ബി.ജെ.പി.യുടെ 400 സീറ്റും ഭാവി ഇന്ത്യന്‍ രാഷ്ട്രീയവും

#ഡോ. ജെ. പ്രഭാഷ്
നരേന്ദ്ര മോദി | Photo: ANI
നരേന്ദ്ര മോദി | Photo: ANI

രോ കാലഘട്ടവും അതിന്റെ പ്രതിച്ഛായക്കനുസരിച്ചാണ് സ്വന്തം രാഷ്ട്രീയം രൂപപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വരുംകാല രാഷ്ട്രീയപ്രതിച്ഛായ, പ്രത്യേകിച്ച് ബി.ജെ.പി.ക്ക് തുടര്‍ഭരണം കിട്ടുകയാണെങ്കില്‍, ഏതുവിധമാകും? വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ക്കേട്ട രണ്ടുകാര്യങ്ങള്‍ ഇതിനെ അടയാളപ്പെടുത്തുന്നു.

1971-ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ നഷ്ടപ്പെട്ട തന്റെ കാല്‍ സില്‍ഹെട്ടില്‍ (ബംഗ്ലാദേശ്) മറവുചെയ്തതിനെപ്പറ്റിയും ആ യുദ്ധം നയിച്ചവരെക്കുറിച്ചും  ഗൂര്‍ഖാ റെജിമെന്റിലെ ഇയാന്‍ കാര്‍ഡോസൊ പറഞ്ഞതാണ് ആദ്യത്തേത്: ''ബംഗ്ലാദേശില്‍ എനിക്ക് ഒരു ചതുരശ്ര അടി മണ്ണുണ്ട്... സാം മനേക്ഷായും (പാഴ്‌സി), അറോറയും (സിഖ്),  ജേക്കബും (ജൂതന്‍) ക്രിസ്ത്യാനികളായ മൂന്ന് ഡിവിഷണല്‍ കമാന്‍ഡര്‍മാരുമായിരുന്നു  യുദ്ധം നയിച്ചത്''. രാജ്യാതിര്‍ത്തികളുടെ അന്തസ്സാരശൂന്യതയെയും ഭിന്നമതങ്ങളില്‍പ്പെട്ടവര്‍ അധികാരം പങ്കിടുകയും കൂട്ടായി തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നതിന്റെ സൗന്ദര്യത്തെയും കുറിച്ചാണ്  കാര്‍ഡോസൊ സൂചിപ്പിച്ചത്.

അരനൂറ്റാണ്ടിനുശേഷം  കേള്‍ക്കുന്ന മറ്റൊരു മൊഴി  ബി.ജെ.പി. എം.പി. അനന്ത് കുമാര്‍ ഹെഗ്‌ഡെയുടേതാണ്: ''രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാം 400 സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്''. സീറ്റിന്റെ കണക്ക് ബി.ജെ.പി.യും ആവര്‍ത്തിക്കുന്നുണ്ട്. ഭിന്നതകളിലെ സംഗമങ്ങളെക്കുറിച്ചു പറയുന്ന കാര്‍ഡോസോയും സംഗമങ്ങളിലെ ഭിന്നതകളെക്കുറിച്ച് പറയുന്ന ഹെഗ്‌ഡെയും രണ്ടുകാലഘട്ടത്തിന്റെ രാഷ്ട്രീയത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. ബി.ജെ.പി.യുടെ തുടര്‍ഭരണം ഉറപ്പിക്കുന്നത് അവസാനത്തേതിനെയാണ്. ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികം അടുത്തവര്‍ഷം ആഘോഷിക്കാന്‍പോകുന്നു എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി ഇതാണ് കേന്ദ്രസര്‍ക്കാരും അവരുടെതന്നെ  സംസ്ഥാനസര്‍ക്കാരുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വീണ്ടും അധികാരം കൈയാളുന്നപക്ഷം ഇതിന്റെ അടുത്തഘട്ടത്തിലേക്കവര്‍ കടക്കുമെന്നു കരുതണം. 'ഹിന്ദുമത താത്പര്യങ്ങള്‍ക്കനുസരിച്ച്' എന്ന് ഹെഗ്‌ഡെ പറയുന്നതിന്റെ അര്‍ഥം ഇതാണ്. ചരിത്രത്തില്‍നിന്ന് വീണ്ടും പലപ്രശ്‌നങ്ങളും ഖനനംചെയ്‌തെടുക്കുകയും അവയ്ക്ക് 'പരിഹാരം' കാണാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് വിവക്ഷ. വീക്ഷണങ്ങളില്‍, ആശയങ്ങളില്‍, ചിന്തയില്‍ അഭിരുചിയില്‍ സാരൂപ്യമുള്ള ജനങ്ങളുടേതാണ് ഭാരതമെന്ന്  ഗോള്‍വാള്‍ക്കറും രക്തബന്ധത്താല്‍ ബന്ധിതമായൊരു വംശമാണ് ഭാരതീയര്‍ എന്ന് സവര്‍ക്കറും പറഞ്ഞത് ഓര്‍ക്കുക.

ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രത്യക്ഷത്തില്‍ ബി.ജെ.പി. മൗനം പാലിക്കുന്നുണ്ടെങ്കിലും എല്ലാറ്റിനെയും ഒന്നിലേക്ക് ചുരുക്കാനുള്ള അവരുടെ വ്യഗ്രത  കണ്ടില്ലെന്നു നടിക്കാനാവില്ല. ഇതിന്റെ ആത്യന്തികലക്ഷ്യം ഏകശിലാരൂപത്തിലുള്ള  സമൂഹവും രാഷ്ട്രവും തന്നെ.  ഒരു രാജ്യം ഒരു നികുതിയില്‍ തുടങ്ങി  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലാണ് നാം എത്തിനില്‍ക്കുന്നത്. 

ഗാസിയാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാനെത്തിയവര്‍ | Photo: ANI 

വൈസ്രോയിമാരെ സൃഷ്ടിക്കുന്ന രാഷ്ട്രീയം

ഹിന്ദുത്വ ആശയങ്ങള്‍ പൂര്‍ണമായി നടപ്പാക്കണമെങ്കില്‍ ഇന്ത്യയിലുടനീളം അധികാരത്തിലെത്തേണ്ടതാവാശ്യമാണെന്ന തിരിച്ചറിവ് ബി.ജെ.പി.ക്കുണ്ട്. ഇതിന്റെ മുന്നോടിയായിട്ടാണ് കോണ്‍ഗ്രസ്മുക്ത ഭാരതത്തെക്കുറിച്ചവര്‍ പറഞ്ഞുതുടങ്ങിയത്. ഈ തിരഞ്ഞെടുപ്പില്‍ വലിയവിജയം നേടുന്നപക്ഷം ഇക്കാര്യത്തിലവര്‍ വിജയിച്ചു എന്നു കരുതേണ്ടിവരും. അടുത്തത് സ്വാഭാവികമായും മറ്റുകക്ഷികളുടെ ഊഴമാണ്.

പ്രതിപക്ഷമുക്തഭാരതം എന്നതാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന അജന്‍ഡയുടെ പിന്നിലെ രാഷ്ട്രീയം. ഒപ്പം പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തിലേക്കുള്ള  ചുവടുവെപ്പും. ഇതോടെ, പ്രാദേശിക വൈജാത്യങ്ങളെ കവച്ചുവെക്കുന്ന 'ഒരു രാജ്യം ഒരു രാഷ്ട്രീയം' എന്ന മറ്റൊരു ഘട്ടത്തിലേക്ക്  രാജ്യം പരിവര്‍ത്തനപ്പെടും. ഇത് 'ഒരു രാഷ്ട്രം ഒരു രാഷ്ട്രീയപ്പാര്‍ട്ടി' എന്നതില്‍നിന്ന് ഏറെ അകന്നതുമല്ല. തിരഞ്ഞെടുക്കപ്പെടുന്ന വൈസ്രോയിമാരെ സൃഷ്ടിക്കുന്ന ഇത്തരം രാഷ്ട്രീയം പൗരാവകാശങ്ങള്‍ നിഷേധിച്ചും ഭരണകൂടസ്ഥാപനങ്ങളെ സ്വന്തംവരുതിയില്‍ നിര്‍ത്തിയുമാണ് ശക്തിനേടുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ 

നരേന്ദ്ര മോദി | Photo: ANI 

വെല്ലുവിളി നേരിടാന്‍പോകുന്ന മറ്റൊന്ന് ഫെഡറല്‍ സംവിധാനമാണ്. ഭരണഘടനയനുസരിച്ച്, ഫെഡറലിസത്തിലെ കേന്ദ്രത്തിന്റെ പങ്ക്   കണ്ഠാഭരണത്തില്‍ രത്‌നങ്ങളെ കോര്‍ത്തിണക്കുന്ന നൂലിനു സമാനമാണ്. ഫെഡറലിസത്തിന്റെ ലക്ഷ്യംതന്നെ വൈവിധ്യത്തെ സമരസപ്പെടുത്തുകയാണ്. ഇതിനായാണ് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കും അവരെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പരസ്പരം ഇടപെടാനും മുന്നണികളുണ്ടാക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും പലതട്ടിലുള്ള അധികാരകേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. താഴെനിന്ന് മുകളിലേക്കുള്ള രാഷ്ട്രനിര്‍മാണത്തിന്റെ  മാര്‍ഗമായിട്ടുകൂടിയാണ് ഭരണഘടനാശില്പികള്‍ ഇതിനെ കണ്ടത്.

