സഖ്യകക്ഷികള്‍ക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നിശ്ചയിക്കാൻ 4:1 ഫോർമുല; ആരെയും തള്ളാനാകാതെ ബി.ജെ.പി.

#ഷൈന്‍ മോഹന്‍
പ്രതീകാത്മക ചിത്രം | Photo:
പ്രതീകാത്മക ചിത്രം | Photo:

ന്യൂഡല്‍ഹി: സ്ഥാനമൊഴിയുന്ന രണ്ടാം മോദി സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാരെല്ലാം ബി.ജെ.പി. നേതാക്കള്‍ മാത്രമായിരുന്നെങ്കില്‍ ഇനിയതാവില്ല സ്ഥിതി. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്നാംമോദി മന്ത്രിസഭയില്‍ കാബിനറ്റ് പദവിയുള്ളതും ഇല്ലാത്തതുമായി സഖ്യകക്ഷി അംഗങ്ങള്‍ ഏറെയുണ്ടാകും. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തതോടെ 14 സഖ്യകക്ഷികളേയും തൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് ബി.ജെ.പി. 

രണ്ടാം മോദി സര്‍ക്കാരില്‍ അവസാനഘട്ടമായപ്പോഴേക്കും സഖ്യകക്ഷികളില്‍നിന്ന് ഒരു കാബിനറ്റ് മന്ത്രി പോലും ഇല്ലാതായിരുന്നു. സഹമന്ത്രിമാരായി ഉണ്ടായിരുന്നത് ആര്‍.പി.ഐയുടെ രാംദാസ് അഠാവ്‌ലെയും അപ്‌നാ ദളിന്റെ അനുപ്രിയ പട്ടേലും മാത്രം. എന്നാല്‍, മൂന്നാം മോദി സര്‍ക്കാരില്‍ ഒരംഗം മാത്രമുള്ള കക്ഷികള്‍ക്ക് പോലും കാബിനറ്റ് പദവി ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ ഏക അംഗമായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിക്ക് കാബിനറ്റ് പദവി ലഭിച്ചേക്കാം. 

രണ്ടാം മോദി സര്‍ക്കാരിന്റെ തുടക്കത്തില്‍ സഖ്യകക്ഷികളില്‍ നിന്ന് അഞ്ച് കാബിനറ്റ് മന്ത്രിമാരുണ്ടായിരുന്നു. പിന്നീട് പലകാരണങ്ങള്‍ കൊണ്ട് ഒന്നുപോലുമില്ലാതായി. എല്‍.ജെ.പിയുടെ മന്ത്രി രാംവിലാസ് പസ്വാന്‍ 2020 ഒക്ടോബറില്‍ മരിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിവസേനയിലെ പിളര്‍പ്പിനേത്തുടര്‍ന്ന് അരവിന്ദ് സാവന്ത് പടിയിറങ്ങി. എന്‍.ഡി.എ. മുന്നണി വിട്ടതിനേത്തുടര്‍ന്ന് ജെ.ഡി.യുവിന്റെ രാമചന്ദ്ര പ്രസാദ് സിങ്ങും എല്‍.ജെ.പി.യിലെ പ്രശ്‌നങ്ങളേത്തുടര്‍ന്ന് പശുപതി പരസും രാജിവെച്ചതോടെ രണ്ടാം മോദി സര്‍ക്കാരില്‍ സഖ്യകക്ഷികളില്‍ നിന്ന് ഒരു ക്യാബിനെറ്റ് മന്ത്രിപോലും ഇല്ലാതായി. 

ഇക്കുറി അതാവില്ല സ്ഥിതി. അഞ്ചിലേറെ കാബിനറ്റ് മന്ത്രിമാര്‍ സഖ്യകക്ഷികളില്‍ നിന്നുണ്ടായാല്‍ അത്ഭുതമില്ല. കാബിനറ്റ് സ്ഥാനം നല്‍കാന്‍ 4:1 എന്ന ഫോര്‍മുലയാകും ബി.ജെ.പി. അടിസ്ഥാനമാക്കുക. അതായത് നാല് അംഗങ്ങള്‍ക്ക് ഒരു മന്ത്രി. എന്നാല്‍ എല്ലാ സഖ്യകക്ഷികളുടേയും കാര്യത്തില്‍ ഇത് കര്‍ശനമായി പാലിക്കാനുമാവില്ല. 

