കലാപത്തിന്റെ ചൂടറിഞ്ഞ് ബിജെപി; മണിപ്പൂരിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസിന് വന്‍ ലീഡ്

മണിപ്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI
മണിപ്പുരില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി |ഫോട്ടോ:ANI

ഇംഫാല്‍: കലാപം തകര്‍ത്ത മണിപ്പുരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്നര്‍ മണിപ്പുരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ലീഡ് എഴുപതിനായിരത്തിന് മുകളില്‍ കടന്നിട്ടുണ്ട്. ഔട്ടര്‍ മണിപ്പുരില്‍ അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസിന്റെ ആല്‍ഫ്രഡ് കന്നഗം ആര്‍ത്തൂറിനുള്ളത്.

2014-ല്‍ രണ്ട് സീറ്റും കോണ്‍ഗ്രസിനായിരുന്നെങ്കിലും 2019-ല്‍ പാര്‍ട്ടിക്ക് രണ്ടും നഷ്ടമായിരുന്നു. എന്‍ഡിഎ സഖ്യത്തിനായിരുന്നു വിജയം.

കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നുംചെയ്യാന്‍ തയ്യാറാകാത്ത  മുഖ്യമന്ത്രി ബിരേന്‍ സിങ്ങും എന്‍ഡിഎ സര്‍ക്കാരും കടുത്ത ജനരോഷമാണ് നേരിടുന്നത്.

മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. നാഗകളും കുക്കികളും മെയ്ത്തികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍.ഡി.എ.യ്ക്കുവേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്.

കലാപത്തിനുമുമ്പ് ഈ വോട്ടുകള്‍ കണ്ണുമടച്ചു തനിക്കുകിട്ടുമെന്ന് ബിരേന്‍ സിങ്ങിനുറപ്പിക്കാമായിരുന്നു. ഇപ്പോള്‍ ഇവര്‍തന്നെ, തങ്ങളുടെ ജീവിതം ഈവിധമാക്കിയതിന് ബിരേന്‍ സിങ്ങാണ് ഉത്തരവാദിയെന്നാണ് ആരോപിക്കുന്നത്. കലാപം അടിച്ചമര്‍ത്താന്‍ തയ്യാറാകാതിരുന്ന കേന്ദ്രസര്‍ക്കാരിനുനേരേയും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ടുലക്ഷം മെയ്ത്തികളാണ്. നാഗാ വിഭാഗത്തില്‍നിന്നാണ് രണ്ടുകൂട്ടരുടെയും സ്ഥാനാര്‍ഥി. നാലുലക്ഷത്തിനു മുകളിലുള്ള നാഗാവോട്ടുകള്‍ ഇരുവര്‍ക്കുമായി വിഭജിക്കപ്പെടും. പിന്നീടുള്ള കുക്കിവോട്ടുകളായിരുന്നു വിജയത്തിൽ നിര്‍ണായകം.
 

Content Highlights: Congress Candidates Leading In Both Lok Sabha Seats In Manipur