'വോട്ട് ജിഹാദി'ന് ആഹ്വാനം; സൽമാൻ ഖുർഷിദിനും അനന്തരവൾക്കും എതിരെ കേസെടുത്ത് യുപി പോലീസ്

ന്യൂ ഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്‌തെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് എതിരെ കേസ്. സൽമാൻ ഖുർഷിദിന്റെ അനന്തരവളും സമാജ് വാദി പാർട്ടി നേതാവുമായ മരിയ ആലം ഖാന് എതിരെയും ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാർഥി നവൽ കിഷോർ സാക്ക്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് മരിയ ആലം ഖാൻ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തതെന്നാണ് പരാതി. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മരിയ ആലം ഖാൻ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തത്. സംഘി സർക്കാരിനെ പരാജപ്പെടുത്താൻ വോട്ടിലൂടെ ജിഹാദ് ചെയ്യണം എന്നായിരുന്നു മരിയയുടെ ആഹ്വാനം.
വിവാദമായ പരാമർശം മരിയ നടത്തിയ യോഗത്തിൽ സൽമാൻ ഖുർഷിദും ഭാര്യ ലൗസി ഖുർഷിദും പങ്കെടുത്തിരുന്നു. മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ച മരിയ ആലം ഖാൻ തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞു. എന്നാൽ, ജിഹാദ് പരാമർശത്തെ മരിയ ന്യായീകരിച്ചു. ഉറുദുവിൽ ജിഹാദിന്റെ അർത്ഥം പൊരുതുക എന്നാണ്. വോട്ടിങ്ങിൽ താത്പര്യം ഇല്ലായ്മ കാണിക്കുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചതെന്ന് മരിയ പറഞ്ഞു.
മരിയ ആലം ഖാന് പിന്തുണയുമായി സമാജ്‌വാദി പാർട്ടിയും രംഗത്തെത്തി. മുസ്ലിം സമുദായത്തിൽപ്പെട്ട സ്ത്രീകളെ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് പ്രേരിപ്പിക്കാനാണ് ജിഹാദ് എന്ന പദം മരിയ ഉപയോഗിച്ചതെന്നാണ് സമാജ് വാദി പാർട്ടിയുടെ നിലപാട്.
Content Highlights: Congress leader Salman Khurshid niece booked over vote jihad appeal at UP rally