ഏക സിവില്‍കോഡ്, മുസ്‌ലിം വിവാഹം, വിവാഹമോചന രജിസ്‌ട്രേഷന്‍; ഹിമന്തയുടെ ഭാവി നിശ്ചയിക്കുന്നതെന്ത്?

#സുബിന്‍ മാത്യു
Himanta Biswa Sarma | Photo: ANI
Himanta Biswa Sarma | Photo: ANI

ദിസ്പുര്‍: ഒരുകാലത്ത് അസം കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവ്. കളംമാറി ബി.ജെ.പി.യിലെത്തി ഒരു പതിറ്റാണ്ടു തികയുംമുമ്പേ സംസ്ഥാനത്തെ സമുന്നതനേതാവ്, മുഖ്യമന്ത്രി -ഹിമന്ദ ബിശ്വശര്‍മയെന്ന ചാണക്യന്റെ യാത്ര തുടരുകയാണ്. അസമില്‍ ഈ തിരഞ്ഞെടുപ്പില്‍ അജന്‍ഡനിശ്ചയിക്കുന്നത് ഹിമന്ദയാണ്.

1996-ല്‍ കോണ്‍ഗ്രസ് നേതാവായിരിക്കെയാണ് ആദ്യ അങ്കം. ജലുക്ബാരി നിയമസഭാ മണ്ഡലത്തില്‍നിന്ന് ജനവിധിതേടിയെങ്കിലും തോല്‍വിയായിരുന്നു ഫലം. തുടക്കം പിഴച്ചെങ്കിലും പിന്നീട് നേടിയതെല്ലാം വമ്പന്‍വിജയങ്ങള്‍. അസമിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവായി ചുരുങ്ങിയ കാലംകൊണ്ട് ഹിമന്ദ വളര്‍ന്നു.

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചു. മന്ത്രിസഭയില്‍ ധന, കൃഷി വകുപ്പുകളുടെ മന്ത്രിയുമായി. പിന്നെയും തുടര്‍ച്ചയായ വിജയങ്ങള്‍. മന്ത്രിപദവികളും തേടിയെത്തി. അസമിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും സൂപ്പര്‍ നേതാവായിമാറി ഹിമന്ദ.

2014-ലെ രാജി

കോണ്‍ഗ്രസിന് തിരിച്ചടിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ ബി.ജെ.പി.ക്ക് വന്‍നേട്ടവുമായിമാറി ഹിമന്ദയുടെ രാജി. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് 2014 ജൂലായ് 21-ന് ഹിമന്ദ കോണ്‍ഗ്രസ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. 2015 ഓഗസ്റ്റ് 23-ന് അമിത് ഷായുടെ വസതിയില്‍വെച്ച് ബി.ജെ.പി. അംഗത്വമെടുത്തു.

2016-ല്‍ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ നയിച്ചത് ഹിമന്ദയായിരുന്നു. ബി.ജെ.പി. ടിക്കറ്റില്‍ ജലുക്ബാരിയില്‍നിന്ന് തുടര്‍ച്ചയായി നാലാംതവണയും എം.എല്‍.എ.യായി. സര്‍ബാനന്ദ സൊനോവാള്‍ നയിച്ച ബി.ജെ.പി. മന്ത്രിസഭയില്‍ മന്ത്രിയുമായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ബി.ജെ.പി. സര്‍ക്കാരായിരുന്നു അത്.

മുഖ്യമന്ത്രിപദവിയും വിവാദങ്ങളും

അടുത്തതിരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പി.ക്ക് ഭൂരിപക്ഷം. ഹിമന്ദയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ദേശീയനേതൃത്വത്തിന്റെ തീരുമാനം. 2021 മേയ് പത്തിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. തീവ്രനിലപാടുകളിലൂടെ അസം രാഷ്ട്രീയത്തിന്റെ അജന്‍ഡമാറ്റുന്നതില്‍ അഗ്രഗണ്യനാണ് ഹിമന്ദ.

1935-ലെ മുസ്‌ലിം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം ഹിമന്ദ സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റദ്ദാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഹിമന്ദ പരസ്യമായി പ്രസ്താവിച്ചു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അസമിലെത്തിയപ്പോള്‍ ഹിമന്ദ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിവാദമായിരുന്നു. 55 വയസ്സുള്ള ഹിമന്ദയ്ക്ക് പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ.യും നിയമബിരുദവും ഫിലോസഫിയില്‍ ഡോക്ടറേറ്റുമുണ്ട്.


 

Content Highlights: lok sabha election in assam and himanta biswa sarma