ബിഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി, പ്രഖ്യാപനം ഉടന്‍- ചിരാഗ് പാസ്വാന്‍

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയോടൊപ്പം ചിരാഗ് പാസ്വാന്‍| എക്‌സില്‍ പങ്കുവെച്ച ചിത്രം
ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയോടൊപ്പം ചിരാഗ് പാസ്വാന്‍| എക്‌സില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സീറ്റ് സംബന്ധിച്ച് ബി.ജെ.പിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. ചര്‍ച്ചയില്‍ പൂര്‍ണ സംതൃപ്തനാണെന്നും വിശദവിവരങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് ഒപ്പമുള്ള ചിത്രവും ചിരാഗ് പങ്കുവെച്ചു.

എല്‍.ജെ.പിയുമായി ഇന്ത്യാമുന്നണി തുറന്ന ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ചിരാഗ് പാസ്വാന്‍ എന്‍.ഡി.എയുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ചുള്ള കാര്യം എക്‌സില്‍ വ്യക്തമാക്കിയത്. 

2019-ല്‍ രാംവിലാസ് പാസ്വന്റെ നേതൃത്വത്തിലുള്ള എല്‍.ജെ.പി മത്സരിച്ച് വിജയിച്ച ആറ് സീറ്റ് കൂടാതെ ഇത്തവണ രണ്ടെണ്ണം കൂടി അധികമായി വാഗ്ദാനം ചെയ്തുവെന്നാണ് ചിരാഗുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

രാംവിലാസ് പാസ്വാന്റെ മരണത്തോടെ പാര്‍ട്ടി നേതൃത്വം സംബന്ധിച്ച് മകന്‍ ചിരാഗ് പാസ്വാനും സഹോദരന്‍ പശുപതി കുമാര്‍ പരാസുമായി ഉടലെടുത്ത തര്‍ക്കം എല്‍.ജെ.പി യുടെ തകര്‍ച്ചയിലേക്ക് നയിച്ചിരുന്നു. ഇതോടെ എല്‍.ജെ.പിയുടെ നേതൃത്വം ചിരാഗ് പാസ്വാനിലെത്തുകയും പശുപതി കുമാര്‍ പരാസിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍.എല്‍.ജെ.പി) എന്ന പുതിയ പാര്‍ട്ടി പിറവിയെടുക്കുകയും ചെയ്തു. എന്‍.ഡി.എ മന്ത്രിസഭയിൽ ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയാണ് പശുപതി പരസ്.

നിലവില്‍ ഹജിപുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പശുപതിക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ സീറ്റ് കൂടി എല്‍.ജെ.പിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും സൂചനയുണ്ട്. പകരം, ഒരു ഗവര്‍ണര്‍ പദവി പശുപതിക്ക് നല്‍കുമെന്നുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

Content Highlights: Chirag Paswan's LJP Agrees Seat-Share Deal With BJP