ചരൽക്കുന്ന് - രാഷ്ട്രീയത്തിന്റെ ചരടുവലിക്കുന്ന്

ചരൽക്കുന്നിലേക്ക് കേരളം ചങ്കിടിപ്പോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കുന്നിറങ്ങിവരുന്ന വാർത്തകൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അത്രയ്ക്കായിരുന്നു പ്രാധാന്യം. നിർണായകനീക്കങ്ങൾക്കും പിളർപ്പുകൾക്കും മുന്നണിബന്ധം ഉപേക്ഷിക്കലിനും വേദിയായ ചരൽക്കുന്ന് ക്യാമ്പ് സെന്ററിൽ കുറച്ചുകാലമായി പക്ഷേ, രാഷ്ട്രീയക്യാമ്പുകൾക്ക് ഇടവേളയാണ്. മാർത്തോമാ സഭയുടെ ഉടമസ്ഥതയിലുള്ളതാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിലെ ചരൽക്കുന്ന് ക്യാമ്പ് സെന്റർ.
സഭയിലെ വൈദികനായിരുന്ന പുന്നത്തുണ്ടിൽ അച്ചന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്ഥലം. കാലംചെയ്ത മാത്യൂസ് മാർ അത്തനാസിയോസാണ് സ്ഥലത്തിന്റെ മനോഹാരിതകണ്ട് 1940-ൽ സഭയ്ക്കുവേണ്ടി ഇവിടം വിലയ്ക്കുവാങ്ങിയത്. 1946 വരെ തിരുമേനിയുടെ ആസ്ഥാനം ചരൽക്കുന്നായിരുന്നു. 1972-ൽ അന്നത്തെ സഭാ മേലധ്യക്ഷൻ ഡോ. യൂഹോനാൻ മാർത്തോമയാണ് നിലവിലെ ക്യാമ്പ് സെന്റർ കൂദാശ നടത്തിയത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് പ്രദേശം.
എഴുപതുകളുടെ മധ്യത്തിൽ കേരള സർവകലാശാലാ യൂണിയൻ ചെയർമാനായിരുന്ന പീലിപ്പോസ് തോമസാണ് രാഷ്ട്രീയബന്ധമുള്ള ഒരു ക്യാമ്പ് ഇവിടെ ആദ്യമായി സംഘടിപ്പിച്ചത്.
തുടർന്ന് കെ.എസ്.യു., യൂത്ത് കോൺഗ്രസ് ക്യാമ്പുകൾ ചരൽക്കുന്നിലായി. കോൺഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ. ബറുവമുതൽ കെ. കരുണാകരൻ, സി.എം. സ്റ്റീഫൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി, വയലാർ രവി തുടങ്ങി ഇളമുറക്കാർവരെ ചരൽക്കുന്ന് ക്യാമ്പുകളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. വാഹനസൗകര്യം കുറവായിരുന്ന, 90-കളുടെ അവസാനംവരെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്ന പ്രതിനിധികളെ ബസുകളിലാണ് ചരൽക്കുന്നിൽ എത്തിച്ചിരുന്നത്. 1970-കളുടെ അവസാനത്തോടെ ചരൽക്കുന്ന് കേരള കോൺഗ്രസിന്റെ സ്ഥിരം താവളമായി.
