വയനാട്ടില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശക്കൊടുമുടിയില്‍ പ്രചാരണം

കല്പറ്റ: സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കേ, അങ്കത്തട്ടില്‍ അവസാന അടവെടുത്ത് സ്ഥാനാര്‍ഥികളും മുന്നണികളും. ആറും ഏഴും റൗണ്ട് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും നവമാധ്യമങ്ങളില്‍ റീലും പാട്ടും പോസ്റ്റുമായി നിറഞ്ഞതും വിവാദങ്ങളും പ്രതികരണങ്ങളും വികസനചര്‍ച്ചകളും തുടങ്ങി ഒരുമാസം നീണ്ട പ്രചാരണം തങ്ങള്‍ക്കനുകൂലമാണോയെന്ന് ഉറപ്പിക്കാനുള്ള അവസാന മണിക്കൂറുകളാണ് സ്ഥാനാര്‍ഥികള്‍ക്കിത്.
ചൊവ്വാഴ്ചയാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിനം. ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. കല്പറ്റയും ബത്തേരിയും മാനന്തവാടിയും കേന്ദ്രീകരിച്ചായിരിക്കും വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷം. പഞ്ചായത്ത് കേന്ദ്രങ്ങളിലും ആഘോഷം കേമമാകും.
കല്പറ്റയില്‍ പഴയ ബസ് സ്റ്റാന്‍ഡുമുതല്‍ ചുങ്കംവരെ എല്‍ഡിഎഫും ചുങ്കംമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡുവരെ യുഡിഎഫും പ്രകടനം നടത്തും. എന്‍ഡിഎ ജൈത്ര തിയേറ്ററിനു സമീപത്തും പ്രകടനം നടത്തും. ബത്തേരി ടൗണില്‍ അസംപ്ഷന്‍മുതല്‍ ട്രാഫിക് ജങ്ഷന്‍വരെ യുഡിഎഫിനും ചുങ്കംമുതല്‍ ട്രാഫിക് ജങ്ഷന്‍വരെ എല്‍ഡിഎഫിനുമാണ് പ്രകടനത്തിന് അനുവദിച്ചിരിക്കുന്നത്. എന്‍ഡിഎ ടൗണില്‍ കൊട്ടിക്കലാശം നടത്താതെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ബത്തേരി ഡിവൈഎസ്പി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് ക്രമീകരണങ്ങള്‍. മാനന്തവാടി നഗരസഭയിലെ കൊട്ടിക്കലാശം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടത്തും. പോസ്റ്റ് ഓഫീസ് റോഡ് ഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി റോഡ് ഭാഗം എല്‍ഡിഎഫിനും മൈസൂരു റോഡ് ഭാഗം യുഡിഎഫിനുമാണ് നല്‍കിയിട്ടുള്ളത്. എടവക ഗ്രാമപ്പഞ്ചായത്തിലെ കൊട്ടിക്കലാശം രണ്ടേനാല്‍ ടൗണിലും തവിഞ്ഞാലിലേത് തലപ്പുഴ ടൗണിലും തിരുനെല്ലിയിലേത് കാട്ടിക്കുളം ടൗണിലുമാണ് നടത്തുക.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ കോവിഡിനെത്തുടര്‍ന്ന് നിയന്ത്രണങ്ങളോടെയായിരുന്നു കൊട്ടിക്കലാശം. ചൊവ്വാഴ്ച വൈകീട്ട് ആറുമണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതി. ശേഷം പൊതുപരിപാടികള്‍ക്ക് അനുമതിയില്ല. വ്യാഴാഴ്ച വോട്ടര്‍മാര്‍ സമ്മതിദാനം വിനിയോഗിക്കുന്നതിനായി ബൂത്തുകളിലെത്തും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്ച നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. മൂന്ന് നഗരസഭകളിലും 23 ഗ്രാമപ്പഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണുള്ളത്. നഗരസഭകളില്‍ 104 ബൂത്തുകളും ഗ്രാമപ്പഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ട്.
23 ഗ്രാമപ്പഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ലാപഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights: Wayanad gears up for the final campaign day with `Kottikkalasham`! Explore last-minute strategies, vibrant rallies, and crucial election updates. Vote on Thursday.