അനിഷ്ടം തോന്നരുതെന്ന് മോദിയോട് പറയണം, മമതയുടെ പ്രഖ്യാപനം അതിനുവേണ്ടി- കോണ്‍ഗ്രസ്

മമതാ ബാനര്‍ജി, അധീര്‍ രഞ്ജന്‍ ചൗധരി| Photo: ANI, PTI
മമതാ ബാനര്‍ജി, അധീര്‍ രഞ്ജന്‍ ചൗധരി| Photo: ANI, PTI

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 42 സീറ്റിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി. ഒരു രാഷ്ട്രീയനേതാവും പാര്‍ട്ടിയും മമത ബാനര്‍ജിയെ വിശ്വസിക്കരുതെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പ്രധാനമന്ത്രി മോദി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനേയോ (ഇ.ഡി) സി.ബി.ഐയേയോ ഓരോ വാതില്‍ക്കലേക്കും അയക്കുമെന്ന് മമത ഭയക്കുകയാണെന്നും അധീര്‍ പറഞ്ഞു.

അധീര്‍ രഞ്ജന്‍ ചൗധരി നിലവില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തില്‍നിന്നുള്ള അദ്ദേഹത്തെ ബംഗാളില്‍ മത്സരിപ്പിക്കുന്നതിനെതിരേയും അധീര്‍ വിമര്‍ശനം ഉന്നയിച്ചു. യൂസഫ് പഠാനെ ആദരിക്കാനായിരുന്നെങ്കില്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കണമായിരുന്നു. അതുമല്ലെങ്കില്‍ ഗുജറാത്തില്‍ പഠാനുവേണ്ടി കോണ്‍ഗ്രസിനോട് ഒരു സീറ്റ് ചോദിച്ചാല്‍ മതിയായിരുന്നു. താന്‍ ബി.ജെ.പിക്കെതിരായ മുന്നണിക്കൊപ്പമില്ലെന്നും തന്നോട് അനിഷ്ടം തോന്നരുതെന്നുമുള്ള സന്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കാനാണ് മമത ശ്രമിക്കുന്നതെന്നും അധീര്‍ കുറ്റപ്പെടുത്തി.

അതേസമയം, ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ തൃണമൂലിന് മുകളില്‍ എന്തുസമ്മര്‍ദമാണ് ഉണ്ടായതെന്ന് തനിക്കറിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. തൃണമൂലുമായി പരസ്പരബഹുമാനത്തോടെയുള്ള സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് അത്തരം നീക്കുപോക്കുകള്‍ ഉണ്ടാവേണ്ടതെന്നും കോണ്‍ഗ്രസ് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.

പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ പലതവണ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. പരമാവധി നീക്കുപോക്കുകളിലൂടെ ഇന്ത്യ സഖ്യമായി തന്നെ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ താത്പര്യം. എന്നാല്‍, ഇടതുപക്ഷവുമായി സഹകരിച്ചു നീങ്ങാനായിരുന്നു സംസ്ഥാന ഘടകത്തിന്റേയും അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേയും ആവശ്യം. ഇതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍നടന്ന റാലിയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Content Highlights: Adhir Ranjan Chowdhury against Trinamool Congress on announcing candidates list