തൃശൂരിന്റെ സൂപ്പർസ്റ്റാർ ഇനി ഇന്ത്യയുടേയും; കാത്തിരിക്കുന്നത് പ്രതീക്ഷകളുടെ വലിയ പൂരം

സുരേഷ് ഗോപി | Photo: Facebook/ Suressh Gopi
സുരേഷ് ഗോപി | Photo: Facebook/ Suressh Gopi

2023 മാർച്ച് 12, ഞായറാഴ്ച. തൃശ്ശൂർ തേക്കിൻകാട് മൈതാനം. കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി. തുടക്കമിടുന്ന ജനശക്തിറാലി നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ ചാണക്യനുമായ അമിത് ഷായാണ് പരിപാടിയിലെ മുഖ്യാതിഥി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയോ അമിത് ഷായോ പങ്കെടുക്കുന്ന പരിപാടികളിൽ അവർക്കിരുവർക്കും മുകളിൽ ആർക്കും പ്രാധാന്യം ലഭിക്കില്ലെന്ന പതിവ് തേക്കിൻകാട് മൈതാനത്തെ പരിപാടിയിൽ ലംഘിക്കപ്പെട്ടു. അമിത് ഷായുമെത്തി കാര്യപരിപാടികളിലേക്ക് കടന്നപ്പോഴാണ്, വേദിയിലേക്ക് ഒരാൾ കടന്നുവരുന്നത്. കൈയിൽ ഒരു പൊന്നാടയുമായെത്തിയ അയാളെ അമിത് ഷാ എഴുന്നേറ്റുനിന്ന് കൈകൂപ്പി സ്വീകരിച്ചു. അയാൾ ആ പൊന്നാട, തനിക്ക് രാഷ്ട്രീയത്തിൽ അനുസരിക്കാനുള്ള രണ്ടുപേരുകളിൽ ഒരാളായ അമിത് ഷായെ അണിയിച്ചു. അരലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് ബി.ജെ.പി. അവകാശപ്പെട്ട പരിപാടി വീക്ഷിക്കാനെത്തിയ എല്ലാവരും ഒരൊറ്റപേരിന് വേണ്ടി ആവേശംകൊണ്ടു, സുരേഷ്‌ ഗോപിക്കുവേണ്ടി.

ക്രൗഡ് പുള്ളറാണ് സുരേഷ്‌ ഗോപി. മലയാള സിനിമയിലെ എക്കാലത്തേയും ക്ഷുഭിത 'യൗവ്വനം'. രാഷ്ട്രീയ അധികാരികളോട് സന്ധിചെയ്യാത്ത വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ, മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമ വാഴുന്ന കാലത്തുതന്നെ സൂപ്പർസ്റ്റാർ കസേര വലിച്ചിട്ടിരുന്ന നായകനടൻ. ഇടതുപക്ഷ വിദ്യാർഥി സംഘടനയിൽ പ്രവർത്തിച്ച, കരുണാകരനുമായി അടുപ്പം പുലർത്തിയ സുരേഷ്‌ ഗോപിയെ പിന്നീട് കണ്ടത് നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായി രാജ്യസഭയിൽ. അവിടുന്ന് ബി.ജെ.പിയിൽ. സിനിമയിൽ സജീവമായപ്പോൾ തന്നെ പലകുറി രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോഴും, മറ്റ് മുഴുവൻസമയ രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തമായി ഒരുകാര്യം കൂടി സുരേഷ്‌ഗോപി പലയാവർത്തി പറഞ്ഞു, രാഷ്ട്രീയത്തിൽ തനിക്ക്‌ മറ്റ് അധികാരികളില്ല, രണ്ടേരണ്ടുപേർ. ഒന്ന് നരേന്ദ്രമോദി. രണ്ട് അമിത് ഷാ. കമ്മിഷണർ സിനിമയിൽ മോഹൻതോമസ് എന്ന കഥാപാത്രം ഭരത് ചന്ദ്രൻ ഐ.പി.എസിനോട് പറയുന്നത് പോലെ, സുരേഷ്‌ഗോപിക്ക് ഒരു ഡൽഹിയേയുള്ളൂ. ഹി ബിലോങ്‌സ് ടു ദേർ!

Content Highlights: Suresh Gopi, to lost MP to Won Union minister

Continue reading