തിരഞ്ഞെടുപ്പിന് മുമ്പെ ജയിച്ചുകയറിയവര്‍ നിരവധി; ഡിമ്പിള്‍ യാദവും ഫാറൂഖ് അബ്ദുള്ളയും അടങ്ങിയ പട്ടിക

മുകേഷ് ദലാല്‍, Photo:PTI
മുകേഷ് ദലാല്‍, Photo:PTI

സൂറത്ത്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുമ്പ് തന്നെ വിജയമുറപ്പിച്ചിരിക്കുകയാണ് സൂറത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു ബിജെപി ഇതര സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളിയിരുന്നു. ഇതാദ്യമായിട്ടല്ല വോട്ടെടുപ്പിന് മുമ്പ് തന്നെ സ്ഥാനാര്‍ഥി വിജയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ നിരവധിപേര്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1951-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വരെ സമാനമായരീതിയില്‍ വിജയിച്ചികയറിയവരുണ്ട്.

വോട്ടെടുപ്പിന് മുമ്പ് തന്നെ ജയിച്ചവരുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തെ പേരാണ്മുകേഷിന്റേത്. ഇതിന് മുമ്പ് 2012-ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തില്‍ നിന്ന് ഡിമ്പിള്‍ യാദവാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥി.

അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് അദ്ദേഹം ലോക്സഭാംഗത്വം രാജിവെച്ചത്. ഭാര്യ ഡിമ്പിള്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി രംഗത്തുവന്നു. കോണ്‍ഗ്രസും ബി.എസ്.പിയും മത്സരിച്ചില്ല. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. സംയുക്ത് സമാജ്വാദി ദള്‍ സ്ഥാനാര്‍ഥിയും ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയും പത്രിക പിന്‍വലിച്ചതോടെ ഡിമ്പിള്‍ ജയമുറപ്പിച്ചു.

1951-ലെ പൊതുതിരഞ്ഞെടുപ്പില്‍ 10-സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 1957-ല്‍ ഇത് 11-ആയി ഉയര്‍ന്നു. 1962-ല്‍ മൂന്ന് പേരും 1967-ല്‍ അഞ്ച് പേരും സമാനരീതിയില്‍ ജയിച്ചു. 1971-ല്‍ ഒരു സ്ഥാനാര്‍ഥിയും 1977-ല്‍ രണ്ട് പേരും വോട്ടെടുപ്പിന് മുന്നേ തന്നെ ജയം സ്വന്തമാക്കി.

മുന്‍ ഉപപ്രധാനമന്ത്രി വൈ.ബി ചവാന്‍ നാസിക് മണ്ഡലത്തില്‍ നിന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ശ്രീനഗറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും ചരിത്രമാണ്.

Content Highlights: BJP wins Lok Sabha seat even before voting