നിതീഷിന് വിശ്വാസ്യത നഷ്ടമായി; BJP-യോടൊപ്പം ചേര്‍ന്നതിലൂടെ ചെയ്തത് ആത്മഹത്യ- CPM ബിഹാര്‍ സെക്രട്ടറി

പലതവണ കളംമാറിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒടുവില്‍ ബി.ജെ.പി.ക്കും എന്‍.ഡി.എ.യ്ക്കുമൊപ്പം ചേരുക വഴി 'ആത്മഹത്യ'യാണ് ചെയ്തിരിക്കുന്നതെന്ന് സി.പി.എം. ബിഹാര്‍ സംസ്ഥാന സെക്രട്ടറി ലലന്‍ ചൗധരി. നിതീഷിന് വിശ്വാസ്യതയില്ലാതായി. ബി.ജെ.പി.യുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരേ ബിഹാറിലെ ജനങ്ങള്‍ ഒന്നിക്കുമെന്നും 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലലന്‍ ചൗധരി പറഞ്ഞു.
* ബിഹാറില്‍ അഞ്ചു സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നത്. എന്തൊക്കെയാണ് സാധ്യതകള്‍?
അഞ്ചു സീറ്റുകളിലാണ് ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്നതെങ്കിലും 40 സീറ്റുകളിലും മത്സരിക്കുന്നതുപോലെ കാണണം. മഹാസഖ്യത്തിന്റെ ഭാഗമായി ബി.ജെ.പി.ക്കെതിരേയാണ് പോരാട്ടം. സി.പി.എം. മത്സരിക്കുന്ന ഖഗഡിയ സീറ്റും ഞങ്ങളുടെ ഉറച്ച മണ്ഡലമാണ്.
* ബിഹാറിലെ പാര്‍ട്ടികളെല്ലാം തന്നെ ജാതിരാഷ്ട്രീയം കളിക്കുന്നില്ലേ? അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്ത് ചെയ്യാനാകും?
ബിഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗസമരത്തിലൂടെയാണ് വളര്‍ന്നത്. അടിച്ചമര്‍ത്തലുകള്‍ നേരിട്ടവര്‍ക്ക് വേണ്ടിയാണ് ചെങ്കൊടി ഉയര്‍ന്നത്. അതിനാല്‍ അവരിപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമുണ്ട്. അതില്‍ ജാതി നോക്കാറില്ല. മതത്തിന്റേയും ജാതിയുടേയും പേരില്‍ വേര്‍തിരിവ് ബിഹാറിലുണ്ടെന്ന് ശരിയാണ്. പക്ഷേ അതുമാത്രമല്ല.
* ഇപ്പോള്‍ ജാതി സര്‍വേയ്ക്ക് ശേഷം ഒ.ബി.സി.യില്‍നിന്ന് വേര്‍തിരിച്ച് ഇ.ബി.സി. (അതീവ പിന്നാക്ക ജാതി) കൂടിയായി. പുതിയൊരു വിഭാഗംകൂടി വരുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എങ്ങനെയാണ് കാണുന്നത്?
ഇപ്പോള്‍ ജാതിരാഷ്ട്രീയം കളിക്കുന്നവര്‍ക്ക് അതുതന്നെയേയുള്ളൂ. അവര്‍ സമരങ്ങള്‍ നടത്തുന്നില്ല. എന്നാല്‍ ബിഹാറിനെ വെറും ജാതിക്കണ്ണുകള്‍കൊണ്ട് മാത്രം കാണരുത്. പല ദേശീയസമരങ്ങളും ഇവിടെ നടന്നത് ജാതിയുടെ അടിസ്ഥാനത്തിലല്ല.
*1990-ല്‍ ലാലു പ്രസാദ് യാദവ് വന്നതുമുതല്‍ ബിഹാറില്‍ ജാതിരാഷ്ട്രീയം ശക്തിപ്രാപിച്ചില്ലേ?
അക്കാലത്ത് അടിച്ചമര്‍ത്തലുകള്‍ നേരിട്ട വിഭാഗത്തേയാണ് ലാലു അന്ന് ഒരുമിപ്പിച്ചത്. അക്കാലത്ത് അത് ആവശ്യവുമായിരുന്നു. ഒരുകാര്യം നോക്കണം. ലാലുവോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഇതുവരെ സാമ്രാജ്യത്വശക്തികളുമായി കൈകോര്‍ത്തിട്ടില്ല.
* പിന്നീട് അധികാരത്തിലെത്തിയ നിതീഷ് കുമാര്‍ കളിക്കുന്നതും ജാതിരാഷ്ട്രീയമല്ലേ? കൂടുതല്‍ താഴേത്തട്ടിലുള്ള ജാതിക്കാരെ അണിനിരത്തുകയല്ലേ അദ്ദേഹം ചെയ്തത്?
