രാജ്യത്തിന്റെ മനസ്സിലിരിപ്പെന്ത്, വന്‍സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങളിങ്ങനെ| ഗ്രൗണ്ട് റിപ്പോര്‍ട്ട്

പതിനെട്ടാം ലോക്‌സഭയെ നിശ്ചയിക്കുന്ന വിധിയെഴുത്ത് അവസാന ഘട്ടത്തിലേക്ക് കടന്നു. ഏഴ് ഘട്ടങ്ങളായി നിശ്ചയിച്ച വോട്ടെടുപ്പിന്റെ ആറ് ഘട്ടങ്ങൾ പിന്നിട്ടു കഴിഞ്ഞു. ജനമനസ്സ് വോട്ടിങ് യന്ത്രങ്ങളിൽ ഉറങ്ങുന്നു. ഉഷ്ണതരംഗങ്ങളല്ലാതെ
രാഷ്ട്രീയതരംഗങ്ങളില്ലാത്ത തിരഞ്ഞെടുപ്പിൽ ജനവിധി ഒളിപ്പിച്ചുെവച്ചിരിക്കുന്ന രഹസ്യങ്ങളറിയാൻ ആകാംക്ഷ തുടരുന്നു. വികസനംമുതൽ മതവിദ്വേഷംവരെ ചർച്ചയായ തിരഞ്ഞെടുപ്പിൽ, പോളിങ് ശതമാനത്തിലുണ്ടായ ഇടിവാണ് ഇക്കുറി ആകാംക്ഷയെ വളർത്തുന്നത്. ജനാധിപത്യ നടപടികളിലെ പരമപ്രധാന ചുമതലയിലുണ്ടാകുന്ന മാന്ദ്യം ഇക്കുറി പുതിയ പാഠം. ബി.ജെ.പി. മൂന്നാമൂഴം നേടുമോ? ഇന്ത്യസഖ്യം അട്ടിമറിക്കുമോ? രാഷ്ട്രീയം മാറ്റിയെഴുതാൻ പ്രാദേശികപ്പാർട്ടികൾക്ക് കഴിയുമോ? ഇത്തരം ചോദ്യങ്ങൾക്ക് ജൂൺ നാലിനാണ് മറുപടി. ഇതുസംബന്ധിച്ച്, രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ ഭൂപടങ്ങളിലൂടെ സഞ്ചരിച്ച് സംസ്ഥാനങ്ങളുടെ രാഷ്ട്രീയകാലാവസ്ഥ നേരിൽക്കണ്ട മാതൃഭൂമി ലേഖകരുടെ നിരീക്ഷണങ്ങൾ ഇങ്ങനെ..
ഉത്തര്‍പ്രദേശ്
ഇക്കുറിയും നിര്‍ണായകമാകുന്നത് ജാതിഘടകങ്ങള്‍. തനിച്ചുമത്സരിക്കുന്ന മായാവതിയുടെ നിലപാടും മുസ്ലിം വോട്ടുകളും പ്രധാനം. 2019-നെക്കാള്‍ സീറ്റെണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കൈകോര്‍ത്ത് മത്സരിക്കുന്നതിനാല്‍ ഇക്കുറി നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എസ്.പി.യും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം. എന്നാല്‍, ബി.ജെ.പി.യുടെ സംഘടനാകരുത്തിനെയും മായാവതി പിളര്‍ത്തുന്ന വോട്ടുകളെയും അതിജീവിച്ച് സഖ്യത്തിന്റെ ഗ്രാഫ് എത്ര ഉയരുമെന്നതിലാണ് ആകാംക്ഷ. 10 മുതല്‍ 15 വരെ സീറ്റുകള്‍ നേടാനായാല്‍ത്തന്നെ പ്രതിപക്ഷക്യാമ്പിന് നേട്ടം.
