കേരളവും കര്‍ണാടകത്തിന്റെ പകുതിയും അടക്കം 89 സീറ്റില്‍ നാളെ പോളിങ്, വര്‍ഗീയത ബിജെപിയെ തുണക്കുമോ

ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിച്ച പോളിങ്ങ് ഉണ്ടാകാതെ വന്നതോടെ രണ്ടാം ഘട്ടത്തില്‍ എന്താകും ജനങ്ങളുടെ പ്രതികരണം എന്ന ആശങ്കയിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ഒന്നാം ഘട്ടത്തിന് മുമ്പ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്ക് വോട്ട് ചോദിച്ച ബിജെപിയും പ്രധാനമന്ത്രിയും രണ്ടാം റൗണ്ടില്‍ വര്‍ഗീയതയിലേക്കും വിദ്വേഷപ്രസംഗത്തിലേക്കും ഹിന്ദു-മുസ്ലിം ഭിന്നതയ്ക്കും ശ്രമിക്കുന്ന കാഴ്ച കണ്ടു. കോണ്‍ഗ്രസും പ്രതിപക്ഷവുമാകട്ടെ അതിനോട് ശക്തമായി പ്രതികരിച്ചെങ്കിലും പ്രധാനമന്ത്രി അത് ആവര്‍ത്തിച്ചു. ഏറ്റവും ഒടുവില്‍ വിദ്വേഷ പ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുന്ന സാഹചര്യം വരെയുണ്ടായി. അനായാസമാകില്ല വിജയം എന്ന സൂചനകളാണോ മോദിയുടെ വര്‍ഗീയ പ്രസംഗത്തിന് കാരണമെന്ന് സംശയിക്കുന്നവരും ഏറെ. മറുവശത്ത് പാരമ്പര്യ സ്വത്തിന് നികുതി എന്ന അമേരിക്കന്‍ മോഡല്‍ സാം പിത്രോഡ ഉന്നയിച്ചത് ബിജെപി ഏറ്റുപിടിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഒന്നാം മോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രി പാരമ്പര്യ സ്വത്തിന് നികുതിക്കായി വാദിക്കുന്ന വീഡിയോ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ചത്.
കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26-ന് വിധിയെഴുത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമാണിത്. 12 സംസ്ഥാനങ്ങളിലെ 88 സീറ്റുകളും കേന്ദ്രഭരണ പ്രദേശമായ ജമ്മു ആന്‍ഡ് കശ്മിരിലെ ഒരു മണ്ഡലവുമാണ് വെള്ളിയാഴ്ച തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പോളിങ് ബൂത്തിലെത്തുന്നത്. കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന്‍ (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മിര്‍ (1) എന്നിങ്ങനെയാണ് കണക്ക്. ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചത്ര പോളിങ് ഉണ്ടാകാത്തത് മുന്നണികളുടെയും പാര്‍ട്ടികളുടെയും ആത്മവിശ്വാസത്തെ ചെറുതായി ബാധിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പ്രചാരണവിഷയങ്ങളും അജണ്ടകളും മാറിമറിഞ്ഞതും വിദ്വേഷപ്രചാരണത്തിന്റെ മൂടിതുറന്നതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ 20 മണ്ഡലങ്ങളിലും കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും നടക്കുന്ന പോരാട്ടമാണ് രണ്ടാംഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമെന്ന് പറയാം. രാഹുല്‍ ഗാന്ധി-ശബരിമല ഘടകങ്ങളുടെ ബലത്തില്‍ 2019-ല്‍ 19 സീറ്റുകളും യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ തരംഗം അനുകൂലമാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കനലൊരുതരിയായി ഇങ്ങ് തെക്ക് ആലപ്പുഴയില്‍ ഒതുങ്ങിയതിന്റെ ക്ഷീണം ആവോളമുണ്ട് എല്‍.ഡി.എഫിന്. ഇത്തവണ ആ കേട് തീര്‍ക്കുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി, ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിച്ചാണ് ഇടതുക്യാമ്പിന്റെ നീക്കം. നിലമെച്ചപ്പെടുത്താതെ നിലനില്‍പ്പില്ലെന്ന ബോധ്യം എല്‍.ഡി.എഫിനുണ്ട്. ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടരെത്തുടരെയുള്ള സന്ദര്‍ശനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള തലപ്പൊക്കമുള്ള നേതാക്കന്മാരുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍, ഒരു സംസ്ഥാനമന്ത്രി, രണ്ട് ദേശീയനേതാക്കള്‍, നാല് എം.എല്‍.എമാര്‍ അങ്ങനെ തഴക്കവും തിളക്കവുമുള്ള സ്ഥാനാര്‍ഥികളെയാണ് മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്നത്.
