'കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉപയോഗിച്ചത് വിദേശത്ത് നിന്നുള്ള ചിത്രങ്ങള്‍'; ആരോപണവുമായി BJP

ന്യൂഡല്‍ഹി: വെള്ളിയാഴ്ച പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഉപയോഗിച്ചതെന്ന ആരോപണവുമായി ബി.ജെ.പി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ന്യൂയോര്‍ക്കിലുള്ള ബുഫലോ നദിയുടെ ചിത്രവും തായ്‌ലാന്‍ഡില്‍ നിന്നുള്ള ചിത്രവും ഉപയോഗിച്ചുവെന്ന് ബി.ജെ.പിയുടെ ആരോപണം.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ജല മാനേജ്‌മെന്റിനെ കുറിച്ച് പറയുന്ന ഭാഗത്ത് ഉപയോഗിച്ച ചിത്രം യു.എസ്സിലെ ന്യൂയോര്‍ക്കിലുള്ള ബുഫലോ നദിയുടേതാണെന്ന് ബി.ജെ.പി. ദേശീയവക്താവ് സുധാംശു ത്രിവേദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ ചിത്രം ആരാണ് അവര്‍ക്ക് അയച്ചുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. പ്രകടനപത്രികയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നിടത്തെ ചിത്രം തായ്‌ലന്‍ഡില്‍ നിന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളങ്ങളുടെ കൂമ്പാരം എന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ ബി.ജെ.പി. വക്താവ് വിശേഷിപ്പിച്ചത്. വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി 'ന്യായ'ത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നു. എന്നാല്‍ അവര്‍ അധികാരത്തിലിരുന്നപ്പോള്‍ ന്യായം പ്രവര്‍ത്തിച്ചില്ല. തങ്ങളുടെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മുന്‍ പ്രകടനപത്രികകളില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയില്ല എന്നും അദ്ദേഹം പറഞ്ഞു.
അസം മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരെ രംഗത്തെത്തി. ഏതെങ്കിലും വിദേശ ഏജന്‍സിയാണോ കോണ്‍ഗ്രസിനായി പ്രകടനപത്രിക തയ്യാറാക്കിയത് എന്ന് അദ്ദേഹം ചോദിച്ചു.
Content Highlights: BJP claims Congress manifesto used images of Thailand, Buffalo river in US