മുസ്ലിം, യാദവ മേഖലകളില്‍ ഒരു പരിധിവരെ സ്വാധീനമുറപ്പിക്കാന്‍ ഇന്ത്യസഖ്യത്തിന് സാധിച്ചിട്ടുണ്ട്. ചില നിര്‍ണായക മണ്ഡലങ്ങളില്‍സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവവും അവരെ തുണച്ചേക്കും. അയോധ്യ, മുത്തലാഖ് നിരോധനം, പൗരത്വനിയമം തുടങ്ങി പാര്‍ട്ടിയുടെ അജന്‍ഡകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഉത്തര്‍പ്രദേശിലെ സീറ്റ് വര്‍ധന അനിവാര്യമാണ്. 2009-ല്‍ ബി.ജെ.പി. നേടിയത് 62 സീറ്റുകള്‍. ഈ സീറ്റെണ്ണം കൂട്ടാന്‍ ഹിന്ദുത്വ അജന്‍ഡകള്‍ക്കൊപ്പം വികസന അജന്‍ഡകളും ഇക്കുറിയും പ്രയോഗിക്കുന്നു. ഗുണ്ടാരാജിനെതിരായ യോഗി സര്‍ക്കാരിന്റെ നടപടികള്‍ ചര്‍ച്ചയാവുന്നത് ബി.ജെ.പി.ക്ക് ഗുണമായേക്കാം.
ബി.എസ്.പി.യുടെ സ്ഥാനാര്‍ഥികള്‍ ഇന്ത്യസഖ്യത്തിന്റെ വോട്ടുകള്‍ കാര്യമായി പിളര്‍ത്തിയാല്‍ അതും ബി.ജെ.പി.ക്ക് നേട്ടമാകും.
എന്നാല്‍, പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ യു.പി.യിലെ സാധാരണജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അത് കേന്ദ്രഭരണത്തിന്റെ വിലയിരുത്തലായി. പ്രധാനമന്ത്രിയുടെ റാലികളില്‍ മുന്‍കാലങ്ങളില്‍ കണ്ടതുപോലുള്ള ആവേശം അത്രകണ്ട് പ്രകടമല്ലാത്തതും ബി.ജെ.പി.ക്ക് വെല്ലുവിളിയാണ്. കര്‍ഷകസമരം അരങ്ങേറിയ പടിഞ്ഞാറന്‍ യു.പി.യില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ കടുത്തമത്സരമാണ് നേരിട്ടത്. സിറ്റിങ് എം.പി.മാരോടുള്ള എതിര്‍വികാരവും താഴെത്തട്ടില്‍ പ്രകടമാണ്.
| എന്‍.ഡി.എ | 64 |
| ബി.എസ്.പി | 10 |
| എസ്.പി. | 06 |
| ആകെ സീറ്റ് | 80 |
ബിഹാര്‍
എന്‍.ഡി.എ.യ്ക്ക് കടുത്ത മത്സരമാണ് മഹാസഖ്യം ഉയര്‍ത്തുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ കഴിഞ്ഞതവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്താനാഗ്രഹിക്കുന്ന ബി.ജെ.പി.ക്കും എന്‍.ഡി.എ.ക്കും സംസ്ഥാനം നിര്‍ണായകമാണ്. 18 വര്‍ഷത്തിലേറെയായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരമാണ് എന്‍.ഡി.എ.നേരിടുന്ന മുഖ്യ വെല്ലുവിളി. എന്നാല്‍, ഇതിനെ മോദിപ്രഭാവംകൊണ്ട് മറികടക്കാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍. അതേസമയം, 2019-ലേതുപോലെ ശക്തമായ മോദിതരംഗം കാണാത്തത് എന്‍.ഡി.എ.യുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു.
ബി.ജെ.പി. മത്സരിക്കുന്ന 17 സീറ്റുകളിലാണ് എന്‍.ഡി.എ.യുടെ പ്രധാന പ്രതീക്ഷ. നിതീഷിനെതിരായ ജനവികാരം ജെ.ഡി.യു. മത്സരിക്കുന്ന 16 സീറ്റിനെയും ബാധിച്ചേക്കും. ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. (ആര്‍.) മത്സരിക്കുന്ന അഞ്ച് സീറ്റുകളിലും എന്‍.ഡി.എ. നേരിടുന്നത് കടുത്തമത്സരമാണ്. പാര്‍ട്ടി നേതാക്കളെ തഴഞ്ഞ് പുറമേനിന്നുള്ളവര്‍ക്ക് സീറ്റുകള്‍ വിറ്റെന്നാണ് ചിരാഗിനെതിരേയുള്ള ആരോപണം.
