കൂട്ടിലായ നിതീഷ്; രാഷ്ട്രീയഭാവി നിശ്ചയിക്കുക ബി.ജെ.പി.

ലാലുപ്രസാദ് യാദവ് 'ഗോപാല്‍ഗഞ്ജ് ടു റെയ്സിന' എന്ന തന്റെ ആത്മകഥാപുസ്തകത്തില്‍ ബിഹാറിലേക്കുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും കടന്നുവരവിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. '2005-ല്‍ ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് ചുമതലയേല്‍ക്കുന്നതിനുമുമ്പ് ആര്‍.എസ്.എസിന് കാര്യമായ സ്വാധീനം ബിഹാറിലുണ്ടായിരുന്നില്ല. എന്നാല്‍, 2005 മുതല്‍ 2013 വരെയുള്ള കാലത്ത് ആര്‍.എസ്.എസ്. വേരോട്ടം ഉറപ്പിക്കുമ്പോള്‍ നിതീഷ് നിശ്ശബ്ദനായി നോക്കിനിന്നു. നിതീഷിന്റെ ഭരണകാലത്ത് വളരുകയും പുരോഗതിനേടുകയുംചെയ്ത ഏകസംരംഭം ആര്‍.എസ്.എസാണ്.'
രഥയാത്രാക്കാലത്ത് അദ്വാനിയെ അറസ്റ്റുചെയ്തതുള്‍പ്പെടെയുള്ള നടപടികളിലൂടെ തന്റെ ഭരണകാലത്ത് ബി.ജെ.പി.യുടെ ബിഹാര്‍ പ്രവേശനം തടഞ്ഞുനിര്‍ത്തിയിരുന്നുവെന്ന് വിശദീകരിച്ച ശേഷമാണ് ലാലു നിതീഷിലേക്ക് വിരല്‍ചൂണ്ടിയത്. ദേശീയതലത്തില്‍ 1994 മുതല്‍ എന്‍.ഡി.എ.യുടെ ഭാഗമായിരുന്ന നിതീഷിന്റെ ചുമലിലേറിയാണ് ബിഹാറിലേക്ക് ബി.ജെ.പി. കടന്നുവന്നതെന്ന ചരിത്രമാണ് ലാലു പറയുന്നത്.
1994-ലെ സമതാപാര്‍ട്ടി ഘട്ടത്തിലും 2003 മുതലുള്ള ജെ.ഡി.യു. കാലത്തും ബി.ജെ.പി.ക്ക് ബിഹാറില്‍ വളക്കൂറുള്ള മണ്ണൊരുക്കിയത് നിതീഷ് കുമാറാണ്. സോഷ്യലിസ്റ്റ് ധാരയുടെ നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസും ഈ ചങ്ങാത്തത്തിലൂടെ എന്‍.ഡി.എ. പാളയത്തിലെത്തി, സഖ്യത്തിന്റെ കണ്‍വീനറുമായി. 1994 മുതല്‍ നിതീഷ് പല ഘട്ടങ്ങളിലായി എന്‍.ഡി.എ.യുടെ ഭാഗമായി. ആദ്യ വാജ്പേയി സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായതോടെ ദേശീയതലത്തില്‍ ബന്ധം ദൃഢമായി. 2005 മുതല്‍ ബിഹാര്‍ സംസ്ഥാനരാഷ്ട്രീയത്തിലും സഖ്യം ശക്തമായി. ഈ കാലഘട്ടംമുതലാണ് ബിഹാറില്‍ സംഘപരിവാര്‍ ശക്തികളുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് അടിത്തറയൊരുങ്ങിയത്.
ബി.ജെ.പി.ക്ക് കാലുറപ്പിക്കാന്‍ വാതില്‍ തുറന്നുകൊടുത്ത നിതീഷിനെ 2020-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഞെരുക്കുന്നതാണ് സമീപകാല ബിഹാര്‍ രാഷ്ട്രീയംകണ്ട ദൃശ്യങ്ങളിലൊന്ന്. ജനങ്ങള്‍ക്കിടയിലുയര്‍ന്ന സംസ്ഥാന ഭരണവിരുദ്ധവികാരത്തെ നിതീഷിലേക്ക് തന്ത്രപരമായി തിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് കളത്തില്‍ ഒറ്റപ്പെടുത്തി, ജെ.ഡി.യുവിനെക്കാള്‍ കൂടുതല്‍ സീറ്റ് ബി.ജെ.പി. സ്വന്തമാക്കി.