തൃശ്ശൂര്‍
തൃശ്ശൂര്‍, വടകര, കണ്ണൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് തീപാറും പോരാട്ടം നടക്കുന്നതെന്ന് പറയാം. ബി.ജെ.പി. എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിനു വേണ്ടി വി.എസ്. സുനില്‍കുമാറും യു.ഡി.എഫിനു വേണ്ടി കെ. മുരളീധരനും കളത്തിലുണ്ട്. സാമുദായിക സമവാക്യങ്ങളും സാമൂഹിക ഘടകങ്ങളും ചേരുംപടി ചേര്‍ത്താണ് മൂന്ന് മുന്നണികളുടെയും നീക്കം.
കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനം പിന്നാലെ വടകരയില്‍നിന്ന് മത്സരിക്കാനെത്തിയ, സഹോദരന്‍ കെ. മുരളീധരന്‍. മൂന്നുമാസത്തിനിടെ മൂന്നുവട്ടം മണ്ഡലത്തിലെത്തിയ പ്രധാനമന്ത്രിയും കരുവന്നൂര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും. സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തെയും കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകളെയും ഇ.ഡിയുടെ കുരുക്കളെയും പ്രതിരോധിക്കാന്‍ ജനകീയനായ സുനില്‍കുമാറിനെ ഇറക്കിയ ഇടതുനീക്കം. ഇതൊക്കെത്തന്നെ ധാരാളമാണ്, തൃശ്ശൂരിലെ പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് പറയാന്‍.
വടകര
തൃശ്ശൂരിലേതിന് സമാനമായ ശക്തമായ ത്രികോണമത്സരമില്ലെങ്കിലും വടകരയിലും പോരാട്ടത്തിന് തീപാറുമെന്നാണ് ഉറപ്പാണ്. എല്‍.ഡി.എഫിനു വേണ്ടി കെ.കെ. ശൈലജയും യു.ഡി.എഫിനു വേണ്ടി ഷാഫി പറമ്പിലുമാണ് കളത്തില്‍. ഒന്നാം പിണറായി സര്‍ക്കാരില്‍, ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശൈലജയ്ക്ക് നല്‍കിയ മൈലേജ് ചെറുതായിരുന്നില്ല. കേരളത്തിനൊരു വനിതാ മുഖ്യമന്ത്രി വേണ്ടേ എന്ന നിയമസഭാ തിരഞ്ഞെടുപ്പുകാല പതിവുചോദ്യത്തിന് 2021-ല്‍ ഗൗരവമേറ്റിയത് ശൈലജയുടെ സാന്നിധ്യമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് വടകര. എന്നാല്‍ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 15 കൊല്ലമായി പരാജയമാണ് ഫലം. ഇത്തവണ മണ്ഡലം കെ.കെ. ശൈലജയിലൂടെ തിരിച്ചു പിടിക്കാനുള്ള കഠിനപ്രയത്‌നമാണ് എല്‍.ഡി.എഫിന്റേത്. കെ. മുരളീധരന്‍ വടകര വിട്ട് തൃശ്ശൂരിലേക്ക് പോയതോടെ കരുത്തനായ മറ്റൊരാളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അതിന്റെ ഫലമായാണ് പാലക്കാട് എം.എല്‍.എയായ ഷാഫി പറമ്പിലിന്റെ വടകരപ്രവേശം. ഷാഫിയുടെ വരവ് മത്സരം കൊഴുപ്പിച്ചു. ആരോപണങ്ങള്‍, പ്രത്യരോപണങ്ങള്‍, വിവാദങ്ങള്‍ അങ്ങനെ വടകരയുടെ അങ്കത്തട്ടില്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടുതലാണ്. അശ്ലീല വീഡിയോ ആരോപണങ്ങളും അതില്ലെന്ന വിശദീകരണവും പരാതിയും കേസും ഒക്കെയായി വടകരയില്‍ ആരോപണങ്ങള്‍ പലതായിരുന്നു ഈ ദിവസങ്ങളില്‍ കണ്ടത്. പ്രഫുല്‍ കൃഷ്ണയാണ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥനാര്‍ഥി.
