്വേഷണം കൃത്യമായിരുന്നില്ലെന്ന് മൗലവിയുടെ സാഹോദരൻ ആരോപിക്കുന്നു. സംഘപരിവാർ-സി.പി.എം. ബാന്ധവം പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയെന്ന് പ്രതിപക്ഷം.
ന്യായീകരണം: പോലീസും പ്രോസിക്യൂഷനും ജാഗ്രതയോടെ പ്രവർത്തിച്ചു. കേസിലെ കണ്ടെത്തലുകൾ വിധിന്യായത്തിൽ പ്രതിഫലിച്ചില്ല.
വീഴ്ച: സാമുദായികവിരോധത്തിലാണ് കൊലയെന്നും വർഗീയസംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറഞ്ഞെങ്കിലും പ്രതികൾ ആർ.എസ്.എസ്സാണെന്നു തെളിയിക്കാനായില്ല. പ്രതിയുടെ ഷർട്ട് ഡി.എൻ.എ. സാംപിളുമായി ഒത്തുനോക്കൽ, മൗലവിയുടെ മുറിയിൽ കണ്ടെടുത്ത ഫോണും സിം കാർഡും പരിശോധിക്കൽ, അവസാനം മൗലവി വിളിച്ചവരെ കണ്ടെത്തൽ എന്നീ അടിസ്ഥാനകാര്യങ്ങളിൽപ്പോലും വീഴ്ച.
കുരുക്കായി കരുവന്നൂർ
കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡി.റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മിഷൻ, ആർ.ബി.ഐ. എന്നിവയ്ക്കു വിവരങ്ങൾ കൈമാറി. ഇതിനു പിന്നാലെ, സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി. നോട്ടീസുമയച്ചു. പാർട്ടി ഓഫീസുകൾക്കു ഭൂമി വാങ്ങാനും പാർട്ടി ഫണ്ടും ലെവിയും പിരിക്കാൻ രഹസ്യ അക്കൗണ്ടുകൾ ഉപയോഗിച്ചൂവെന്നാണ് ആരോപണം.
ന്യായീകരണം: സി.പി.എമ്മിന് രഹസ്യ അക്കൗണ്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഉണ്ടെങ്കിൽ കണ്ടെത്തട്ടെ. ഇ.ഡിയെ പേടിയില്ല.
വീഴ്ച: സഹകരണ ബാങ്കിൽ അക്കൗണ്ടു തുറക്കാനുള്ള വ്യവസ്ഥകൾ പാലിച്ചില്ല. വാർഷിക ഓഡിറ്റിൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
Content Highlights: death of sidharthan riyas moulavi case verdict and karuvannur scam loksabha election cpm