| ബി.ജെ.പി. | 17 |
| ജെ.ഡി.യു | 16 |
കോണ്‍ഗ്രസ് | 01 |
| ആകെ സീറ്റ് | 40 |
അതേസമയം 2019-ല്‍ വെവ്വേറെ മത്സരിച്ച ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഇക്കുറി മഹാസഖ്യത്തിന്റെ ഭാഗമാണ്. എന്‍.ഡി.എ.യില്‍ നിന്നടര്‍ന്ന മുകേഷ് സാഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഒപ്പമുണ്ട്. സീറ്റ് വിഭജനവും സ്ഥാനാര്‍ഥിപ്രഖ്യാപനവും നേരത്തേ പൂര്‍ത്തിയാക്കി എന്‍.ഡി.എ. മുന്നേറിയപ്പോള്‍ ഇവയിലൊന്നും തീരുമാനമാവാതെ മഹാസഖ്യം പതറുന്നതാണ് തുടക്കത്തില്‍ കണ്ടത്. എന്നാല്‍, അതിനുശേഷം മഹാസഖ്യം പതുക്കെ കളം പിടിച്ചുതുടങ്ങി. കുടുംബവാഴ്ചയും അഴിമതിയുമാണ് ആര്‍.ജെ.ഡി. നേരിടുന്ന ആരോപണങ്ങള്‍.
ബംഗാള്‍
42 സീറ്റുള്ള പശ്ചിമ ബംഗാളില്‍ സര്‍വേകള്‍ ബി.ജെ.പി.ക്ക് 25 സീറ്റുവരെ പ്രവചിക്കുന്നുണ്ടെങ്കിലും വലിയ അനുകൂല തരംഗമൊന്നും ദൃശ്യമല്ല. മോദിപ്രഭാവവും താരതമ്യേന കുറവാണ്. ആകെയുള്ള അനുകൂലഘടകം അഴിമതിയും സന്ദേശ്ഖലിയും ടി.എം.സി. ക്കെതിരേ സൃഷ്ടിച്ചിട്ടുള്ള സംസ്ഥാന ഭരണവിരുദ്ധവികാരമാണ്. ഇതിനെ ലക്ഷ്മിര്‍ ഭണ്ഡാര്‍ അടക്കമുള്ള ക്ഷേമപദ്ധതികള്‍ കൊണ്ടും ബി.ജെ.പി. ബംഗാള്‍വിരുദ്ധ പാര്‍ട്ടി എന്ന പ്രാദേശികവാദം കൊണ്ടും വലിയൊരളവുവരെ പ്രതിരോധിക്കാന്‍ മമതയ്ക്കും ടി.എം.സി.ക്കും കഴിയുന്നുണ്ട്.
അതിനാല്‍, ബി.ജെ.പി.ക്ക് കഴിഞ്ഞ തവണത്തെക്കാള്‍ ഏറെ മുന്നേറാന്‍ കഴിയും എന്ന സാധ്യത പ്രത്യക്ഷത്തില്‍ പ്രകടമല്ല. എന്നാല്‍, ഉത്തരബംഗാളിലും ആദിവാസിമേഖലയായ ജംഗല്‍മഹലിലും മതുവ ഭൂരിപക്ഷ മേഖലയിലും ബി.ജെ.പി. ആധിപത്യം തുടരാനാണ് സാധ്യത.
| തൃണമൂല്‍ | 22 |
| ബി.ജെ.പി. | 18 |
| കോണ്‍. | 02 |
| സി.പി.എം. | 00 |
| ആകെ സീറ്റ് | 42 |
ഇതോടൊപ്പം 2019-ല്‍ ശുഭേന്ദു അധികാരിയുടെ സ്വാധീനത്തില്‍ തൃണമൂല്‍ കൂറ്റന്‍ ജയങ്ങള്‍ നേടിയ പൂര്‍ബ മേദിനിപുരിലെ മണ്ഡലങ്ങളുംകൂടി ചേര്‍ന്നാല്‍ കഴിഞ്ഞതവണ കിട്ടിയ 18 എന്ന സംഖ്യ നിലനിര്‍ത്താനും രണ്ടുസീറ്റ് അധികമായി പിടിക്കാനും ബി.ജെ.പി.ക്ക് കഴിഞ്ഞേക്കും.
