അധീറിന്‍റെ മണ്ഡലത്തിൽ യൂസഫ് പഠാൻ, കൃഷ്ണനഗറിൽ മഹുവതന്നെ; സഖ്യമില്ല, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ മഹുവ മൊയ്ത്ര, അഭിഷേക് ബാനര്‍ജി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്ക് പുറമേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും പട്ടികയില്‍ ഇടംപിടിച്ചു.
നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവും സംസ്ഥാന അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി പ്രതിനിധീകരിക്കുന്ന ബെര്‍ഹംപുരിലാണ് യൂസഫ് പഠാന്‍ മത്സരിക്കുക. മഹുവ കൃഷ്ണനഗറില്‍ വീണ്ടും ജനവിധി തേടും. ശത്രുഘ്‌നന്‍ സിന്‍ഹ സിറ്റിങ് സീറ്റായ അസന്‍സോളില്‍തന്നെ മത്സരിക്കും.
മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി അസാദ് ബര്‍ദമാന്‍ ദുര്‍ഗാപുരില്‍ മത്സരിക്കും. നിലവില്‍ ബി.ജെ.പിയുടെ എസ്.എസ്. അലുവാലിയയാണ് ഇവിടുത്തെ എം.പി. ജല്‍പായ്ഗുരിയില്‍ നിര്‍മല്‍ ചന്ദ്ര റോയ് മത്സരിക്കും. ഡാര്‍ജിലിങ്ങില്‍ ഗോപാല്‍ ലാമയും ബരക്പുരില്‍ പാര്‍ഥ ഭൗമിക്കും ഡുംഡുമില്‍ സൗഗത റോയും ബസിര്‍ഹട്ടില്‍ ഹാജി നൂറുല്‍ ഇസ്ലാമും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മത്സരിക്കും. ജാദവ്പുരില്‍ സയോനി ഘോഷാണ് സ്ഥാനാര്‍ഥി. ശ്രീരാംപുരില്‍ കല്യാണ്‍ ബാനര്‍ ജനവിധി തേടും.
സന്ദേശ്ഖലി ഉള്‍പ്പെടുന്ന മണ്ഡലമാണ് ബസിര്‍ഹട്ട്. ഇവിടെ നുസ്‌റത്ത് ജഹാനെ മാറ്റിയാണ് ഹാജി നൂറുല്‍ ഇസ്ലാമിനെ മത്സരിപ്പിക്കുന്നത്. യുവനേതാവും വക്താവുമായ ദേബാന്‍ശുഭട്ടാചാര്യ മത്സരിക്കുന്ന തംലൂകില്‍ മുന്‍ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ ഗാംഗുലി മത്സരിച്ചേക്കുമെന്ന് അവസാനനിമിഷംവരെ അഭ്യൂഹമുണ്ടായിരുന്നു. അഭിഷേക് ബാനര്‍ജി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നത്. തൃണമൂലിന്റെ യുവജന വിഭാഗം അധ്യക്ഷയാണ് സയോനി ഘോഷ്.
ബംഗാളിന് പുറമേ അസമിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കുമത്സരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ എസ്.പിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അതേസമയം, ബംഗാളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള തൃണമൂലിന്റെ നീക്കത്തില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂലുമായി പരസ്പരബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് അത്തരം നീക്കുപോക്കുകള്‍ ഉണ്ടാവേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
Content Highlights: TMC announces candidates for 2024 Lok Sabha elections