ലാലുവിന്റെ മകളെ നേരിടാന്‍ ലാലൂ പ്രസാദ് യാദവ്; രോഹിണിക്ക് ഭീഷണിയാവുമോ ഈ കര്‍ഷക സ്ഥാനാര്‍ഥി?

രോഹിണി ആചാര്യ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനുമൊപ്പം | Photo: PTI
രോഹിണി ആചാര്യ ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനുമൊപ്പം | Photo: PTI

പട്‌ന: പിതാവ്‌ പ്രതിനിധീകരിച്ചിരുന്ന ശരണ്‍ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയായി അപ്രതീക്ഷിത സ്ഥാനാര്‍ഥി. രണ്ടുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജീവ് പ്രതാപ് റൂഡിക്കെതിരെ രംഗത്തിറങ്ങുന്ന രോഹിണിക്ക് ഭീഷണിയാവുന്നത് പിതാവിന്റെ പേരിനോട് സാമ്യമുള്ള, രാഷ്ട്രീയ ജന്‍സംഭാവന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്.

കര്‍ഷകന്‍ കൂടിയായ ലാലൂ പ്രസാദ് യാദവാണ് രോഹിണിക്കും രാജീവ് പ്രതാപ് റൂഡിക്കുമെതിരെ മത്സരിക്കുന്നത്. നേരത്തെ പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുള്ള ലാലൂ, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരണില്‍ പത്രിക സമര്‍പ്പിച്ചത്. 2017-ലും 2022-ലും രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ ലാലൂ പത്രിക സമര്‍പ്പിച്ചിരുന്നു. നിര്‍ദേശിക്കാന്‍ നിശ്ചിതപേരുടെ പിന്തുണയില്ലാതിരുന്നതിനാല്‍ 2017-ല്‍ പത്രിക തള്ളിപ്പോയി.

നേരത്തെ, മുന്‍മുഖ്യമന്ത്രികൂടിയായ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കെതിരെയടക്കം ശരണില്‍ തന്നെ ലാലൂ മത്സരിച്ചിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തില്‍ താന്‍ ഇത്തവണ ശരണില്‍ ജയിക്കുമെന്നാണ്‌ ലാലൂവിന്റെ അവകാശവാദം. അതേസമയം, ലാലൂവിന്റെ ശ്രമം വോട്ടുവിഭജിക്കാനാണെന്നാണ് എതിരാളികള്‍ ഒരുപോലെ ആരോപിക്കുന്നത്.

Content Highlights: Lalu's daughter vs Laloo Prasad Yadav in Bihar's Saran Lok Sabha seat