പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കനയ്യ കുമാറിന്റെ ദേഹത്ത് മഷി ഒഴിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കർതാർ നഗറിലെ ആം ആദ്മി പാർട്ടി ഓഫീസിൽ വെച്ച് ബ്രഹ്മപുരിയിൽ നിന്നുള്ള കൗൺസിലർ ഛായാ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചു വരികയായിരുന്നു കനയ്യ കുമാർ. മാലയുമായെത്തിയ എട്ടോളം പേരടങ്ങിയ സംഘം ഹാരമണിയിച്ചതിന് പിന്നാലെ ദേഹത്ത് മഷി ഒഴിക്കുകയും വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നാലോളം വനിതാ പ്രവർത്തകർക്കും വനിതാ മാധ്യമപ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ഛായാ ഗൗരവ് ശർമയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ കനയ്യ കുമാറിന്റെ എതിർ സ്ഥാനാർഥി ബിജെപിയുടെ മനോജ് തിവാരിയാണ്. ആക്രണമത്തിനു പിന്നിൽ മനോജ് തിവാരിയുടെ അനുയായികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഡൽഹി പോലീസ് പറഞ്ഞു.
Content Highlights: Congress candidate Kanhaiya Kumar attacked while campaigning in Delhi