മോദി ഭരണം: ആഖ്യാനങ്ങള്‍കൊണ്ട് യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കാനാകുമോ

''വര്‍ത്തമാനകാലത്തെയും ചരിത്രത്തെയും കുറിച്ചുള്ള ആഖ്യാനങ്ങളുടെ നിയന്ത്രണം കൈയാളുന്നവര്‍ക്ക് രാജ്യഭരണം നിലനിര്‍ത്താനാവുമെന്നൊരു സിദ്ധാന്തമുണ്ട്. അതാണ് ബി.ജെ.പി. ഫലപ്രദമായി പ്രയോഗിക്കുന്നത്. പക്ഷേ, ഈ ആഖ്യാനങ്ങള്‍കൊണ്ട് യാഥാര്‍ഥ്യങ്ങളെ മറച്ചുവെക്കാനാകുമോ?''
ഒരു രാജ്യത്ത് ചര്‍ച്ചാവിഷയമാകുന്ന ആഖ്യാനങ്ങളുടെ നിയന്ത്രണം കൈയാളാന്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കു കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കാനും നിലനിര്‍ത്താനും ആ കക്ഷിക്കു സാധിക്കും എന്നൊരു സിദ്ധാന്തമുണ്ട്. ഈ സിദ്ധാന്തം ശരിയാണെന്ന് കഴിഞ്ഞ 10 വര്‍ഷമായി ഭാരതീയ ജനതാ പാര്‍ട്ടി തെളിയിച്ചു വരികയാണ്. യാഥാര്‍ഥ്യങ്ങളില്‍ ചെന്നു തട്ടുമ്പോള്‍ ഈ ആഖ്യാനങ്ങള്‍ക്ക് എന്തു സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്. ആഖ്യാനങ്ങള്‍ അത്ര എളുപ്പത്തില്‍ നശിച്ചു പോകില്ല എന്നാവും ബിജെപിക്കാരുടെ വാദം. പല സന്ദര്‍ഭങ്ങളിലും തകരാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും തങ്ങളുടെ ആഖ്യാനത്തിനു ഇപ്പോഴും മേല്‍ക്കൈയുണ്ടല്ലോ എന്നും അവര്‍ ചൂണ്ടിക്കാട്ടും. പക്ഷേ, ഇത്രനാള്‍ നേരിട്ട പ്രതിബന്ധങ്ങള്‍ അപ്രസക്തമായിട്ടുണ്ടോ? അവ പുതിയ രൂപങ്ങളില്‍ തിരിച്ചു വരാനിടയില്ലേ? ഇതുവരെ നേരിടാത്ത വെല്ലുവിളികള്‍ പ്രത്യക്ഷപ്പെട്ടുകൂടെന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്കു ലഭിക്കാവുന്ന ഉത്തരങ്ങളെപ്പറ്റി ചിന്തിക്കുന്നതിനു മുമ്പ് ''ആഖ്യാനം നിയന്ത്രിക്കുക'' എന്ന ആശയത്തിന്റെ അര്‍ഥം മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ വര്‍ത്തമാന സ്ഥിതിയുടെയും ആ അവസ്ഥയ്ക്കു കാരണമായ ചരിത്രത്തിന്റെയും വിവരണത്തെയാണ് ആഖ്യാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയെയും പോയ കാലത്തെയും ഒരേ ദൃഷ്ടികോണില്‍ നിന്നാണ് വീക്ഷിക്കുന്നെങ്കില്‍ ഭാവിയെയും അതെ രീതിയില്‍ ആവും കാണുന്നത്. അതുകൊണ്ട് ആഖ്യാനം എന്ന ആശയം ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെക്കുറിച്ചുള്ള വീക്ഷണമാണ്. ഭാരതവാസികളുടെ മനസ്സില്‍ 2014 വരെ നിറഞ്ഞു നിന്നിരുന്ന ആഖ്യാനത്തെ തകര്‍ത്തിട്ട് പകരം വേറൊന്നു ജനമനസുകളില്‍ സ്ഥാപിക്കാന്‍, അധികാരത്തില്‍ വന്നതിനുശേഷം ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടുണ്ട്. വലിയ പരിധി വരെ അതില്‍ വിജയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ബിജെപിയുടെ ആഖ്യാനത്തിനാണ് മേല്‍ക്കൈയെന്നും മുമ്പത്തെ ആഖ്യാനം മങ്ങിപ്പോയിട്ടുണ്ട് എന്നും പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. അതുകൊണ്ട് ഇന്ത്യയുടെ ആഖ്യാനം നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നു പറയാം.