അതേസമയം, കോണ്‍ഗ്രസ്-സി.പി.എം. സഖ്യം ഇക്കുറി കൂടുതല്‍ ഉണര്‍വിലാണ്. 12 സീറ്റില്‍ ശക്തമായ മത്സരം നടത്താമെന്നും ഏഴ് സീറ്റില്‍ ജയമോ കുറഞ്ഞത് രണ്ടാം സ്ഥാനമോ നേടാമെന്നുമാണ് കണക്കുകൂട്ടല്‍. മുര്‍ഷിദാബാദ്, മാല്‍ഡ ജില്ലകളിലും തെക്കന്‍ ബംഗാളിലെ ചില കേന്ദ്രങ്ങളിലുമാണ് സഖ്യം മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധ്യതയുള്ളത്.
ഈ സഖ്യം പിടിക്കുന്നത് പണ്ട് അവരില്‍നിന്ന് ബി.ജെ.പി. യിലേക്കു പോയ വോട്ടുകള്‍ തന്നെയാണെങ്കില്‍ അത് ഗുണംചെയ്യുക തൃണമൂലിനാകും. ഹിന്ദു-മുസ്ലിം ധ്രുവീകരണത്തില്‍ ഊന്നിയുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന്റെ ഫലമായി ന്യൂനപക്ഷ ധ്രുവീകരണം ശക്തമായാല്‍ അതും തൃണമൂലിനെയാണ് ഏറെ തുണയ്ക്കുക.
മഹാരാഷ്ട്ര
ഭരണവിരുദ്ധവികാരം ശക്തം. ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തിയ ബി.ജെ.പി. നടപടിമൂലം ഉദ്ധവ് താക്കറെയ്ക്കും ശരദ് പാവാറിനും അനുകൂലമായ സഹതാപതരംഗം ഉടനീളമുണ്ടായിരുന്നു. അതേസമയം, ഇരു പാര്‍ട്ടികളുടെയും ചിഹ്നങ്ങള്‍ മറുപക്ഷത്തിന് ലഭിച്ചത് ഇവരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് അഘാഡിയുടെ സാന്നിധ്യം സഖ്യത്തിന് കനത്ത ഭീഷണിയാണ്.
മറാത്തകളും മുസ്ലിങ്ങളും ഒട്ടേറെ മണ്ഡലങ്ങളില്‍ പതിവില്ലാതെ ഒന്നിച്ചെന്നതാണ് ഇത്തവണത്തെ ശ്രദ്ധേയ രാഷ്ട്രീയം. മറാത്ത, മുസ്ലിം, ദളിത് വിഭാഗങ്ങള്‍ ഏറെ വിശ്വാസമര്‍പ്പിച്ച നേതാവായി ഉദ്ധവ് താക്കറെ മാറി എന്നതും ഈ തിരഞ്ഞെടുപ്പിന്റെ സംഭാവന. അത് എന്‍.ഡി. എ.ക്ക് അപ്രതീക്ഷിതം.
| ബി.ജെ.പി. 23 | 23 |
| ശിവസേന: | 18 |
| എന്‍.സി.പി. | 04 |
| കോണ്‍. | 01 |
| ആകെ സീറ്റ് | 48 |
ബി.ജെ.പി. ഉള്‍പ്പെട്ട മഹായുതി സഖ്യത്തിന് മറാത്ത്വാഡ മേഖലയില്‍ വെല്ലുവിളിയായത് മറാത്താ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലിന്റെ സാന്നിധ്യമായിരുന്നു. ഒപ്പം കുടിവെള്ള പ്രശ്‌നവും ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
പശ്ചിമ മഹാരാഷ്ട്രയിലെ പല മണ്ഡലങ്ങളിലും കര്‍ഷകരാണ് തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങള്‍ കര്‍ഷക വിഭാഗത്തെ ബി.ജെ.പി.യില്‍നിന്ന് അകറ്റിയിട്ടുണ്ട്.