തിരുവനന്തപുരം
ശശി തരൂര്‍, രാജീവ് ചന്ദ്രശേഖര്‍, പന്ന്യന്‍ രവീന്ദ്രന്‍.. തിരുവനന്തപുരത്തും മത്സരം കടുപ്പമാണ്. ദേശീയ നേതാവെന്നും വിശ്വപൗരനെന്നും പ്രതിച്ഛായുള്ള തരൂരിനെ നേരിടാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് ബി.ജെ.പി. ഇറക്കിയത്. എല്‍.ഡി.എഫില്‍ സി.പിഐയ്ക്കാണ് തിരുവനന്തപുരം സീറ്റ്. കഴിഞ്ഞ രണ്ടുവട്ടവും സി.പി.ഐക്ക് മൂന്നാംസ്ഥാനമണ് ലഭിച്ചത്. ഈ അപമാനത്തെ മറികടക്കാന്‍ മുതിര്‍ന്ന നേതാവും ജനകീയനുമായ പന്ന്യന്‍ രവീന്ദ്രനെയാണ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. ജയിച്ചാല്‍ കേന്ദ്രമന്ത്രി എന്ന വാഗ്ദാനത്തേക്കാള്‍ കേന്ദ്രമന്ത്രിയെ തന്നെ മത്സരിപ്പിക്കുക എന്നതിലൂടെ ആത്മവിശ്വാസം വെളിപ്പെടുത്തിയിരിക്കുകയാണ് ബി.ജെ.പി. തരൂരിന്റെ കോട്ട അങ്ങനെയൊന്നും കുലുക്കാനാകില്ലെന്നാണ് യു.ഡി.എഫ്. വിശ്വാസം. തിരുവനന്തപുരത്ത് മത്സരം കടുക്കുമെന്ന് നിസ്സംശയം പറയാം.
കര്‍ണാടകയിലെ കരുത്തു തെളിയിക്കുന്നതാര്?
കര്‍ണാടകയിലെ ആകെയുള്ള 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളാണ് ഏപ്രില്‍ 26-ന് പോളിങ് ബൂത്തിലെത്തുന്നത്. തെക്കന്‍ കര്‍ണാടകയിലെ മാണ്ഡ്യ, മൈസൂരു, കോലാര്‍, ചിക്കബല്ലപുര്‍, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെന്‍ട്രല്‍, ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു റൂറല്‍, തുംകുര്‍, ഉഡുപ്പി ചിക്കമംഗളൂരു, ദക്ഷിണ കന്നഡ, ഹസ്സന്‍, ചിത്രദുര്‍ഗ, ചാമരാജനഗര്‍ എന്നീ മണ്ഡലങ്ങളാണ് വോട്ടെടുപ്പ്. കര്‍ണാടകയിലെ നഗരമണ്ഡലങ്ങളെല്ലാം ആദ്യഘട്ടത്തില്‍ വിധിയെഴുതും.
2019-ല്‍ 25 സീറ്റുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. കോണ്‍ഗ്രസും ജെ.ഡി.എസും ഓരോ സീറ്റിലും ബി.ജെ.പി. പിന്തുണയുള്ള സ്വതന്ത്രന്‍ ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവും സംസ്ഥാനത്തെ ശക്തമായ സംഘടനാസംവിധാനവുമാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് ജെ.ഡി.എസ്. ബി.ജെ.പിയുമായുള്ള അവരുടെ സഖ്യത്തെയും ഇതിന്റെ കണക്കിലാണ് ചേര്‍ക്കേണ്ടത്. വൊക്കലിഗ, ലിംഗായത്ത് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണവും വിജയികളെ നിര്‍ണയിക്കും.
കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍
മാണ്ഡ്യ-കുമാരസ്വാമി (ജെ.ഡി.എസ്), വെങ്കിട്ടരമണെ ഗൗഡ (കോണ്‍ഗ്രസ്).
ബെംഗളൂരു സൗത്ത്- തേജസ്വി സൂര്യ (ബി.ജെ.പി.), സൗമ്യ റെഡ്ഡി(കോണ്‍ഗ്രസ്).
ബെംഗളൂരു നോര്‍ത്ത്- ശോഭ കരന്ദലജെ (ബി.ജെ.പി.), എം.വി. രാജീവ് ഗൗഡ (കോണ്‍ഗ്രസ്).
ബെംഗളൂരു റൂറല്‍- ഡി.കെ. സുരേഷ് (കോണ്‍ഗ്രസ്), സി.എന്‍. മഞ്ജുനാഥ് (ജെ.ഡി.എസ്.).
