ഒഡിഷയിൽ ബി.ജെ.ഡി, ബിഹാറിൽ ജെ.ഡി.യു, തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ; വിഴുങ്ങി വളരുന്ന താമരത്തന്ത്രം

എളുപ്പം പ്രവേശിക്കാനാകാത്ത രാഷ്ട്രീയഭൂമികകളിൽ കടന്നുകയറാൻ 1980-കൾക്കുശേഷം മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിക്കുന്ന എളുപ്പമാർഗമാണ് പ്രാദേശികപാർട്ടികളുമായുള്ള സഖ്യം. 1990-കൾമുതൽ ബി.ജെ.പി. ഈ തന്ത്രം വ്യാപകമായി പ്രയോഗിക്കുന്നുണ്ട്.
ബംഗാളിൽ ടി.എം.സി., ഒഡിഷയിൽ ബി.ജെ.ഡി., പഞ്ചാബിൽ അകാലിദൾ, ബിഹാറിൽ ജെ.ഡി.യു., ഉത്തർപ്രദേശിൽ ബി.എസ്.പി., തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പ്രാദേശികപാർട്ടികളെ ബി.ജെ.പി. പല കാലത്ത് ചേർത്തുനിർത്തിയത് അവരുടെ ചുമലിലേറി മറുകരയെത്താനാണ്. 2014-നുശേഷം ബി.ജെ.പി.യുടെ ഈ കരുനീക്കങ്ങൾ ത്വരഗതിയിലായി. ഉപയോഗം കഴിഞ്ഞാൽ ചില ബന്ധങ്ങൾ ഉപേക്ഷിക്കാനും പുതിയ ബാന്ധവങ്ങൾ സ്വീകരിക്കാനും ബി.ജെ.പി. മടിച്ചില്ല.
മുങ്ങുന്ന കപ്പൽ
ഒഡിഷയിൽ ബി.ജെ.ഡി.യുമായി 1998 മുതലുള്ള ബന്ധം ഫലപ്രദമായി ഉപയോഗിച്ചാണ് ബി.ജെ.പി. കിഴക്കൻ ഇന്ത്യയുടെ രാഷ്ട്രീയമണ്ണിൽ കാലുറപ്പിച്ചത്. ദേശീയരാഷ്ട്രീയത്തിലെ അതികായരിലൊരാളായിരുന്ന ബിജു പട്‌നായിക്കിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ നവീൻ പട്‌നായിക് സ്ഥാപിച്ച ബിജു ജനതാദളുമായി സഖ്യത്തിലേർപ്പെട്ടാണ് ബി.ജെ.പി. ഒഡിഷയിൽ വേരുറപ്പിച്ചത്.
1997-ലാണ് ജനതാദൾ പിളർത്തി നവീൻ ബി.ജെ.ഡി. സൃഷ്ടിച്ചത്. തുടർന്ന് എൻ.ഡി.എ. സഖ്യത്തിൽ ചേർന്നു. 1998 മുതൽ 2000 വരെ വാജ്‌പേയി സർക്കാരിൽ മന്ത്രിയായി. 2000 മുതൽ 24 വർഷമായി ഒഡിഷ മുഖ്യമന്ത്രിയായി തുടരുന്ന നവീൻ പട്‌നായികിന്റെ ജനപ്രിയതയാണ് ബി.ജെ.പി.യുടെ മുന്നിലെ ആകർഷണഘടകം. ഒഡിഷയുടെ ഭരണം ആത്യന്തിക ലക്ഷ്യവും. 2000 മുതൽ 2009 വരെ ബിജു ജനതാദൾ എൻ.ഡി.എ.യുടെ ഭാഗമായിരുന്നു. 2009-ൽ സീറ്റ് പങ്കിടലിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഖ്യം പൊളിഞ്ഞു. സഖ്യമില്ലെങ്കിലും ഇരുപാർട്ടികളും പരസ്പരയോജിപ്പോടെയാണ് ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ തുടർന്നും ഇടപെട്ടത്.
കഴിഞ്ഞ 10 വർഷം മോദിസർക്കാരിന് പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷബെഞ്ചിലിരുന്നുതന്നെ ബി.ജെ.ഡി. അംഗങ്ങൾ സഹകരിച്ചു. സാങ്കേതികമായി ബി.ജെ.പി.യാണ് ഒഡിഷയിൽ മുഖ്യപ്രതിപക്ഷമെങ്കിലും സംസ്ഥാനരാഷ്ട്രീയത്തിലും ഇരുപാർട്ടികളും തമ്മിൽ ഇഴയടുപ്പമേറെ.
