'ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം'; വിദ്വേഷപ്രസംഗവുമായി യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ് | Photo: Press Trust of India
യോഗി ആദിത്യനാഥ് | Photo: Press Trust of India

ഭോപാല്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബിന്റെ കാലത്തെ ജസിയ നിയമം നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മധ്യപ്രദേശിലെ ഗുണ ലോക്‌സഭ മണ്ഡലത്തിലെ അശോക് നഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. ഗുണയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം എത്തിയത്. 

'മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ട്. മാന്യതയുള്ള മുസ്‌ലിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് ആ പേരിടില്ല. 'ജസിയ' സമ്പ്രദായം ഏര്‍പ്പെടുത്തിയത് അദ്ദേഹമാണ്. എന്താണത്? അതാണ് കോണ്‍ഗ്രസ് പറയുന്ന പാരമ്പര്യ നികുതി.' -യോഗി ആദിത്യനാഥ് പറഞ്ഞു. 

'നിങ്ങളുടെ പൂര്‍വികരുടെ സമ്പത്തിന് നികുതി ചുമത്തുന്നതിനെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വത്തുക്കളില്‍ എക്‌സ് റേ പരിശോധന നടത്തുമെന്നും അതിന്റെ പകുതി പാരമ്പര്യ നികുതി എന്ന പേരില്‍ ഏറ്റെടുക്കുമെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. നിങ്ങള്‍ ജസിയ നല്‍കാന്‍ തയ്യാറാണോ? ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കാന്‍ കഴിയില്ല.' -യോഗി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരല്ലെന്നും യോഗി പറഞ്ഞു. 'ന്യൂനപക്ഷങ്ങളുടേയും ഭൂരിപക്ഷത്തിന്റേയും ഭക്ഷണശീലങ്ങള്‍ ഒന്നാണോ? പൊതുവായ ഭക്ഷണശീലം ഒന്നാണ്. എന്നാല്‍ സമൂഹത്തിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കാത്തവരും പശുക്കളെ കൊല്ലുന്നതിനെ എതിര്‍ക്കുന്നവരുമാണ്. ഇപ്പോള്‍ ഗോവധത്തെ പിന്തുണയ്ക്കും വിധം കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണ്.' -യോഗി ആദിത്യനാഥ് പറഞ്ഞു. 

Content Highlights: Congress wants to implement Aurangzeb's Jizya tax, says UP CM Yogi Adityanath