വടക്കൻ വീരഗാഥയിൽ വെട്ടിത്തെളിയുന്നതാര്? തിരിച്ചുപിടിക്കുമോ ഇടതുകോട്ടകൾ?

ഷാഫി പറമ്പില്‍, കെ.കെ. ശൈലജ | Photo: Facebook/ Shafi Parambil, KK Shailaja
ഷാഫി പറമ്പില്‍, കെ.കെ. ശൈലജ | Photo: Facebook/ Shafi Parambil, KK Shailaja

ടുവില്‍ പരസ്യപ്രചാരണങ്ങള്‍ക്ക് ഫുള്‍സ്‌റ്റോപ്പ്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറഞ്ഞ് നിന്ന പര്യടന പരിപാടികള്‍ ഇനി വോട്ടാകുമോയെന്ന് കണ്ടറിയണം. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പാവേശം കൊടുമ്പിരികൊണ്ടിരുന്നുവെങ്കിലും അവസാന ലാപ്പുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിറഞ്ഞിരുന്ന മണ്ഡലങ്ങളായിരുന്നു മലബാറിലേത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം, വടകരയിലെ വിവാദങ്ങള്‍, കണ്ണൂരിലെ ബോംബ് സ്ഫോടനം, ലീഗ്-സമസ്ത പടലപ്പിണക്കം, റിയാസ് മൗലവി വധക്കേസ് വിധി. ഇങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിരവിധി വിഷയങ്ങളാണ് പ്രചാരണതെരുവുകളില്‍ ചര്‍ച്ച ചെയ്ത് പോയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതിനോട് വലിയ ആഭിമുഖ്യം കാണിക്കുകയും ലോക്​സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വലത് മാറി തീരുമാനമെടുക്കുകയും ചെയ്യുന്ന മലബാറിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും സംബന്ധിച്ച് നിര്‍ണായകമാണ് ജയപരാജയങ്ങള്‍.

ഏഴ് ലോക്സഭാ മണ്ഡലങ്ങള്‍. ഏഴിലും യു.ഡി.എഫ് എം.പിമാര്‍. തങ്ങള്‍ക്ക് വലിയ വേരോട്ടമുള്ള ഭൂരിഭാഗ മണ്ഡലങ്ങളായിട്ടുപോലും പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ വിജയം വഴുതിപ്പോവുന്ന ഇടതിന്റെ നിര്‍ഭാഗ്യം. മലപ്പുറവും പൊന്നാനിയുമടങ്ങുന്ന ലീഗ് കോട്ടയിലെ ഇളകാത്ത പാരമ്പര്യം. ഇങ്ങനെ രാഷ്ട്രീയം തലയ്ക്കുപിടിച്ച മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് മലബാറിന്റെ വോട്ടുകരുത്ത്. സി.എ.എ, എന്‍.ആര്‍.സി പോലുള്ള വിഷയങ്ങളും കേന്ദ്രത്തിന്റെ മറ്റ് ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പ് ദിവസങ്ങളാണ് കഴിഞ്ഞുപോയിരിക്കുന്നത്. അതുകൊണ്ടു തന്നെ മലബാറിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാവുക തന്നെ ചെയ്യും. ഒന്നരമാസത്തോളം നീണ്ടു നിന്ന സജീവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍ മലബാര്‍ എന്തുചിന്തിക്കുന്നുവെന്ന് നോക്കാം. 

Content Highlights: lok sabha election 2024 constituencies in malabar area

Continue reading