തല്ലുമാലയണിഞ്ഞ് പപ്പു യാദവ്; നെഞ്ചിടിച്ച് എതിരാളികള്‍

പൂര്‍ണിയ: പൂര്‍ണിയയിലെ അര്‍ജുന്‍ ഭവന്‍ ലക്ഷ്യമാക്കി അതിരാവിലെ 10 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തിയ മുഹമ്മദ് ഇഖ്ബാലിന് ഒറ്റ ലക്ഷ്യമേയുള്ളൂ. തന്റെ നേതാവായ പപ്പു യാദവിന്റെ വിജയം. ഇഖ്ബാലിനെപ്പോലെ ഇവിടെയെത്തിയ പ്രവര്‍ത്തകര്‍ക്കൊന്നും പാര്‍ട്ടിയില്ല, പപ്പുയാദവ് മാത്രമേയുള്ളൂ! കുപ്രസിദ്ധ കുറ്റവാളികളെ ബാഹുബലിമാരായി കൊണ്ടാടുന്ന ബിഹാറില്‍, സി.പി.എം. നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ക്കിടന്ന പപ്പുയാദവിന് ജനപിന്തുണ ലഭിക്കുന്നതില്‍ നാട്ടുകാര്‍ക്ക് അദ്ഭുതമൊന്നുമില്ല.
പാര്‍ട്ടികള്‍ പലതുമാറി ഒടുവില്‍ അടുത്തിടെ കോണ്‍ഗ്രസിലെത്തിയ പപ്പുവിന് പൂര്‍ണിയ സീറ്റ് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍, സീറ്റു വിട്ടുനല്‍കാന്‍ ആര്‍.ജെ.ഡി. തയ്യാറാകാത്തതിനാല്‍ പപ്പു യാദവ് സ്വതന്ത്രനായി മത്സരത്തിനിറങ്ങി.
1998-ല്‍ സി.പി.എം. നേതാവ് അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് അഞ്ചുവര്‍ഷം ജയിലില്‍ക്കിടന്ന പപ്പുയാദവിനെ 2013-ല്‍ ഹൈക്കോടതി വെറുതേവിട്ടു. ഇതുകൂടാതെ മുപ്പതോളം ക്രിമിനല്‍ക്കേസുമുണ്ട്.
2014-ല്‍ ആര്‍.ജെ.ഡി. സ്ഥാനാര്‍ഥിയായി മത്സരിച്ച് ജെ.ഡി.യു.വിന്റെ മുതിര്‍ന്നനേതാവ് ശരദ് യാദവിനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തി. അതേവര്‍ഷം പപ്പുവിന്റെ ഭാര്യ രഞ്ജിത രഞ്ജന്‍ സുപോളില്‍നിന്ന് ജയിച്ച് ലോക്സഭയിലെത്തിയെങ്കിലും 2019-ല്‍ തോറ്റു.
2003-ല്‍ അന്നത്തെ കേരള കോണ്‍ഗ്രസ് (എം) വിമതനേതാവ് പി.സി.തോമസിന്റെ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പപ്പുയാദവ് അംഗമായിരുന്നു. ഈ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്താണ് പി.സി.തോമസ് വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായത്.
ഇക്കുറി പപ്പുയാദവ് പോരാട്ടത്തിനിറങ്ങിയത് ആര്‍.ജെ.ഡി.ക്കാണ് നെഞ്ചിടിപ്പുണ്ടാക്കുന്നത്. ആര്‍.ജെ.ഡി.യുടെ വോട്ടുബാങ്കായ മുസ്ലിം, യാദവ വിഭാഗങ്ങളാണ് പപ്പുവിനൊപ്പമുള്ളത്. ആരെ ജയിപ്പിച്ചാലും പപ്പുവിനെ തോല്‍പ്പിക്കണമെന്ന ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവിന്റെ ആഹ്വാനത്തില്‍ എല്ലാം വ്യക്തമാണ്.
അടുത്തിടെ ജെ.ഡി.യു. വിട്ടുവന്ന മുന്‍മന്ത്രി ബിമാ ഭാരതിയാണ് ആര്‍.ജെ.ഡി.സ്ഥാനാര്‍ഥി. പപ്പു യാദവിനെപ്പോലെത്തന്നെ ക്രിമിനല്‍ക്കേസുകള്‍ ഏറെ നേരിടുന്ന അവധേഷ് മണ്ഡലിന്റെ ഭാര്യയായ ബിമാ ഭാരതിക്ക് നല്ലപ്രതികരണമല്ല കിട്ടുന്നത്.
പൂര്‍ണിയയിലെ സിറ്റിങ് എം.പി.യും ജെ.ഡി.യു. സ്ഥാനാര്‍ഥിയുമായ സന്തോഷ് കുശ് വാഹയ്‌ക്കെതിരേ ഭരണവിരുദ്ധവികാരം ശക്തമാണ്.
Content Highlights: lok sabha election 2024