വിദര്‍ഭയിലെ 10 മണ്ഡലങ്ങളില്‍ 2019-ല്‍ എട്ടും ബി.ജെ.പി.- ശിവസേന സഖ്യത്തിനാണ് ലഭിച്ചത്. ഇത്തവണ അഞ്ച് മണ്ഡലങ്ങളില്‍ അപ്രവചനീയമായ പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍, നിതിന്‍ ഗഡ്കരി മത്സരിക്കുന്ന നാഗ്പുരിലും വാര്‍ധ, അകോള തുടങ്ങിയ മണ്ഡലങ്ങളിലും ബി.ജെ.പി. സഖ്യത്തിന് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. കാര്‍ഷികപ്രശ്‌നങ്ങളും മഹായുതിയിലെ സ്ഥാനാര്‍ഥിത്വ തര്‍ക്കങ്ങളും യവത്മല്‍- വാഷിം, ബുല്‍ധാന മണ്ഡലങ്ങളില്‍ പ്രതിപക്ഷത്തിന് കരുത്തേകി.
കഴിഞ്ഞതവണ ശിവസേനയുമായി ചേര്‍ന്ന് 41 മണ്ഡലങ്ങള്‍ നേടിയ ബി.ജെ.പി.ക്ക് ഇത്തവണ പകുതിയിലധികം മണ്ഡലങ്ങള്‍ നേടാനായാല്‍ വലിയ വിജയമാണ്.
മധ്യപ്രദേശ്
രണ്ടു പതിറ്റാണ്ടായി പ്രധാന തിരഞ്ഞെടുപ്പുകളിലൊന്നിലും ബി.ജെ.പി.യുടെ വോട്ടുശതമാനത്തെ മറികടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഈ തിരഞ്ഞെടുപ്പിലും മറിച്ച് സംഭവിക്കുമെന്ന് ബി.ജെ.പി.പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ഘടകങ്ങള്‍ ഗ്രാമീണജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് 5-6 മണ്ഡലങ്ങളില്‍ പ്രതീക്ഷ നല്‍കുന്ന ഘടകവും ഇതുതന്നെ. വോട്ടിങ് ശതമാനത്തില്‍ രേഖപ്പെടുത്തിയ കുറവും ഘടകമാണ്.
മധ്യപ്രദേശിലെ 29 മണ്ഡലങ്ങളില്‍ ഛിന്ദ്വാഡ ഉള്‍പ്പെടെ 29-ഉം ബി.ജെ.പി. പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അഞ്ചോ ആറോ മണ്ഡലങ്ങളില്‍ ശക്തമായ മത്സരമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായി. കഴിഞ്ഞതവണ ലഭിച്ച ഏക സീറ്റായ ഛിന്ദ്വാഡ ഇത്തവണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഒപ്പം കേന്ദ്രമന്ത്രി ഫഗ്ഗന്‍സിങ് കുലസ്തെ മത്സരിക്കുന്ന മാണ്ട്ലയും ബാലഘട്ടും.
| ബി.ജെ.പി | 28 |
| കോണ്‍: | 01 |
| ആകെ സീറ്റ് | 29 |
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാലു ലക്ഷത്തോളം പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതായാണ് ബി.ജെ.പി. നേതാവ് നരോത്തം മിശ്ര പറയുന്നത്. ഇത്തവണയും മോദി മാജിക്ക് തന്നെയാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. ഇന്ദോറില്‍ ഏകപക്ഷീയമായ ജയത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വലയിലാക്കിയെങ്കിലും സാധിച്ചില്ല. അതേസമയം, ഛിന്ദ്വാഡയ്ക്കും മാണ്ട്ലയ്ക്കും പുറമേ, രതലാമില്‍ കോണ്‍ഗ്രസിന്റെ ഗോത്രമുഖമായ കാന്തിലാല്‍ ഭൂരിയ, സംസ്ഥാനമന്ത്രി നാഗര്‍ സിങ് ചൗഹാന്റെ ഭാര്യ അനിതാ സിങ്ങിനെതിരേ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ചമ്പല്‍-വിന്ധ്യ മേഖലയില്‍ സത്ന, രേവ, ഗ്വാളിയര്‍, ഭിന്ദ്, മൊറോന എന്നിവിടങ്ങളിലും ജാതി സമവാക്യം, വ്യക്തിപ്രഭാവം തുടങ്ങിയ കാരണങ്ങളാല്‍ ചില സ്ഥാനാര്‍ഥികളുടെ ജയം കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