ബിജെപി ആഖ്യാനത്തിന്റെ മുഖമുദ്രകള്‍ എന്തൊക്കെ ആണെന്നു നോക്കാം. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്തോ കള്ളക്കളിയിലൂടെയാണ് 1947-ല്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ്സുകാര്‍ മൊത്തമായിട്ടല്ലെങ്കിലും ജവാഹര്‍ലാല്‍ നെഹ്രുവും കൂട്ടരും ആ കളിയുടെ ഭാഗമായിരുന്നു. അര്‍ഹതയില്ലാതിരുന്നിട്ടും നെഹ്രു പ്രധാനമന്ത്രിസ്ഥാനം സ്വന്തമാക്കി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനങ്ങളെ അവഗണിക്കുന്നതിന്റെയും പൊതുസ്വത്തു മോഷ്ടിക്കുന്നതിന്റെയും കഥയായിരുന്നു, തുടര്‍ന്നുവന്ന 67 വര്‍ഷം. നരേന്ദ്ര മോദി എന്ന ദീര്‍ഘദര്‍ശകനും ഊര്‍ജസ്വലനുമായ നേതാവ് 2014-ല്‍ അധികാരത്തില്‍ വന്നതോടെ ഇതെല്ലാം മാറി. ജനവിരുദ്ധ പരാക്രമങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ച് രാജ്യം വികസനത്തിന്റെ പാതയില്‍ കുതിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ നമ്മളെ ഭയപ്പെടാനും സുഹൃത്തുക്കള്‍ ആദരിക്കാനും തുടങ്ങി. ഭാരതം അതിന്റെ അര്‍ഹിക്കുന്ന സ്ഥാനത്ത് എത്താറായതോടെ പുറംലോകത്തിനു മുന്നില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ശക്തി നമ്മളാര്‍ജ്ജിച്ചു.
പല ന്യൂനതകളെയും അതിജീവിക്കാന്‍ ഈ ആഖ്യാനംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. 2016-ലെ നോട്ട് നിരോധനം എന്ന മഹാ അബദ്ധം; വരുംവരായ്കകളെക്കുറിച്ചു പൂര്‍ണമായി ചിന്തിക്കാതെ ചരക്കു സേവന നികുതി നടപ്പാക്കിയത്, അതുകൊണ്ടു ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍, അസംഘടിത മേഖലയുടെ തകര്‍ച്ച; വിദേശബാങ്കുളില്‍ ഒളിപ്പിച്ച വെച്ച പണക്കെട്ടുകള്‍ തിരിച്ചു കൊണ്ടുവരും എന്ന വാഗ്ദാനത്തിന്റെ പൊള്ളത്തരം; നീരവ് മോദിയെപ്പോലുള്ളവര്‍ മോഷ്ടിച്ച കാശ് വിദേശത്തേക്ക് കടത്തുന്നത് തടയുന്നതില്‍ പറ്റിയ വീഴ്ച, ലക്ഷക്കണക്കിന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം വെറും വാക്കായിപ്പോയത്, സൂക്ഷ്മ, ചെറുകിട ഇടത്തര സംരംഭങ്ങളുടെ തകര്‍ച്ച... ഇവയെല്ലാം ആദ്യത്തെ മോദി സര്‍ക്കാരിന് സാമ്പത്തിക രംഗത്തു പറ്റിയ വീഴ്ചകളുടെ പട്ടികയില്‍പ്പെടുന്നു.