ജാതിരാഷ്ട്രീയത്തോടൊപ്പം ഒരു വോട്ട് ബാങ്ക് കൂടി സൃഷ്ടിക്കാനാണ് നിതീഷ് ശ്രമിക്കുന്നത്. അതില്‍ വിജയിക്കുകയും ചെയ്യുന്നു. എന്നാല്‍ ബിഹാറില്‍ രാഷ്ട്രീയമാണ് പ്രധാനം. ഈ തിരഞ്ഞെടുപ്പില്‍ നിതീഷിന് തിരിച്ചടി ലഭിക്കും.
* ജനങ്ങള്‍ നിതീഷിനെതിരേ ചിന്തിച്ചുതുടങ്ങിയോ? അദ്ദേഹത്തിന്റെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങളാണോ കാരണം?
തീര്‍ച്ചയായും ബിഹാറിലെ ജനങ്ങള്‍ നിതീഷിനെതിരേയാണ് ചിന്തിക്കുന്നത്. ഒരുകാരണം അദ്ദേഹത്തിന്റെ ഈ ചാഞ്ചാട്ടം തന്നെ. വിശ്വാസ്യതയില്ലാതായി. മറ്റൊന്ന്, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിക്കാരോട് ചോദിച്ചുനോക്കൂ, ഇവിടെ തൊഴിലുണ്ടോ? കൃഷി ദൈവകടാക്ഷം മാത്രമായി. ഉത്തര ബിഹാര്‍ മുഴുവനും വെള്ളം കയറുമ്പോള്‍ ദക്ഷിണ ബിഹാറില്‍ വരള്‍ച്ച. വികസനമുണ്ടെന്ന് അവര്‍ പറയുന്നത് സത്യമാണെങ്കില്‍ തൊഴിലില്ലായ്മ എങ്ങനെയുണ്ടാകുന്നു?
* എന്നാല്‍ അങ്ങ് പറയുന്ന ഈ വിഷയങ്ങളൊന്നുമല്ലല്ലോ ബിഹാറില്‍ ചര്‍ച്ചയാവുന്നത്? ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ടോ?
പാര്‍ട്ടികള്‍ക്ക് ഇത് പറയേണ്ടിവരും. ബിഹാറിനോട് മോദിക്ക് സ്നേഹമുണ്ടെങ്കില്‍ ഇവിടെ ഈ സ്ഥിതിയുണ്ടാകുമോ? ഇവിടുത്തുകാര്‍ക്ക് പഠിക്കാന്‍ പുറത്തുപോകണം, ജോലിക്ക് പുറത്തുപോകണം. ബിഹാറില്‍നിന്ന് ഹോളി അവധി കഴിഞ്ഞുള്ള തീവണ്ടികളിലെ തിരക്ക് നോക്കൂ. ബിഹാറിലേക്ക് ആരെങ്കിലും കേരളത്തില്‍ നിന്ന് വരുന്നുണ്ടോ? ഇവിടെനിന്ന് അങ്ങോട്ടാണ് പോകുന്നത്.
* കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയെ അങ്ങനയൊണ് കാണുന്നത്?
കേരളത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്നും ശക്തമാണ്. അവിടുത്തെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെല്ലാം മികച്ചതാണ്. ബിഹാറിലെ തീവണ്ടികളില്‍ നിങ്ങള്‍ റിസര്‍വ് ചെയ്ത സീറ്റിലും മറ്റുള്ളവര്‍ വന്നിരിക്കും, കേരളത്തില്‍ അത് കാണാന്‍ സാധിക്കില്ല. അതൊരു സാമൂഹിക നിലവാരമാണ്. തൊട്ടുകൂടായ്മയ്ക്കെതിരേയും ദളിതര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടിയും ഭൂവുടമകള്‍ക്കെതിരേയും പോരാടിയ കേരളം രാജ്യത്തിന് മാതൃകയാണ്.
* ബിഹാറില്‍ ബ്രാഹ്‌മണര്‍, ഭൂമിഹാര്‍, രാജ്പുത്, കായസ്ത തുടങ്ങിയ മുന്നോക്കജാതിക്കാര്‍ക്ക് ഇപ്പോഴും ആധിപത്യമില്ലേ?
ഉന്നതജാതിക്കാര്‍ക്ക് അധികാരവും പണവുമുണ്ട്. ഉയര്‍ന്നവരാണെന്ന ചിന്താഗതിയുമുണ്ട്. ചാതുര്‍ണ്യ വ്യവസ്ഥ തകര്‍ന്നെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ബി.ജെ.പി. അതിലാണ് വിശ്വസിക്കുന്നത്.