ഈ കാലഘട്ടത്തിൽ ചരൽക്കുന്നിൽനടന്ന കെ.എസ്.സി. ക്യാമ്പിനെ തുടർന്നാണ് കേരള കോൺഗ്രസിലെ ശക്തമായ പിളർപ്പുണ്ടായത്. ഇ. ജോൺ ജേക്കബിന്റെ മരണശേഷം മന്ത്രിയാകുമെന്ന് കരുതിയിരുന്ന ഡോ. ജോർജ് മാത്യുവിന് പകരം ടി.എസ്. ജോണിനെ മന്ത്രിയാക്കിയതിന്റെ തർക്കം നിലനിൽക്കെ നടന്ന ക്യാമ്പിന്റെ പതാക ഉയർത്തിയപ്പോൾ കെ.എം. മാണിക്ക് മാത്രം മുദ്രാവാക്യം വിളിച്ചു. ഇതേച്ചൊല്ലി ജോസഫ് വിഭാഗം അസന്തുഷ്ടി പ്രകടിപ്പിച്ചു. ശേഷം ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ തുടങ്ങിയ വാക്കേറ്റം കൈയാങ്കളിയിലും കത്തിക്കുത്തിലുമാണ് അവസാനിച്ചത്. അങ്ങനെ കേരള കോൺഗ്രസിലെ ആദ്യ പിളർപ്പിന് ചരൽക്കുന്ന് സാക്ഷിയായി. പിന്നീട് മാണി ഗ്രൂപ്പ് ചെയർമാനായിരുന്ന ജോർജ് ജെ. മാത്യു എഴുതിയ ‘അനുഭവങ്ങൾ അടിയൊഴുക്കുകൾ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ജോർജ് ജെ. മാത്യുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതും ചരൽക്കുന്ന് ക്യാമ്പിൽവെച്ചാണ്. പിന്നീട് കോൺഗ്രസിൽപ്പോയ ഇദ്ദേഹം ദീർഘകാലം കാഞ്ഞിരപ്പള്ളി എം. എൽ.എ.യുമായി.
കെ.എം. മാണിയുടെ അധ്വാനവർഗസിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതും ചരൽക്കുന്നിൽവെച്ചായിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ജോസ് കെ. മാണിയുടെ രാഷ്ട്രീയരംഗപ്രവേശനത്തിന് കളമൊരുക്കിയതും ചരൽക്കുന്നിലെ മറ്റൊരു ക്യാമ്പിലായിരുന്നു. കെ.എം. മാണിയുമായി അകന്ന പി.സി. തോമസിനെയും മറ്റും പുറത്താക്കാൻ കരുക്കൾ നീക്കിയതിനും ചരൽക്കുന്ന് സാക്ഷ്യംവഹിച്ചു. സ്‌കറിയാ തോമസിനെ ചരൽക്കുന്നിൽവെച്ചും പി.സി. തോമസിനെ കോട്ടയത്തുവെച്ചും പുറത്താക്കി മറ്റൊരു പിളർപ്പിനും ചരൽക്കുന്ന് വേദിയായി. 2016 ഓഗസ്റ്റിൽ 34 വർഷത്തെ യു.ഡി.എഫ്. ബന്ധം ഉപേക്ഷിക്കാൻ മാണി ഗ്രൂപ്പ് തീരുമാനിച്ചതും ചരൽക്കുന്നിൽവെച്ചായിരുന്നു. കെ. കരുണാകരൻ രൂപവത്കരിച്ച ഡി.ഐ.സി.യിൽനിന്ന് വിട്ട് പഴയ ജേക്കബ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ ടി.എം. ജേക്കബ് തീരുമാനിച്ചതും ചരൽക്കുന്നിൽനടന്ന ഡി.ഐ.സി. ക്യാമ്പിനെ തുടർന്നായിരുന്നു. ചരൽക്കുന്നിൽ സി.പി.എം., സി.പി.ഐ. പാർട്ടികൾ പ്രധാന ക്യാമ്പുകൾ ഒന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സോഷ്യലിസ്റ്റ് നേതാക്കളായ എസ്.ആർ. ബൊമ്മെ, എം.പി. വീരേന്ദ്രകുമാർ, അരങ്ങിൽ ശ്രീധരൻ തുടങ്ങിയവരും ചരൽക്കുന്നിൽനടന്ന ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പി., കേരള കോൺഗ്രസ് (ബി), ഡെമോക്രാറ്റിക് കേരള കോൺഗ്രസ് തുടങ്ങിയ ഒട്ടുമിക്ക രാഷ്ട്രീയപ്പാർട്ടികളുടെ കൂട്ടായ്മയ്ക്കും ചരൽക്കുന്ന് വേദിയായിരുന്നു.
Content Highlights: charalkkunnu convention centre and its political importance