നവീന്‍ പട്‌നായിക് എന്‍ഡിഎയിലേക്ക്: തിരക്കിട്ട ചര്‍ച്ചകള്‍

നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം  |ഫോട്ടോ:PTI
നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം |ഫോട്ടോ:PTI

ഭൂവനേശ്വര്‍: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജെഡി എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് സംസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. നവീന്‍ പട്‌നായിക് ബിജെഡി നേതാക്കളുമായും ബിജെപി ദേശീയ അധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഇരുനേതാക്കളും തങ്ങളുടെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് പ്രതികരണംതേടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സമലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഡല്‍ഹിലെത്തിയാണ് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്.

സഖ്യം സംബന്ധിച്ച് മുഖ്യമന്ത്രി തങ്ങളോട് അഭിപ്രായം ആരാഞ്ഞതായി മുതിര്‍ന്ന ബിജെഡി നേതാവ് പറഞ്ഞു. ഒഡീഷയിലെ ജനങ്ങളുടെ താത്പര്യത്തിനായി ബിജെഡി വേണ്ടതെല്ലാം ചെയ്യുമെന്നും നേതൃയോഗത്തിന് ശേഷം ബിജെഡി പ്രസ്താവന ഇറക്കി.

'ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിപുലമായ ചര്‍ച്ച നടന്നു. വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള തന്ത്രം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. 2036-ല്‍ ഒഡിഷ അതിന്റെ സംസ്ഥാന പദവിയുടെ 100 വര്‍ഷം പൂര്‍ത്തിയാക്കും. ബിജെഡിക്കും മുഖ്യമന്ത്രിക്കും ഈ സമയത്ത് വലിയ നാഴികക്കല്ലുകള്‍ കൈവരിക്കാനുണ്ട്. ഒഡിഷയിലെ ജനങ്ങളുടെ കൂടുതല്‍ താത്പര്യങ്ങൾക്കായി ബിജെഡി എല്ലാം ചെയ്യും' ബിജെഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒഡിഷ സന്ദര്‍ശനത്തോടെയാണ് ബിജെഡി-ബിജെപി സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. നവീന്‍ പട്‌നായിക്കിനെ ജനകീയനായ മുഖ്യമന്ത്രിയെന്ന് പ്രധാനമന്ത്രി ഒരു പരിപാടിക്കിടെ വിശേഷിപ്പിക്കുകയും ചെയ്തു. ഒഡിഷയിലെ വികസനത്തേയും പ്രധാനമന്ത്രി പ്രകീര്‍ത്തിക്കുകയുണ്ടായി.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെഡി പിന്തുണ നല്‍കിയത് മുതല്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായ മികച്ച ബന്ധമാണ് ബിജെഡിക്കുള്ളത്. രാജ്യസഭയില്‍ ബിജെഡിയുടെ പിന്തുണയോട് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന ബില്ലുകളെല്ലാം പാസാക്കിയെടുത്തിട്ടുള്ളത്. മോദി സര്‍ക്കാരിന്റെ ഒട്ടുമിക്ക നയങ്ങളോടും ബിജെഡിക്കും യോജിപ്പാണുള്ളത്. 

1997ല്‍ രൂപീകൃതമായ ബി.ജെ.ഡി. തൊട്ടുപിന്നാലെ 1998-ല്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇക്കാലത്ത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ നവീന്‍ പട്നായിക് മന്ത്രിയായിരുന്നു.ദീര്‍ഘകാലം നിലനിന്ന സഖ്യം 2009-ലാണ് വിച്ഛേദിക്കപ്പെട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.

Content Highlights: Lok Sabha Election 2024-BJP to ally with Naveen Patnaik's BJD in Odisha,buzz