'കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പോരാടണം'; മത്സരത്തിനില്ലെന്ന് ഗംഭീറിന് പിന്നാലെ മുന്‍കേന്ദ്രമന്ത്രിയും

ജയന്ത് സിന്‍ഹ | Photo: PTI
ജയന്ത് സിന്‍ഹ | Photo: PTI

ന്യൂഡല്‍ഹി: ഗൗതം ഗംഭീറിന് പിന്നാലെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. ജയന്ത് സിന്‍ഹ. എക്‌സിലൂടെ ജയന്ത് സിന്‍ഹ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തും ലോകത്തെമ്പാടും കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടങ്ങളുമായി മുന്നോട്ടുപോകാനാണ് ഭാവി പദ്ധതിയെന്നും ജയന്ത് സിന്‍ഹ കുറിപ്പില്‍ പറയുന്നു.

ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍നിന്നുള്ള എം.പിയാണ് ജയന്ത് സിന്‍ഹ. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രധനകാര്യ സഹമന്ത്രിയായിരുന്നു. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിതാവ് യശ്വന്ത് സിന്‍ഹക്ക് നിഷേധിച്ച സീറ്റാണ് ബി.ജെ.പി. ജയന്ത് സിന്‍ഹക്ക് നല്‍കിയത്. യശ്വന്ത് സിന്‍ഹ പിന്നീട് ദ്രൗപദി മുര്‍മുവിനെതിരെ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയന്ത് സിന്‍ഹക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം നല്‍കിയേക്കില്ലെന്ന സൂചനകള്‍ക്കിടെയാണ് പ്രഖ്യാപനം വരുന്നത്. നേരത്തെ ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള ലോക്‌സഭാ അംഗമായ ഗൗതം ഗംഭീറും രാഷ്ട്രീയ ചുമതലകളില്‍നിന്ന് ഒഴിവാക്കിത്തരണം എന്ന് ആവശ്യപ്പെട്ടതായി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെങ്കിലും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജയന്ത് സിന്‍ഹ അറിയിച്ചു.

Content Highlights: Jayant Sinha becomes second BJP MP to opt out of general elections