'ദ്രോഹിക്കുന്നു, പ്രചാരണം തടസ്സപ്പെടുത്തുന്നു'; സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി മഹുവ

മഹുവ മൊയ്ത്ര, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീലെ സി.ബി.ഐ. റെയ്ഡിനിടെ | Photo: PTI
മഹുവ മൊയ്ത്ര, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീലെ സി.ബി.ഐ. റെയ്ഡിനിടെ | Photo: PTI

കൊല്‍ക്കത്ത: സി.ബി.ഐ. തന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ദ്രോഹിക്കുന്നുവെന്നും ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോക്‌സഭയിലെ ചോദ്യത്തിന് കോഴവാങ്ങിയെന്ന കേസില്‍ മഹുവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ സി.ബി.ഐ. പരിശോധന നടത്തിയതിന് പിന്നാലെയാണ് കത്ത്. മോശം പ്രതിച്ഛായയുണ്ടാക്കാനും പ്രചാരണം തടസ്സപ്പെടുത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു കഴിഞ്ഞദിവസം നാലിടത്ത് ഒരേസമയം നടന്ന പരിശോധനയെന്ന് കത്തില്‍ ആരോപിക്കുന്നു.

കേന്ദ്ര ഏജന്‍സി 'നിയമവിരുദ്ധമായി' പരിശോധന നടത്തിയ ഇടങ്ങളില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി ഓഫീസും ഉള്‍പ്പെടുന്നു. സി.ബി.ഐ. നടപടിയുടെ രീതിയും സമയവും പരിശോധിക്കുമ്പോള്‍, അവര്‍ രാഷ്ട്രീയ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമാവും. മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോ ചട്ടക്കൂടോ അടിയന്തരമായി പുറപ്പെടുവിക്കണമെന്നും മഹുവ കമ്മിഷനോട് ആവശ്യപ്പെട്ടു.

പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍നിന്നുള്ള എം.പിയായിരുന്ന മഹുവയെ, ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയോഗ്യയാക്കിയിരുന്നു. സിറ്റിങ് സീറ്റില്‍ വീണ്ടും മഹുവയെ തൃണമൂല്‍ രംഗത്തിറക്കി. ലോക്പാലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കേസെടുത്ത സി.ബി.ഐ. വ്യാഴാഴ്ച മഹുവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ലോക്പാല്‍ സി.ബി.ഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: Mahua Moitra writes letter to Election commission of India against CBI