രാജ്യരക്ഷാരംഗത്തും പ്രവര്‍ത്തനം അത്ര മെച്ചമായിരുന്നില്ല. ഡോക് ലാമിലും ഉറി സേനാ താവളത്തിലും പുല്‍വാമയിലും.സംഭവിച്ച ആക്രമണങ്ങള്‍ ഏതു സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍പോന്നതാണ്. മൂന്ന് അത്യാഹിതങ്ങളും രഹസ്യാന്വേഷണ സ്ഥാപനങ്ങളുടെ പോരായ്മയിലേക്കു മാത്രമല്ല വിരല്‍ ചൂണ്ടുന്നത്. ആ സംവിധാനങ്ങളുടെ മുകളിലുള്ള മന്ത്രിസഭക്കാണ് കാര്യമായ ഉത്തരവാദിത്വം. ഇവ നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ ആഖ്യാനം പ്രതികരണങ്ങളുടേതായി മാറി. കരസേനയും വ്യോമസേനയും മന്ത്രിസഭയെ രക്ഷിച്ചു എന്നാണ് സത്യം. 2019-ല്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെ വേണ്ട ശക്തിയോടെ വിമര്‍ശിച്ചില്ല. ബിജെപിക്ക് അവരുടെ ആഖ്യാനം പുനരുജ്ജീവിപ്പിക്കാന്‍ അവസരം കിട്ടുകയും ചെയ്തു.
മോദിസര്‍ക്കാര്‍ രണ്ടാമൂഴം ആരംഭിച്ചതും അത്ര മനോഹരമായ രീതിയില്‍ ആയിരുന്നില്ല. ഏതാണ്ട് ഒരുവര്‍ഷം തികയുന്നതിനു മുമ്പേ കോവിഡ് മഹാമാരിയും ചൈനയുടെ ലഡാക്ക് അധിനിവേശവും നേരിടേണ്ടിവന്നു. രണ്ടുകാര്യങ്ങളോടുമുള്ള സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ തൃപ്തികരമായിരുന്നില്ല. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ കോവിഡിനെ ശാസ്ത്രീയ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അടുക്കളപ്പാത്രങ്ങള്‍ കൂട്ടിയടിക്കാന്‍ പറഞ്ഞതല്ലാതെ, കാര്യമായ ഉപദേശങ്ങളൊന്നും കേന്ദ്രത്തിനു നല്‍കാനുണ്ടാരുന്നില്ല. സംസ്ഥാനങ്ങളില്‍ നിന്ന് പാഠം പഠിച്ച ശേഷമാണ് കേന്ദ്രത്തിന്റെ പദ്ധതികള്‍ വേണ്ടവിധത്തിലായത്. കോവിഡ് മഹാമാരി ലോകമാകെ പ്രശ്നമായിരുന്നതിനാല്‍ അത് ശമിച്ചപ്പോള്‍ ഉണ്ടായ ആശ്വാസത്തില്‍ സര്‍ക്കാരിന്റെ തുടക്കത്തിലേ വീഴ്ചകള്‍ എല്ലാവരും വിസ്മരിച്ചു.