രാജസ്ഥാന്‍
2014-ലും 2019-ലും 25 സീറ്റും നേടി തനിയാവര്‍ത്തനത്തിനായി ഇറങ്ങുന്ന ബി.ജെ.പി.ക്ക് ഇത്തവണ കാര്യങ്ങള്‍ ഏളുപ്പമല്ല. സംസ്ഥാനത്തെ പ്രധാനപോരാട്ടം ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണ്. ദേശീയ -പ്രാദേശിക നേതൃത്വങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങള്‍, കൂറുമാറ്റങ്ങള്‍, വാഗ്ദാനങ്ങളില്‍ ഒതുങ്ങിയ വികസനങ്ങള്‍, അഗ്‌നിപഥ് പദ്ധതിയോടുള്ള അമര്‍ഷം, കര്‍ഷകപ്രതിഷേധങ്ങള്‍ എന്നിവയായിരുന്നു തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയങ്ങള്‍. ഉള്‍പ്പാര്‍ട്ടിപോരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളെക്കൂടി ചേര്‍ത്ത് ഇന്ത്യസഖ്യമായാണ് മത്സരിക്കുന്നത്. അത് ഗുണംചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
ചുരു, നാഗൗര്‍, ജുന്‍ജുനു, സിക്കാര്‍, ദൗസ, കോട്ട, ജോധ്പുര്‍, ബാര്‍മര്‍, ബന്‍സ്വാര തുടങ്ങി ഒമ്പത് മണ്ഡലങ്ങളിലാണ് ഇന്ത്യസഖ്യം പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. 2019-ല്‍ ബി.ജെ.പി. ക്കൊപ്പംനിന്ന് ലോക്സഭയിലെത്തിയ ഹനുമാന്‍ ബനിവാളിന്റെ ആര്‍.എല്‍.പി.ഇത്തവണ ഇന്ത്യസഖ്യത്തിനൊപ്പമാണ് എന്നത് നഗോര്‍ മേഖലയില്‍ തുണച്ചേക്കും.
| ബി.ജെ.പി. | 24 |
| കോണ്‍ | 00 |
| ആകെ സീറ്റ് | 25 |
സിറ്റിങ് എം.പി. സുമേദാനന്ദ് സരസ്വതിക്കെതിരേ സി.പി.എമ്മിന്റെ അമ്രാറാമിനെ ഇറക്കിയാണ് സിക്കര്‍ ഷെഖാവത്തി മേഖല ഇന്ത്യസഖ്യം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള പരമ്പരാഗത പോരാട്ടത്തിനുപകരം, ബാര്‍മര്‍ മണ്ഡലത്തില്‍ 26-കാരനായ സ്വതന്ത്ര സ്ഥാനാര്‍ഥി രവീന്ദര്‍ ഭാട്ടിയുടെ സാന്നിധ്യം മൂലം ഇത്തവണ ത്രികോണ മത്സരമായിരുന്നു. ജോധ്പുരിലാകട്ടെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഭരണവിരുദ്ധ വികാരം നേരിടുന്നു.
(തുടരും)
റിപ്പോര്‍ട്ടുകള്‍
ടി.എസ്. കാര്‍ത്തികേയന്‍, എന്‍. ശ്രീജിത്ത്, ഇ.ജി. രതീഷ്, പി. സുനില്‍കുമാര്‍, സുനില്‍ തിരുവമ്പാടി, പ്രശാന്ത് കാനത്തൂര്‍, പ്രകാശന്‍ പുതിയേട്ടി, സി.പി. ശ്രീഹര്‍ഷന്‍, ഷൈന്‍ മോഹന്‍, എ.കെ. ശ്രീജിത്ത്, സുനീഷ് ജേക്കബ് മാത്യു, രജീഷ് പി. രഘുനാഥ്, ശരണ്യാ ഭുവനേന്ദ്രന്‍, അരുണ്‍ സാബു, രാഹുല്‍ ഗോപിനാഥ്.
ഏകോപനം: മനോജ് മേനോന്‍
Content Highlights: ground report loksabha election-big states-mathrubhumi