പതിനാറ് അംഗങ്ങളുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിക്ക് ഈ ഫോര്‍മുല പ്രകാരം നാല് മന്ത്രിമാരെ നല്‍കേണ്ടിവരും. അതില്‍ രണ്ടെണ്ണമെങ്കിലും ക്യാബിനറ്റാകും. പന്ത്രണ്ട് അംഗങ്ങളുള്ള ജെ.ഡി.യു.വിനും ഇത്രതന്നെ മന്ത്രിമാരെ നല്‍കാനാണ് സാധ്യത. അഞ്ചംഗങ്ങളുള്ള എല്‍.ജെ.പി.യില്‍ ചിരാഗ് പസ്വാന് കാബിനറ്റ് പദവിയും മറ്റൊരാള്‍ക്ക് സഹമന്ത്രിസ്ഥാനവും ലഭിക്കാം. ബിഹാറിലെ ജെ.ഡി.യു. മന്ത്രി അശോക് ചൗധരിയുടെ മകളാണെങ്കിലും എല്‍.ജെ.പി. ടിക്കറ്റില്‍ ജയിച്ച സാംഭവി ചൗധരിക്കാണ് സാധ്യത. ഇരുപത്തിയാറുകാരിയായ സാംഭവിയാണ് ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 

ഏഴംഗങ്ങളുള്ള ശിവസേനയുടെ ഷിന്ദേ വിഭാഗത്തിനും കാബിനറ്റ് ഉള്‍പ്പെടെ ഒന്നിലേറെ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടംഗങ്ങള്‍ മാത്രമുള്ള ജെ.ഡി.എസ്സിന്റെ എച്ച്.ഡി. കുമാരസ്വാമിക്കും കാബിനറ്റ് പദവി ലഭിക്കാം. നിലവില്‍ മന്ത്രി കൂടിയായ അപ്‌നാ ദളിന്റെ അനുപ്രിയാ പട്ടേലിന് ഇത്തവണ കാബിനറ്റ് പദവി ലഭിച്ചേക്കും. 

എന്‍.ഡി.എയില്‍ ബി.ജെ.പി. ഒഴികെയുള്ള 14 പാര്‍ട്ടികളില്‍ ഏഴെണ്ണത്തിന് ഒരോ അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളുള്ള മൂന്ന് പാര്‍ട്ടികളുമുണ്ട്. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം (272 സീറ്റ്) ലഭിക്കാത്ത ബി.ജെ.പി. ഇക്കുറി ഇവരേയൊന്നും നിരാശപ്പെടുത്താനിടയില്ല.

നിര്‍ണായകം സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും

കഴിഞ്ഞ രണ്ട് മോദി സര്‍ക്കാരുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍.ഡി.എ. അധികാരമേറ്റത്. അതിനാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ അവഗണിക്കാനോ അടിച്ചിരുത്താനോ ഭരണകക്ഷികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. ഇനിയതല്ല സ്ഥിതി. 543 അംഗ ലോക്സഭയില്‍ 293 പേരാണ് ഭരണകക്ഷിയായ എന്‍.ഡി.എ.യിലുള്ളത്. ബാക്കിയെല്ലാം മറുഭാഗത്താണ്. അതിന് സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും വലിയ പങ്കുവഹിക്കേണ്ടിവരും. 

ബഹളമോ തടസ്സപ്പെടുത്തലുകളോ ഇല്ലാതെ സഭ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്പീക്കറുടെ കഴിവ് പ്രധാനമാണ്. അതുപോലെതന്നെ സര്‍ക്കാരും പ്രതിപക്ഷവും തമ്മലുള്ള പാലമായി പ്രവര്‍ത്തിക്കേണ്ട പാര്‍ലമെന്ററി കാര്യ മന്ത്രിക്കും ഇക്കാര്യത്തില്‍ നല്ല മെയ്വഴക്കം വേണം. രണ്ടാം മോദി സര്‍ക്കാരിലെ സ്പീക്കറായിരുന്ന ഓം ബിര്‍ളയോ പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയോ സമവായത്തിന്റെ സാധ്യതകളേക്കാള്‍ അപ്രമാദിത്വത്തിന്റെ രീതികളാണ് അവലംബിച്ചിരുന്നത്. മൂന്നാം മോദി സര്‍ക്കാരില്‍ ലോക്സഭാ നടപടികള്‍ സുഗമമായും കാര്യക്ഷമമായും മുന്നോട്ടുപോകാന്‍ പലപ്പോഴും സമവായത്തിന്റെ പാത സ്വീകരിക്കേണ്ടിവന്നേക്കും.

Content Highlights: What will allies get in third NDA government