കിഴക്കന്‍ ലഡാക് സംഭവവും രാഷ്ട്രീയ നേതൃത്വത്തിന്റെ വീഴ്ച മൂലം ആയിരുന്നു. നിയന്ത്രണ രേഖയ്ക്ക് ഇപ്പുറത്തുനിന്ന് 50 കിലോമീറ്ററോളം ദൂരം വരെയുള്ള ടിബറ്റിലെ പരന്ന ഭൂപ്രദേശം നിരീക്ഷിക്കാന്‍ വേണ്ട ഇലക്ട്രോണിക് സാമഗ്രികള്‍ നമ്മുടെ സൈന്യത്തിനുണ്ട്. അതിനാല്‍ ചൈന പട്ടാളം അധിനിവേശത്തിന് തയ്യാറെടുക്കുമ്പോഴും നടപ്പാക്കാന്‍ തുടങ്ങുമ്പോഴും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടാവണം. ഇത്തരത്തിലുള്ള വിവരം ലഭിച്ചാല്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. വേണ്ട ജാഗ്രതയോടെയും വേഗതയോടെയും തീരുമാനമെടുത്തിട്ടുണ്ടാവില്ല എന്നാണു തോന്നുന്നത്. ഇന്ത്യക്കാര്‍ക്ക് സൈന്യത്തോട് വലിയ ആദരവ് ഉള്ളതിനാലും അതിര്‍ത്തികളില്‍ നടക്കുന്ന കാര്യങ്ങള്‍ മിക്ക പൗരന്മാരും നേരിട്ട് കാണാറില്ലെന്നതിനാലും ഈ സംഭവവികാസവും വിശദമായി പരിശോധിക്കപ്പെട്ടില്ല. ഒന്നാമൂഴത്തില്‍ ചെയ്തത് പോലെ ആഖ്യാനം നിയന്ത്രിച്ചു കൊണ്ട് ഈ വീഴ്ചകളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞു. കോവിഡിനെ നേരിട്ടത് കേന്ദ്രസര്‍ക്കാരിന്റെ വിജയഗാഥ ആയിട്ടാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. ലഡാക്കിലെ ഭൂമിനഷ്ടം സൈന്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ കഥയായും.
എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകളെ അങ്ങനെ മറച്ചുവെക്കാനാവില്ല. എല്ലാവരും നേരിട്ട് അനുഭവിക്കുന്നതാണവ. കണക്കുകൂട്ടുന്നതിനും വിശകലനങ്ങള്‍ നടത്തുന്നതിനുമുള്ള ശാസ്ത്രീയവും നിക്ഷ്പക്ഷവുമായ സംവിധാനങ്ങള്‍ 10 വര്‍ഷംകൊണ്ട് ആകെ താറുമാറായിക്കഴിഞ്ഞു. അവസരവും ആവശ്യവും അനുസരിച്ച് അപ്പപ്പോള്‍ തോന്നുന്ന കണക്കുകളാണ് സര്‍ക്കാര്‍ പുറത്തു വിടുന്നത്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാവാനും നമ്മുടെ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ചു ലക്ഷം കോടി ഡോളര്‍ ആവാനും പോവുകയാണെന്ന് സര്‍ക്കാരിന് കൊട്ടിഗ്‌ഘോഷിക്കാം. പക്ഷേ, മാനവ വികസന സൂചികയില്‍ നമ്മള്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയിലെ താഴെത്തട്ടിന്റെ അടുത്താണെന്നു അറിയുമ്പോള്‍ ഈ വക വാചകമടിക്ക് എന്താണു വില? ജനങ്ങളില്‍ അഞ്ചു ശതമാനം പേരു മാത്രമേ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളുവെന്ന് ഈയെടെ നിതി ആയോഗിന്റെ മേധാവി പ്രഖ്യാപിച്ചു. പിന്നെ എന്തിനാണ് സര്‍ക്കാര്‍ 85 കോടി പൗരന്മാര്‍ക്കു സൗജന്യ അന്നദാനം നടത്തുന്നത്. കടക്കെണിയില്‍ ഞെരുങ്ങുന്ന കോടിക്കണക്കിന് ആള്‍ക്കാരെ പരിഹസിക്കുകയായിരുന്നോ അദ്ദേഹം?