ഉത്തര്‍പ്രദേശിന്റെ വിധിയെഴുത്ത് എങ്ങനെ
ഉത്തര്‍ പ്രദേശിലെ ആകെയുള്ള എണ്‍പത് മണ്ഡലങ്ങളില്‍ ഗൗതംബുദ്ധനഗര്‍, മഥുര, അംറോഹ, മീററ്റ്, അലിഗഢ്, ബുലന്ദ് ശഹര്‍ ബാഘ്പത്, ഗാസിയാബാദ് എന്നീ എട്ട് മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്. 2019-ല്‍ 64 സീറ്റുകള്‍ എന്‍.ഡി.എയും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. മായാവതിയുടെ ബി.എസ്.പി. പത്ത് സീറ്റിലും സമാജ് വാദി പാര്‍ട്ടി അഞ്ച് സീറ്റിലും ജയിച്ചു.
ഇത്തവണ കോണ്‍ഗ്രസും എസ്.പിയു ഇന്ത്യമുന്നണിയായാണ് മത്സരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ഭിന്നിച്ചുപോകുന്ന വോട്ടുകള്‍ക്ക് വലിയവില നല്‍കേണ്ടിവരുമെന്ന തിരിച്ചറിവാണ് സഖ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം. അതേസമയം ബി.എസ്.പി. ഈ തവണയും ഒറ്റയ്ക്കാണ് മത്സരം. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബി.എസ്.പിക്കുള്ള സ്വാധീനം എന്‍.ഡി.എ., ഇന്ത്യ മുന്നണികളെ എങ്ങനെ ബാധിക്കുമെന്ന കണ്ടറിയണം.
- രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന മണ്ഡലവും പ്രമുഖരും
മഥുര- ഹേമമാലിനി (ബി.ജെ.പി.),മുകേഷ് ധന്‍ഗര്‍ (കോണ്‍ഗ്രസ്)
അംറോഹ- ഡാനിഷ് അലി (കോണ്‍ഗ്രസ്), കന്‍വര്‍ സിങ് തന്‍വാര്‍ (ബി.ജെ.പി.), മുജാഹിദ് ഹുസൈന്‍ (ബി.എസ്.പി.)
ഗൗതംബുദ്ധനഗര്‍- മഹേഷ് ശര്‍മ (ബി.ജെ.പി.), രാജേന്ദ്ര സിങ് സോളങ്കി (ബി.എസ്.പി.), മഹേന്ദ്ര നഗര്‍.
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍
മധ്യപ്രദേശിലെ ടികംഗഢ്, ദാമോ, ഖജുരാഹോ, സത്‌ന, രേവ, ഹോഷംഗബാദ്, ബേട്ടുല്‍ എന്നീ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ ബുല്‍ധാന, അകോല, അമരാവതി, വാര്‍ധ, യവത്മല്‍ വാഷിം, ഹിംഗോളി, നന്ദേഡ്, പര്‍ഭാനി മണ്ഡലങ്ങളും ഏപ്രില്‍ 26-ന് വിധിയെഴുതും. രാജസ്ഥാനില്‍ ടോങ്ക് സവായ് മാധോപുര്‍, ഝലാവര്‍ ബരന്‍, പാലി, അജ്‌മേര്‍, ഭില്‍വാര, ചിത്തോര്‍ഗഢ്, ജോധ്പുര്‍, ഉദയ്പുര്‍, ജലോര്‍, ബാര്‍മര്‍, ബന്‍സ്വാര, കോട്ട എന്നീ മണ്ഡലങ്ങളും രണ്ടാംഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും 2019-ന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. രാജസ്ഥാനിലും മധ്യപ്രദേശിലും അട്ടിമറികള്‍ നടക്കാത്തപക്ഷം ബി.ജെ.പിക്ക് മേല്‍ക്കൈ ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തുമേറ്റ വന്‍പരാജയത്തിന്റെ നാണക്കേട് മാറ്റാന്‍ വിജയമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന് മതിയാവുകയുമില്ല. തല്ലിപ്പിളര്‍ത്തിയ പാര്‍ട്ടികളും മാറിമറിഞ്ഞ സഖ്യങ്ങളുമുള്ള മഹാരാഷ്ട്രയിലും പാര്‍ട്ടികള്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്. ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ മറികടക്കാന്‍ മഹാവികാസ് അഘാഡി സഖ്യത്തിനാകുമോ എന്നാണ് കണ്ടറിയേണ്ടത്.
Content Highlights: loksabha election 2024 second phase polling nda india cpm congress bjp