കോൺഗ്രസ് ഉയർന്നുവരാതിരിക്കുന്നതിൽ രണ്ടു പാർട്ടികളും ബദ്ധശ്രദ്ധർ. അതിനാൽ, 15 വർഷംമുമ്പ് തകർന്ന സഖ്യം പുനഃസ്ഥാപിച്ച് ഇക്കുറി ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ഒരുമിച്ച് നേരിടാൻ ആലോചന സജീവമായിരുന്നു.
ബി.ജെ.പി.യുമായുള്ള ബന്ധത്തിന് ബി.ജെ.ഡി.യാണ് മുൻകൈയെടുത്തതെന്നതാണ് ഇക്കുറി ശ്രദ്ധേയം. നവീൻ പട്‌നായിക്കിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.ഡി.
എന്നാൽ, ആ പ്രതിച്ഛായയ്ക്ക് അടുത്തിടെ തെല്ല് മങ്ങലേറ്റിട്ടുണ്ട്. 24 വർഷമായി തുടരുന്ന ഭരണത്തോടുള്ള വിരുദ്ധവികാരം, 76-കാരനായ നവീനിന്റെ അനാരോഗ്യം, പാർട്ടിയിലെ പടലപ്പിണക്കങ്ങൾ തുടങ്ങിയവയാൽ മുങ്ങൽപ്രവണത കാണിച്ചുതുടങ്ങിയ കപ്പലായിരിക്കുന്നു ബി.ജെ.ഡി.
ഇതുതിരിച്ചറിഞ്ഞ പലരും ബി.ജെ.ഡി. വിട്ട് ബി.ജെ.പി.യിൽ ചേക്കേറി. പാർട്ടിയിൽ തന്റെ പിന്തുടർച്ചക്കാരനായി തമിഴ്‌നാട് സ്വദേശിയായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ വി.കെ. പാണ്ഡ്യനെ നവീൻ അവരോധിച്ചതോടെ ഉൾപ്പാർട്ടി പ്രശ്നം പെരുകി. ഇതാണ് സഖ്യത്തിന്റെ കച്ചിത്തുരുമ്പ് തേടാൻ ബി.ജെ.ഡി.യെ പ്രേരിപ്പിച്ചത്.
സഖ്യമുണ്ടായാൽ, സംസ്ഥാനത്ത് ബി.ജെ.ഡി.ക്ക് ഭരണം തുടരാം, കേന്ദ്രത്തിൽ ബി.ജെ.പി.ക്ക് കൂടുതൽ സീറ്റുറപ്പിക്കാം-ബി.ജെ.ഡി മുന്നോട്ടുവെച്ച ഫോർമുല. എന്നാൽ നവീൻ മനസ്സിൽ കണ്ടതിനപ്പുറം ബി.ജെ.പി. മാനത്തുകണ്ടു.
ബി.ജെ.പി.-ബി.ജെ.ഡി. സഖ്യം വന്നാൽ, സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യപ്രതിപക്ഷമാകും. ദുർബലമായി നിൽക്കുന്ന കോൺഗ്രസിന് അത് ഊർജംപകരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് തെലങ്കാനയിലെപ്പോലെ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റാൽ ബി.ജെ.പി.യുടെ പ്രതീക്ഷ തകരും. അതിനാൽ, സഖ്യമുണ്ടാക്കാതെത്തന്നെ നിലവിലുള്ള അന്തർധാര തുടരുകയെന്ന സമീപനം ബി.ജെ.പി. കൈക്കൊണ്ടതോടെ നവീൻ-പാണ്ഡ്യൻ നീക്കം മുടങ്ങി.
ബിഹാർ മാതൃക
സഖ്യംചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തിരഞ്ഞെടുപ്പുകളത്തിൽ നിതീഷിനെ ഒറ്റപ്പെടുത്തി ജെ.ഡി.യു.വിനെ ക്ഷീണിപ്പിച്ച് ബിഹാറിൽ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തന്ത്രം ഒഡിഷയിലും പ്രയോഗിക്കും. സംഘടനാപരമായി ദുർബലമായിക്കഴിഞ്ഞ നവീനിന്റെ കാലടികൾക്കടിയിലെ മണ്ണ് ചോരും.
സംസ്ഥാനഭരണം ബി.ജെ.ഡി. നിലനിർത്തുമെങ്കിലും സീറ്റെണ്ണം കുറഞ്ഞ് ദുർബലമാകുന്ന നവീനിനെ ബി.ജെ.പി. നിയന്ത്രിക്കും. നവീനിന്റെ അസ്തമയത്തിനുശേഷമുള്ള രാഷ്ട്രീയത്തിനായി ബി.ജെ.പി. കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Content Highlights: BJP woo smaller parties to boost position