ബംഗാളില്‍ ബൂത്ത്‌ സന്ദര്‍ശനത്തിന് വന്ന ബി.ജെ.പി സ്ഥാനാര്‍ഥിയെ ഓടിച്ചു തല്ലി, തൃണമൂലെന്ന് ആരോപണം

മര്‍ദമേറ്റ പ്രണത് ടുഡു | ANI
മര്‍ദമേറ്റ പ്രണത് ടുഡു | ANI

കൊല്‍ക്കത്ത: ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന് പിന്നില്‍ തൃണമൂല്‍ സംഘമാണെന്ന് പ്രണത് ആരോപിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് എ.എന്‍.ഐ യോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നു. പ്രാദേശിക പോലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും  പ്രണത് ആരോപിച്ചു. 

പ്രണതിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്ന് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കി. മധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

2019-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ്  ജാര്‍ഗ്രാം. 2014-ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019-ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു.
 

Content Highlights: bjp candidate from Jhargram Lok Sabha seat Pranat Tudu was attacked