അഞ്ചാംഘട്ട പോളിങ്: ബംഗാളിൽ പലയിടത്തും അക്രമം; തൃണമൂൽ ഏജന്റും ബിജെപി എംപിയും തമ്മിൽ വാക്കേറ്റം

ലോക്കറ്റ് ചാറ്റര്‍ജിയും തൃണമൂല്‍ ഏജന്റുമായി വാക്കേറ്റം | Photo: Screen grab/ X: ANI
ലോക്കറ്റ് ചാറ്റര്‍ജിയും തൃണമൂല്‍ ഏജന്റുമായി വാക്കേറ്റം | Photo: Screen grab/ X: ANI

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട പോളിങ്ങിനിടെ പശ്ചിമബംഗാളിലെ വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു. ഉലുബേദിയയില്‍ ബി.ജെ.പി. പ്രദേശിക നേതാവിന്റെ അനന്തരവന് നേരെ കയ്യേറ്റം. സാല്‍കിയയില്‍ സി.പി.എം. ഓഫീസ് ആക്രമിക്കപ്പെട്ടു.

ആരംഭ്ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന് മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബി.ജെ.പി. പ്രാദേശിക നേതാവിന് പരിക്കേറ്റു.

പോളിങ് ബൂത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏജന്റ് വോട്ടുപിടിക്കുന്നുവെന്ന ആരോപണവുമായി ഹൂഗ്ലിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ലോക്കറ്റ് ചാറ്റര്‍ജി രംഗത്തെത്തി. ആശാ വര്‍ക്കര്‍ കൂടിയായ ഏജന്റ് ബൂത്തിനുള്ളില്‍വെച്ച് വോട്ടിന് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. തന്റെ ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്ന് ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു.

അതേസമയം, മറ്റൊരു ബൂത്തില്‍ തൃണമൂല്‍ ബൂത്ത് ഏജന്റ് എന്ന് കരുതുന്ന ഒരാളുമായും ലോക്കറ്റ് ചാറ്റര്‍ജി വാക്കുതര്‍ക്കത്തിലേർപ്പെട്ടു. ഇയാളെ പിന്നീട് ലോക്കറ്റ് ചാറ്റര്‍ജി ബൂത്തില്‍നിന്ന് പുറത്താക്കി.

പശ്ചിമബംഗാളില്‍ ഏഴ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Content Highlights: West Bengal: Violance during polling