കശ്മീരിലെ 80% സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ്‌പോയി; 68% പേരും നോട്ടയ്ക്ക് പിന്നില്‍

ജമ്മു കശ്മീരിലെ പോളിങ് സ്റ്റേഷനിൽ വോട്ടുചെയ്യാനായി വരിനിൽക്കുന്നവർ (ഫയൽ ചിത്രം) | Photo: Asian News International
ജമ്മു കശ്മീരിലെ പോളിങ് സ്റ്റേഷനിൽ വോട്ടുചെയ്യാനായി വരിനിൽക്കുന്നവർ (ഫയൽ ചിത്രം) | Photo: Asian News International

ശ്രീനഗര്‍: പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഭൂരിഭാഗം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവെച്ച കാശ് കിട്ടിയില്ല. ആകെ മത്സരിച്ച 100 സ്ഥാനാര്‍ഥികളില്‍ 11 പേര്‍ക്ക് മാത്രമാണ് കെട്ടിവെച്ച പണം തിരിച്ചുകിട്ടിയത്. ബാക്കി 89 പേര്‍ക്കും പണം തിരികെ ലഭിക്കാന്‍ ആവശ്യമായ വോട്ട് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ (ഡി.പി.എ.പി) മൂന്ന് സ്ഥാനാര്‍ഥികള്‍, ബി.ജെ.പി. പിന്തുണയ്ക്കുന്ന അപ്‌നി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍, ബാരാമുള്ളയിലെ പി.ഡി.പി. സ്ഥാനാര്‍ഥി എന്നിവരും കെട്ടിവെച്ച പണം നഷ്ടമായവരില്‍ ഉള്‍പ്പെടുന്നു. 

ഉധംപുര്‍, ജമ്മു, അനന്തനാഗ്-രജൗരി, ശ്രീനഗര്‍, ബാരാമുള്ള എന്നീ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നാണ് 100 സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇവരില്‍ ബി.ജെ.പിയുടെ രണ്ട് വിജയിച്ച സ്ഥാനാര്‍ഥികള്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട് വിജയിച്ച സ്ഥാനാര്‍ഥികള്‍, സ്വതന്ത്ര സ്ഥാനാര്‍ഥി എര്‍ റാഷിദ്, അദ്ദേഹത്തോട് പരാജയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തി, പി.ഡി.പി. നേതാവായ വഹീദ് പര, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോനെ, ജമ്മു മേഖലയിലെ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കുമാത്രമാണ് കെട്ടിവെച്ച തുക തിരികെ കിട്ടിയത്. ബാക്കി ഒരു സ്ഥാനാര്‍ഥിക്കും കെട്ടിവെച്ച പണം തിരികെ ലഭിക്കാന്‍ ആവശ്യമായ 16.67 ശതമാനം വോട്ട് നേടാനായില്ല.

ഉധംപുരിലെ ഡി.പി.എ.പി. സ്ഥാനാര്‍ഥി ഗുലാം നബി സരൂരിയ്ക്ക് 3.56 ശതമാനം വോട്ടാണ് ലഭിച്ചത്. അനന്തനാഗ്-രജൗരി സീറ്റില്‍ മത്സരിച്ച മുഹമ്മദ് സലീം പരേയ്ക്ക് വെറും 2.7 ശതമാനം വോട്ടും ശ്രീനഗറില്‍ മത്സരിച്ച അമിര്‍ അഹമ്മദ് ഭട്ടിന് 2.24 ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. അനന്ത്‌നാഗിലും ശ്രീനഗറിലും മത്സരിച്ച, ബി.ജെ.പി. പിന്തുണയുള്ള അപ്‌നി പാര്‍ട്ടിയ്ക്കും ദുര്‍ബലമായ പ്രകടനമേ കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുള്ളൂ. 

ജമ്മു കശ്മീരിലെ നൂറ് സ്ഥാനാര്‍ഥികളില്‍ 68 പേര്‍ക്കും നോട്ടയേക്കാള്‍ കുറവ് വോട്ട് മാത്രമാണ് ലഭിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

Content Highlights: Data says, 89 % of candidates lost security deposits in Jammu and Kashmir