ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

അരുൺ ഗോയൽ | ഫോട്ടോ: എ.എൻ.ഐ
അരുൺ ഗോയൽ | ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. 

2022 നവംബർ 21-നായിരുന്നു  മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. 

ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ​ഗോയലിന്റെ രാജികൂടെ വരുന്നതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകൾ രണ്ടായി. സിവിൽ സർവീസിൽനിന്ന് സ്വയം വിരമിച്ച അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയ സംഭവം നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു.  

1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലയും വഹിച്ചിട്ടുണ്ട്.

Content Highlights: Election Commissioner Arun Goel Resigns