എന്നാല്‍, എല്ലാറ്റിനെയും ഒന്നിലേക്ക് ചുരുക്കുന്ന ബി.ജെ.പി.യുടെ രാഷ്ട്രീയവീക്ഷണത്തില്‍, രാഷ്ട്രനിര്‍മാണം മുകളില്‍നിന്ന് താഴോട്ടാണ് നടക്കേണ്ടത്. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റവും അധികാരകേന്ദ്രീകരണവും വരാന്‍പോകുന്ന ഒറ്റത്തിരഞ്ഞെടുപ്പും ചേര്‍ന്ന്  ഫെഡറലിസത്തെ നോക്കുകുത്തിയാക്കും എന്നതില്‍ സംശയമില്ല.    

'ഫ്രാക്ച്ചര്‍ ക്രിട്ടിക്കല്‍ സൊസൈറ്റി' 

വിപ്ലവത്തിന് ശത്രുക്കളെ വേണമെന്ന് പറയുംപോലെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കാര്യവും. അത് ശത്രുക്കളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്നു. പ്രതിപക്ഷത്തെ ശത്രുവായിക്കണ്ടും ജനങ്ങളെ തമ്മില്‍ കലഹിപ്പിച്ചും അധികാരരാഷ്ട്രീയത്തിന്റെ പക്ഷത്ത് അത് നില്‍ക്കുന്നു. ഭരണഘടന ജനങ്ങളില്‍നിന്ന് രാഷ്ട്രത്തെയും രാഷ്ട്രത്തില്‍നിന്ന് ഭരണകൂടത്തെയും സൃഷ്ടിച്ചിടത്ത്, ഭരണകൂടംതന്നെ ജനങ്ങളെയും രാഷ്ട്രത്തെയും നിര്‍വചിക്കുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണാനാവുന്നത്. പൗരത്വനിയമഭേദഗതി ഇതിന്റെ ഉത്തമ ഉദാഹരണമാണല്ലോ.

അപവാദങ്ങള്‍ മാറ്റിവെച്ചാല്‍, ധാര്‍മികത നമ്മുടെ രാഷ്ട്രീയത്തിന്റെ മാര്‍ഗദീപമേ ആകുന്നില്ല. അടവുതന്ത്രത്തിന്റെയും വൈകാരികതയുടെയും വിഭാഗീയതകളുടെയും ഘോഷയാത്രക്കിടയില്‍, രാഷ്ട്രീയസദാചാരം തലതാഴ്ത്തുന്നു. ഇതെല്ലാം ചേര്‍ന്നുളവാക്കിയേക്കാവുന്ന സാമൂഹികസംഘര്‍ഷങ്ങളും മസ്തിഷ്‌കചോര്‍ച്ചയും മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും ഗണ്യമായിരിക്കും. സ്വതന്ത്രചിന്തയും ആഭ്യന്തരസമാധാനവും വൈജ്ഞാനികമേഖലയുടെ വളര്‍ച്ചയ്ക്കും വ്യാവസായികാഭിവൃദ്ധിക്കും അത്യന്താപേക്ഷിതമാണല്ലോ. മറിച്ചാവുമ്പോള്‍ രണ്ടു മേഖലകളില്‍നിന്നും പുറത്തേക്കുള്ള ഒഴുക്ക് ആരംഭിക്കുന്നു. 35,500 അതിസമ്പന്നര്‍ ഉള്‍പ്പെടെ 2015-'21 കാലഘട്ടത്തില്‍ 8.81 ലക്ഷംപേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു എന്നത് ഇതിന്റെ സൂചനയാണ്. രാഷ്ട്രീയക്കാരും വ്യവസായികളും മറ്റും അവരവരുടെ താത്കാലികാവശ്യങ്ങള്‍ നിറവേറ്റാനെടുക്കുന്ന ഹ്രസ്വകാല തീരുമാനങ്ങള്‍ സമൂഹത്തിന് ദുരന്തമായിമാറുന്നു എന്നതിന്റെ തെളിവാണിത്. 'ഫ്രാക്ച്ചര്‍ ക്രിട്ടിക്കല്‍ സൊസൈറ്റി' എന്നാണ് അമേരിക്കന്‍ സാമൂഹികശാസ്ത്രജ്ഞന്‍ തോമസ് ഫിഷര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.    

ഇവിടെ ഒരുകാര്യം വ്യക്തമാണ്, തുടര്‍ഭരണം ഉറപ്പാക്കാന്‍പോകുന്നത്  ഭരണഘടന വാഗ്ദാനംചെയ്യുന്ന ഇന്ത്യയാവില്ല. ജനങ്ങളെക്കാള്‍ മൂലധനശക്തികളോടാവും അതിന് പഥ്യം. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണകൂടവും അവര്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടവും രണ്ടാണെന്നര്‍ഥം. ജനങ്ങളുടെ ഈ അവസ്ഥ ഓര്‍മ്മിപ്പിക്കുന്നത് ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണിലെ നിസ്സഹായനായ 'കോമണ്‍ മാനെ'യാണ്.    

Content Highlights: bjp 400 seat and future of indian politics