വ്യാജന്‍ സുലഭമെങ്കിലും മദ്യനിരോധനം ബിഹാറില്‍ ഇത്തവണയും ചര്‍ച്ചാവിഷയം

#സീതാമഢിയിൽനിന്ന് ഷൈൻ മോഹൻ
എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മദ്യനിരോധനത്തിന് പിന്തുണ അറിയിക്കുന്ന നിതീഷ് കുമാറും മന്ത്രിമാരും, പ്രതീകാത്മക ചിത്രം | Photo: PTI, AFP
എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മദ്യനിരോധനത്തിന് പിന്തുണ അറിയിക്കുന്ന നിതീഷ് കുമാറും മന്ത്രിമാരും, പ്രതീകാത്മക ചിത്രം | Photo: PTI, AFP

ബിഹാറിലെ സീതാമഢിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് നേപ്പാൾ അതിർത്തിയിലെ ഭീട്ടാമോഡ്. അവിടെ ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും തിരിച്ചും സൈക്കിൾറിക്ഷ ഓടിക്കുന്ന ജോലിയാണ് ദുഖ് ഹരൺ ദാസിന്. ബിഹാറിൽ നിതീഷ് കുമാർ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയ 2016-നുശേഷം ദുഖ് ഹരൺ ദാസിനെപ്പോലെ നേപ്പാൾ അതിർത്തിയിൽ ‘ഷട്ടിൽ സർവീസ്’ നടത്തുന്നവർക്ക് നല്ല കോളാണ്. ബിഹാറിൽ നിരോധനമുള്ള ‘സാധനം’ നേപ്പാളിൽനിന്ന് വാങ്ങാനെത്തുന്നവരെ അതിർത്തി കടത്തുന്നത് ഇവരാണ്. പാസ്പോർട്ടില്ലാതെ ആർക്കുവേണമെങ്കിലും ഇന്ത്യയിൽനിന്ന് നേപ്പാളിലേക്ക് നടന്നോ വാഹനത്തിലോ പോയിവരാം. തിരിച്ച് ബിഹാറിലേക്ക് കയറുമ്പോൾ മദ്യം കടത്തുന്നുണ്ടോ എന്ന് നോക്കാൻ പേരിനൊരു പരിശോധനമാത്രം. അതിർത്തികടന്നാൽ ഏതുകടയിലും മദ്യംകിട്ടും. ചെറിയ ചായക്കടകളിൽപ്പോലും പരസ്യമായാണ് നാടനും വിദേശിയും നിരത്തിവെച്ചിരിക്കുന്നത്.

നിരോധനം ചാകരയ്ക്ക് വഴിതുറന്നു

2016-നുശേഷം നേപ്പാൾ അതിർത്തിയിൽ മദ്യക്കടകൾ പെരുകിയിട്ടുണ്ട്. വിദേശമദ്യവുമുണ്ടെങ്കിലും ബിഹാറിലേക്ക് കൂടുതൽ കടത്തുന്നത് നാടനാണെന്ന് ട്രാൻസ്പോർട്ട് കമ്പനി ഡ്രൈവർ പ്രേംകുമാർ സിങ് പറയുന്നു. എട്ടുവർഷംമുമ്പ് മദ്യനിരോധനം നടപ്പാക്കിയപ്പോൾ സ്ത്രീകളുടെ വലിയ പിന്തുണയാണ് നിതീഷിന് കിട്ടിയത്.

എന്നാലിന്ന് ബിഹാറിൽ എവിടെയും വ്യാജമദ്യം സുലഭമാണെന്ന് നാട്ടുകാർ ഉറപ്പിച്ചുപറയുന്നു. ഫോൺവിളിച്ചാൽ സാധനം വീട്ടിലെത്തും. മുമ്പ് കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം കിട്ടിയിരുന്നത് ഇല്ലാതായെന്നും പകരം രണ്ടിരട്ടി കൊടുത്ത് വ്യാജൻ കുടിക്കേണ്ട ഗതികേടാണെന്നും വിമർശകർ ആരോപിക്കുന്നു. സർക്കാരിന് മദ്യത്തിൽനിന്നുള്ള വരുമാനവും ഇല്ലാതായി. മദ്യവരുമാനം കുറഞ്ഞത് സർക്കാരിന് നഷ്ടമുണ്ടാക്കുന്നില്ലെന്നാണ് നിതീഷിന്റെ വാദം. മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന പണം ആളുകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമെല്ലാം ചെലവഴിക്കും. പരസ്യമായി മദ്യപിച്ച് ക്രമസമാധാനപ്രശ്നമുണ്ടാക്കുന്നതെങ്കിലും കുറഞ്ഞിട്ടുണ്ടെന്ന് ജെ.ഡി.യു. വക്താവ് നീരജ് കുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു.

നിരോധനം മാറ്റാൻ രണ്ടുവട്ടം ആലോചിക്കും

മദ്യനിരോധനം എത്രമാത്രം നടപ്പായെന്ന് പരിശോധിക്കാൻ സർവേനടത്തുമെന്ന് കഴിഞ്ഞവർഷം നിതീഷ് കുമാർ പറഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നിതീഷിന്റെ വോട്ടുബാങ്കുകളിൽ പ്രധാനം സ്ത്രീവോട്ടർമാരാണ്. അതിനാൽ നിരോധനം നീക്കാൻ നിതീഷ് രണ്ടുവട്ടം ആലോചിക്കും. നാടൻ മദ്യം ഉൾപ്പെടെ വരുമാനമാർഗമായിരുന്ന സമുദായത്തിലെ ആളുകൾക്ക് നിരോധനത്തോട് എതിർപ്പുണ്ട്.

ഗുജറാത്ത് മോഡലിൽ മദ്യനിരോധനം പരിമിതമായി പിൻവലിക്കണമെന്ന് എൻ.ഡി.എ.യുടെ ബിഹാറിലെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി പരസ്യമായി ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

വിനോദസഞ്ചാരത്തെ ബാധിക്കുമെന്നതിനാൽ റസ്റ്ററന്റുകളിലും ക്ലബ്ബുകളിലും പരിമിതമായി മദ്യം അനുവദിക്കണമെന്നാണ് മാഞ്ചിയുടെ ആവശ്യം.

Content Highlights: Liquor Ban too a election issue in Bihar