മുഖ്യമന്ത്രിസ്ഥാനത്തിന് ബി.ജെ.പി.ക്കുള്ളില്‍നിന്ന് ആസൂത്രിത അവകാശവാദങ്ങളുയര്‍ന്നു. ഒടുവില്‍ മുതിര്‍ന്ന നേതാവുതന്നെ മുഖ്യമന്ത്രിയാകട്ടെ എന്ന ബി.ജെ.പി.യുടെ ഔദാര്യത്തില്‍ നിതീഷ് മുഖ്യമന്ത്രിയായി ഒതുങ്ങി. ബി.ജെ.പി. രാഷ്ട്രീയത്തില്‍ ബിഹാര്‍മാതൃക എന്ന് അറിയപ്പെടുന്ന ഈ കരുനീക്കങ്ങളാണ് പിന്നീട് മറ്റുപല സഖ്യകക്ഷികള്‍ക്കുംമേല്‍ ബി.ജെ.പി. പ്രയോഗിക്കുന്നത്.
നേതൃശൂന്യത മറികടക്കാന്‍
ബി.ജെ.പി.ക്ക് സ്വന്തമായി ഒരു ജനസമ്മതനേതാവില്ലാത്തതും എന്‍.ഡി.എ. സഖ്യത്തിന് നിതീഷല്ലാതെ മറ്റൊരു പരിചിതമുഖമില്ലാത്തതുമാണ് ബിഹാറില്‍ ബി.ജെ.പി. അന്നും ഇന്നും നേരിടുന്ന പ്രതിസന്ധി. അതിനാല്‍, നിതീഷിനെ മുന്‍നിര്‍ത്തിയാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിതീഷിനെത്തന്നെ മുന്നില്‍ നിര്‍ത്തി 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനും എന്‍.ഡി.എ. തീരുമാനിച്ചു.
പ്രചാരണം മോദി നയിക്കുക, നിതീഷ് നായകത്വംവഹിക്കുക എന്നതായിരുന്നു പുറമേക്കുപറഞ്ഞ ഫോര്‍മുല. എന്നാല്‍, പടക്കളത്തില്‍ ചതിക്കരുക്കള്‍ ഒരുങ്ങുന്നത് തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് നിതീഷും ജെ.ഡി.യു.വും തിരിച്ചറിഞ്ഞത്.
നിതീഷ് ഒറ്റപ്പെട്ടു. ജെ.ഡി.യു.വിന്റെ വോട്ട് പിളര്‍ത്താന്‍ ബി.ജെ.പി. ചിരാഗ് പസ്വാനെ കളത്തിലിറക്കി. നീക്കങ്ങള്‍ നിതീഷ് തിരിച്ചറിഞ്ഞപ്പോഴേക്ക് വൈകി. കാര്യങ്ങള്‍ കൈവിട്ടുപോയി. തിരഞ്ഞെടുപ്പില്‍ 74 സീറ്റ് നേടി ബി.ജെ.പി. മേധാവിത്തമുറപ്പിച്ചപ്പോള്‍ ജെ.ഡി.യു. 43 സീറ്റിലേക്ക് ചുരുങ്ങി.
ജെ.ഡി.യു. മാത്രമല്ല, ഇണങ്ങിയും പിണങ്ങിയും ബിഹാറില്‍ ബി.ജെ.പി.യുടെ ധൃതരാഷ്ട്രാലിംഗനത്തിനുവിധേയമായ ചെറുപാര്‍ട്ടികള്‍ വേറെയുമുണ്ട്. ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടി, ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച, മുകേഷ് സഹാനിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തുടങ്ങിയവയും ബി.ജെ.പി.യുടെ വഴിയൊരുക്കിയവയാണ്.
ഇടവേളയ്ക്കുശേഷം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിതീഷിനെയും ഈ ചെറുപാര്‍ട്ടികളെയും ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി. കാട്ടിയ സാമര്‍ഥ്യം പതിവുതന്ത്രങ്ങളുടെ തുടര്‍ച്ച. എന്നാല്‍, ലോക്സഭാതിരഞ്ഞെടുപ്പുഫലം പുറത്തുവന്നു കഴിഞ്ഞാല്‍ നിതീഷിന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കുക ബി.ജെ.പി.യായിരിക്കും
Content Highlights: Nitish Kumar-political future-bihar-bjp