എനിക്കൊപ്പമുള്ള സെല്‍ഫികൾ വോട്ടായാൽ തന്നെ BJP തോല്‍ക്കും- ഗൗരവ് ഗൊഗോയ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൗരവ് ഗൊഗോയ്ക്കൊപ്പം സെൽഫിയെടുക്കുന്നവർ | Photos: facebook.com/gauravgogoiasm
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗൗരവ് ഗൊഗോയ്ക്കൊപ്പം സെൽഫിയെടുക്കുന്നവർ | Photos: facebook.com/gauravgogoiasm

മജുലി (അസം): രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കോണ്‍ഗ്രസ് ഒരു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മണിപ്പുരില്‍ മാസങ്ങളായി കലാപം തുടര്‍ന്നിട്ടും ഒരക്ഷരം സംസാരിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് വിഷയത്തില്‍ സംസാരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിനെട്ടാമത്തെ അടവായിരുന്നു അവിശ്വാസ പ്രമേയം. ലോക്‌സഭയില്‍ പരാജയപ്പെട്ടെ പ്രമേയം അവതരിപ്പിച്ചത്‌ അസമിലെ കരിയാബോര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. ഗൗരവ് ഗൊഗോയ് ആയിരുന്നു. മുനയേറിയ മൂന്ന് ചോദ്യങ്ങളിലൂടെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവുകൂടിയായ അദ്ദേഹം മണിപ്പുര്‍ വിഷയത്തെ ലോക്‌സഭയിലെത്തിച്ചത്. 

ഇന്നിപ്പോള്‍ വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയിരിക്കുകയാണ് ഗൗരവ് ഗൊഗോയ്. എന്നാല്‍ ഇത്തവണ കരിയാബോര്‍ മണ്ഡലത്തില്‍ നിന്നല്ല അദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന ജോര്‍ഹാട് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് ഇത്തവണ പാര്‍ട്ടി ഗൗരവിനെ ഏല്‍പ്പിച്ചിരിക്കുന്നത്. 2014-ലാണ് ബി.ജെ.പി. കോണ്‍ഗ്രസില്‍ നിന്ന് ജോര്‍ഹാട് മണ്ഡലം പിടിച്ചെടുക്കുന്നത്. പിന്നീട് 2019-ലും ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി തന്നെയാണ് വിജയിച്ചത്. 

സിറ്റിങ് എം.പിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ തപന്‍ കുമാര്‍ ഗൊഗോയ്‌യെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന കാര്യത്തില്‍ തനിക്ക് 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നാണ് ഗൗരവ് ഗൊഗോയ് പറയുന്നത്. തനിക്കൊപ്പം ജനങ്ങള്‍ ക്ലിക്ക് ചെയ്ത സെല്‍ഫി ചിത്രങ്ങള്‍ വോട്ടുകളായി മാറിയാല്‍ തന്നെ ബി.ജെ.പി. പരാജയപ്പെടുമെന്നും അദ്ദേഹം പറയുന്നു. 

ലോകത്തെ ഏറ്റവും വലിയ നദീദ്വീപായ മജുലിയിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസവും ഗൗരവ് ഗൊഗോയ്‌യുടെ പ്രചാരണം. ബ്രഹ്‌മപുത്ര നദിയുടെ നടുവിലുള്ള മജുലി ദ്വീപില്‍ 12 തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. നേരത്തേ ലക്ഷ്മിപുര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മജുലി ദ്വീപ് മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് ശേഷമാണ് ജോര്‍ഹാട് മണ്ഡലത്തിന്റെ ഭാഗമായത്. 

ഗൗരവ് ഗൊഗോയ്‌യുടെ പിതാവും ആസാം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് രണ്ടുതവണ (1971, 1977) മണ്ഡലമാണ് ജോര്‍ഹാട്.  അതിനാല്‍ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാരുമായി - പ്രത്യേകിച്ച് യുവ വോട്ടര്‍മാരുമായി - തനിക്ക് വൈകാരികമായ അടുപ്പമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഗൗരവ് ഗൊഗോയ് പറയുന്നത്. 

പര്യടനത്തിനായി എത്തുന്ന ഇടങ്ങളില്‍ വലിയ സ്വീകരണമാണ് ഗൗരവിന് ലഭിക്കുന്നത്. പൂക്കള്‍ വിതറിയും കെട്ടിപ്പിടിച്ചുമെല്ലാമാണ് അദ്ദേഹത്തെ ജനങ്ങള്‍ സ്വീകരിക്കുന്നത്. മുതിര്‍ന്നവര്‍ ഗൗരവിനെ ചുംബിക്കുമ്പോള്‍ ചെറുപ്പക്കാര്‍ ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനാണ് തിരക്ക് കൂട്ടുന്നത്. ഗൗരവോര്‍ ജോയ്, രയ്‌ജോര്‍ ജോയ് (ഗൗരവിന്റെ വിജയമാണ് ജനങ്ങളുടെ വിജയം), ജികിബോയ് ജികിബോയ്, ഗൗരവ് ജികിബോയ് (ഗൗരവ് തീര്‍ച്ചയായും വിജയിക്കും) എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് യുവ സ്ഥാനാര്‍ഥിയെ ജനങ്ങള്‍ സ്വീകരിക്കുന്നത്. 

Content Highlights: 'BJP will lose if selfies with me turn into votes' Congress's Gaurav Gogoi expresses confidence