സമരത്തിന് ചുവന്നകൊടി നല്ലതാണ്, പക്ഷേ വോട്ടിന്റെ നേരത്ത് ആ കൊടി മനസില്‍ വരുന്നില്ല- മണിക് സര്‍ക്കാര്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെക്കുറിച്ചാണ് മുതിര്‍ന്ന സി.പി.എം. നേതാവ് മണിക് സര്‍ക്കാര്‍ സംസാരിക്കുന്നത്. കേരളത്തില്‍നിന്ന് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണെന്ന് പറഞ്ഞപ്പോള്‍ മണിക് സര്‍ക്കാരിന്റെ ആദ്യത്തെ ചോദ്യം- ''എവിടെയാണ് തിരഞ്ഞെടുപ്പ്? ഇവിടെയൊരു തിരഞ്ഞെടുപ്പും നടക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ജനങ്ങളെ വോട്ടുചെയ്യാന്‍ ബി.ജെ.പി. അനുവദിക്കുന്നില്ല. അവര്‍ ഇപ്പോള്‍ത്തന്നെ വിജയിയെ നിശ്ചയിച്ചുകഴിഞ്ഞു. ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയൊട്ടാകെ ഈ സാഹചര്യം ആവര്‍ത്തിക്കും. ത്രിപുര ഇന്നൊരു പരീക്ഷണശാലയാണ്. ഫാസിസ്റ്റ് ഭരണത്തിന്റെ യഥാര്‍ഥ പരീക്ഷണശാല.
? 2013-ല്‍ മണിക് സര്‍ക്കാര്‍ അവസാനമായി അധികാരത്തിലേറുമ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകരെ ഇവിടെ കാണാനേയില്ലായിരുന്നു
= കോണ്‍ഗ്രസാണ് അവരെ സഹായിച്ചത്. 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുകിട്ടിയത് അഞ്ചുശതമാനത്തില്‍ താഴെ വോട്ടുകളാണ്. കോണ്‍ഗ്രസിന് 42 ശതമാനവും. 2018-ല്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ 2.5 ശതമാനമായപ്പോള്‍ ബി.ജെ.പിക്ക് 51 ശതമാനം. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പി.യിലേക്കു പോയി. ഞങ്ങളുടെ ആറ്, ഏഴു ശതമാനം വോട്ടുകള്‍ കുറഞ്ഞുവെന്നത് ശരിയാണ്. ഇന്ന് സാഹചര്യം മാറി. ഇന്ന് ബി.ജെ.പി. പൊതുശത്രുവായി മാറിക്കഴിഞ്ഞു
? ആരാണ് ഈ പരിതസ്ഥിതിക്ക് ഉത്തരവാദി
= 2018ല്‍ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തെ പുറത്താക്കാന്‍ ബി.ജെ.പിക്ക് വോട്ടുചെയ്തു. അതു തെറ്റിപ്പോയെന്ന് ഇന്ന് അവര്‍ തിരിച്ചറിയുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാണ് തെറ്റാണെന്നു മനസ്സിലാക്കുന്നത്. അവരില്‍ പലരും അതിലിന്ന് പശ്ചാത്തപിക്കുന്നുണ്ട്.
സി.പി.എമ്മിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിന് കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ സി.പി.എമ്മിന് കൈമാറുന്നില്ല
എന്തുചെയ്യാന്‍ പറ്റും. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്- ഞങ്ങളുടെ വോട്ടുകള്‍ നിങ്ങള്‍ക്കു കൈമാറുമെന്ന് ഒരുറപ്പും നല്‍കാനാകില്ല എന്ന്. ഞങ്ങളിവിടെ ആശിഷ് കുമാര്‍ സാഹയെ പിന്തുണയ്ക്കുന്നു. മറ്റൊരുസീറ്റില്‍ അവര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നു.
? ബി.ജെ.പി. വന്‍തോതില്‍ കാശ് വാരിയെറിയുന്നു എന്ന ആരോപണമുണ്ടല്ലോ
= അവര്‍ നേരിട്ട് ആളുകള്‍ക്ക് കാശ് കൊടുക്കുകയാണ്. അവര്‍ കാരണം സിസ്റ്റം മുഴുവന്‍ അഴിമതിയില്‍ മുങ്ങി. ഈ സാഹചര്യത്തില്‍നിന്നു പുറത്തുകടക്കണം. അവര്‍ ജനാധിപത്യത്തിന്റെ വേരറുക്കുകയാണ്. ഒരു പാര്‍ട്ടി പണം കൊടുക്കുന്നു, ആളുകള്‍ വോട്ടുചെയ്യുന്നു.
? തിരഞ്ഞെടുപ്പില്‍ അവര്‍ക്കൊപ്പം എങ്ങനെ പിടിച്ചുനില്‍ക്കും
= അതുതന്നെയാണ് ഞങ്ങളുടെ പ്രചാരണം. ഈ സാഹചര്യത്തിനു തുടക്കമിട്ടത് കോണ്‍ഗ്രസാണ്. മണിപവര്‍, മസില്‍പവര്‍, അധികാരം എല്ലാം ബി.ജെ.പിക്കുണ്ട്. ഇതിനെ നേരിടുകയെന്നത്, പ്രത്യേകിച്ച് ഇടതുപക്ഷത്തിന് വളരെ കഠിനമാണ്. ഞങ്ങളുടേത് വര്‍ഗസമീപനമാണ്. അവരുടേത് ജാതീയസമീപനവും.
? നിങ്ങള്‍ ഒരുപാട് സമരങ്ങള്‍ നടത്തുന്നു. പക്ഷേ വോട്ടു കിട്ടുന്നില്ല
= സമരത്തിന് ചുവന്നകൊടി നല്ലതാണ്. പക്ഷേ വോട്ടിന്റെ സമയത്ത് ചുവന്നകൊടി മനസ്സില്‍വരുന്നില്ല. ഞാന്‍ ഹിന്ദുവാണ്, ബി.ജെ.പി.യും ഹിന്ദുവാണ്. ഇങ്ങനെ ചിന്തിക്കുന്നു. അവരെ വര്‍ഗതാത്പര്യം മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയാത്തിടത്തോളം അവര്‍ ഈ രാഷ്ട്രീയപരിതസ്ഥിതിയുടെ ദോഷങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.
? രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ ഇടതുപക്ഷം വിമര്‍ശിക്കുന്നു
= അതില്‍ ഞാന്‍ മറുപടിപറയുന്നില്ല. ഒരു ഇന്ത്യന്‍ പൗരന് എവിടെയും മത്സരിക്കാന്‍ അവകാശമുണ്ട്. അദ്ദേഹമാണ് ചിന്തിക്കേണ്ടത്.
Content Highlights: interview with cpm leader manik sarkar