ജനജീവിതം സംബന്ധിച്ച് മൂന്ന് യാഥാര്‍ഥ്യങ്ങള്‍ ഉണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ധിക്കുന്ന അസമത്വം എന്നിവയാണവ. കണക്കുകൊണ്ട് എന്തു കസര്‍ത്തു കളിച്ചാലും എല്ലാ വീട്ടമ്മമാര്‍ക്കും അറിയും, അങ്ങാടിയിലെ സ്ഥിതി എന്താണെന്ന്. അന്യസംസ്ഥാനങ്ങളിലും വിദേശത്തും യുക്രൈനിലെ പോര്‍ക്കളത്തില്‍പ്പോലും ജോലി തേടിനടക്കുന്ന യുവാക്കളോട് കണക്കുകള്‍ നിരത്തിയിട്ട് സ്ഥിതി വേറെന്തോ ആണെന്ന് വാദിച്ചിട്ടെന്തു കാര്യം?. തൊഴിലില്ലായ്മയുടെ കാരണം അറിയാന്‍ വലിയ ഗവേഷണം നടത്തേണ്ട കാര്യമില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ധാരാളം ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടും വന്‍കിട വ്യവസായികള്‍ നിക്ഷേപങ്ങള്‍ നടത്തുന്നില്ല. ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മോശമല്ലെങ്കില്‍ അത് പ്രധാനമായിട്ടും പൊതുമേഖലാ നിക്ഷേപം മൂലമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടന ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ യുവാക്കളുടെ ഇടയില്‍ തൊഴിലായ്മയുടെ തോത് 2000 ത്തിലെ 35.2% ത്തില്‍നിന്നു ഇന്ന് 67.5% ആയിട്ടുണ്ട്.
വേള്‍ഡ് ഇനീക്വാലിറ്റി ലാബ് എന്ന ഗവേഷണ സ്ഥാപനം അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് രാജ്യത്തിന്റെ ഏറ്റവും മുകളിലുള്ള ഒരു ശതമാനം സമ്പന്നരുടെ ഉടമസ്ഥതയിലുള്ളത് മൊത്തം രാജ്യസ്വത്തിന്റെ 22.6% ആണ്. 1951-ല്‍ ഇതേ കൂട്ടരുടെ കൈവശമുള്ളത് 11%-ഉം 1980-ല്‍ ഇത് 6%-ഉം ആയിരുന്നു. താഴെത്തട്ടിലുള്ള 50% ത്തിന്റെ കൈവശം 1951-ല്‍ മൊത്തം രാജ്യസ്വത്തിന്റെ 20.6% ഉണ്ടായിരുന്നപ്പോള്‍ 2022-ല്‍ 15% മാത്രമേ ഉള്ളു. മധ്യനിരയില്‍ പെട്ട 40% ത്തിന്റെ കൈവശം 1951-ല്‍ മൊത്തം സ്വത്തിന്റെ 42% ഉണ്ടായിരുന്നപ്പോള്‍ 2022-ല്‍ 27% ആണുള്ളത് അവര്‍ക്കു മേലെയുള്ള 10% പേര്‍ക്ക് 1951- ല്‍ 36.7% ഉണ്ടായിരുന്നപ്പോള്‍ 2022-ല്‍ അത് 57.7% ആയി ഉയര്‍ന്നു ഒരു കൂട്ടം അതി സമ്പന്നര്‍ക്ക് അനുകൂലമായ നയങ്ങളാണ് 10 വര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തൊഴില്‍, പരിസ്ഥിതി വനം, സംബന്ധിച്ച നിയമങ്ങള്‍ അവര്‍ക്കു വേണ്ടി മാറ്റിയിട്ടുണ്ട്. നികുതി കാര്യത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാനമായ മേഖലകള്‍ എല്ലാം അവര്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്.
