കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും മത്സരിച്ചേക്കില്ല, പലരുടെയും ലക്ഷ്യം മക്കള്‍ക്ക് സീറ്റ്

ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പ്രമുഖ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നേക്കുമെന്ന് സൂചന. അശോക് ഗഹലോത്ത്, കമൽനാഥ്, ദിഗ്വിജയ സിങ്, ഹരീഷ് റാവത്ത് എന്നീ നാല് മുൻ മുഖ്യമന്ത്രിമാർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് റിപ്പോർട്ടുകൾ.
ഇവർക്ക് പുറമെ രാജസ്ഥാനിലെ പ്രമുഖ നേതാവായ സച്ചിൻ പൈലറ്റും ലോക്സഭയിലേക്ക് ജനവിധി തേടുന്നില്ലെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 62 സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
ഇവർക്ക് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. പകരം, ഇവർ മറ്റ് നേതാക്കളുടെ പേരുകൾ നിർദേശിച്ചു. അശോക് ഗഹലോത്ത് തന്റെ മകൻ വൈഭവിന്റെ നിർദേശിച്ചത്. അദ്ദേഹത്തിന് രാജസ്ഥാനിലെ ജലോർ സീറ്റ് ലഭിച്ചേക്കും. കമൽനാഥിന്റെ മകനും ചിന്ദ്വാര സീറ്റിലെ സിറ്റിങ് എം.പിയുമായ നകുൽ നാഥ് ഇത്തവണയും ഇതേ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഹരീഷ് റാവത്ത് മത്സരത്തിനില്ലെന്ന് അറിയിച്ചത്. പകരം, മകൻ വിരേന്ദ്ര റാവത്തിന് സീറ്റ് നൽകണമെന്നാണ് ആവശ്യം. രാജസ്ഥാനിലെ ചില ലോക്സഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സച്ചിൻ പൈലറ്റിന്റെ പദ്ധതി. പാർട്ടിയുടെ മൊത്തത്തിലുള്ള നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Congress veterans to skip Lok Sabha contest, back young leaders