സാമ്പത്തിക മേഖലയില്‍ മോദി സര്‍ക്കാര്‍ എന്താണ് ഉദ്ദേശിച്ചതെന്നു ഏറെക്കുറെ വ്യക്തമാണ്. മറ്റുപല രാജ്യങ്ങളിലും പരീക്ഷിച്ച കാര്യം ഇവിടെയും നടത്തിനോക്കി എന്നാണ് തോന്നുന്നത്. അതനുസരിച്ച വ്യവസായികള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യവും പ്രോത്സാഹനവും നല്‍കിയാല്‍ അവര്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു സാമ്പത്തിക വളര്‍ച്ച കുത്തനെ ഉയര്‍ത്തും. വളര്‍ച്ച നിരക്ക് കുതിച്ചുയരുമ്പോള്‍ അതിന്റെ ഗുണം താഴെത്തട്ടിലേക്കും കിനിഞ്ഞു ഇറങ്ങും. മറ്റേ രാജ്യങ്ങളില്‍ ഉണ്ടായപോലെ ഇവിടെയും ഈ ''ട്രിക്കിള്‍ ഡൗണ്‍ എക്കണോമിക്സ്'' പരാജയപ്പെട്ടു എന്ന് വ്യക്തം. ആഗ്രഹിച്ച കിനിഞ്ഞിറങ്ങലിന് സമയമെടുക്കും എന്ന് അറിയാവുന്നതുകൊണ്ടും അതുവരെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുമോ എന്ന് അറിയാത്തതുകൊണ്ടുമാവാം ഒരു കൂട്ടം ക്ഷേമപദ്ധതികള്‍ നടപ്പാക്കിയത്. അതില്‍ പല പദ്ധതികളും സംസ്ഥാന സര്‍ക്കാരുകള്‍ അതിനു മുമ്പുതന്നെ നടത്തിവന്നവയായിരുന്നുു. പക്ഷേ, കേന്ദ്രത്തിന് ഇവയെല്ലാം കാര്യമായി വിപൂലീകരിക്കാന്‍ സാധിച്ചു. ചരക്കു സേവന നികുതിയുടെ വരവോടെ കേന്ദ്ര ഖജനാവിലേക്കുള്ള ഒഴുക്കു വര്‍ധിച്ചു. സെസ്സുകള്‍ വഴി നികുതി വരുമാനത്തിന്റെ വലിയൊരു ഭാഗം സംസ്ഥാനങ്ങളുമായി പങ്കുവെക്കാതെ കേന്ദ്രത്തിന് ഉപയോഗിക്കാന്‍ കിട്ടുകയും ചെയ്തു.
ക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാറിന്റെ തിരഞ്ഞെടുപ്പു കാലത്തെ തുരുപ്പു ചീട്ടായിട്ടാണ് കരുതപ്പെടുന്നത്. പക്ഷേ, വീടോ ശൗചാലയമോ സോളാര്‍ പാനലോ സ്ഥാപിക്കാന്‍ വ്യക്തികള്‍ക്ക് ഒരു വട്ടം പണം കൊടുത്തതുകൊണ്ട് അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റാന്‍ സാധിക്കുമോ? ആറേഴു വര്‍ഷം കഴിയുമ്പോള്‍ ഇവയ്‌ക്കൊക്കെ അറ്റകുറ്റപ്പണി ആവശ്യമാവില്ലേ? അപ്പോള്‍ വീണ്ടും ധനസഹായം നല്‍കുമോ? ജനങ്ങള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും നൈപുണ്യം നേടാനുള്ള സംവിധാനവും ഒരുക്കിയാല്‍, അവര്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയാല്‍ അവര്‍ക്ക് അവരുടെ ക്ഷേമം സ്വമേധയാ ഏറ്റെടുക്കാം. വ്യക്തികള്‍ അവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ അവസരങ്ങളാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഭരണകക്ഷിക്ക് ബോണ്ടു മുഖാന്തരമോ നേരിട്ടോ സംഭാവന നല്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ് അവര്‍ കാണുന്നത്. ഈ യാഥാര്‍ഥ്യത്തെ ആഖ്യാനംകൊണ്ടു മറച്ചു വെക്കാന്‍ സാധിക്കുമോ?
(ലേഖകന്‍ മാതൃഭൂമി മുന്‍ പത്രാധിപര്‍)
Content Highlights: Modi rule-Narratives and Reality-m kesavamenon