മൂന്ന് പഞ്ചായത്തുകള്‍, എട്ട് വാര്‍ഡുകള്‍; നടവയലിൽ പ്രചാരണത്തിരക്ക്

#Election Desk
മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലായി വിഭജിച്ചുകിടക്കുന്ന നടവയൽ ജങ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ.|Photo: Mathrubhumi
മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലായി വിഭജിച്ചുകിടക്കുന്ന നടവയൽ ജങ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ.|Photo: Mathrubhumi

പനമരം: മൂന്നുവീതം പഞ്ചായത്തുകളും നിയോജകമണ്ഡലവും ഉള്‍പ്പെടുന്ന നടവയലില്‍ തിരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിക്കുന്നു. ജില്ലയിലെ കുടിയേറ്റഗ്രാമമായ നടവയല്‍ പൂതാടി, പനമരം, കണിയാമ്പറ്റ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലായി വിഭജിച്ചുകിടക്കുന്നതാണ്. മൂന്ന് പഞ്ചായത്തിലുമായി എട്ടുവാര്‍ഡുകള്‍ നടവയലുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. മൂന്നിലും ഒരു വാര്‍ഡിന്റെ പേര് 'നടവയല്‍' എന്നാണ്.

നാല് റോഡുകള്‍ കൂടിച്ചേരുന്ന നടവയല്‍ ജങ്ഷന്‍പോലും മൂന്നു പഞ്ചായത്തിലായി വിഭജിച്ചുകിടക്കുന്നു. ജങ്ഷനോടുചേര്‍ന്ന് കേണിച്ചിറ റോഡിന്റെ ഇടതുഭാഗം പൂതാടി പഞ്ചായത്തിലും വലതുഭാഗം കണിയാമ്പറ്റയിലും പെടുന്നു.

എന്നാല്‍, നടവയല്‍ പള്ളി പൂതാടിയിലാണ്. പുല്പള്ളി റോഡിന്റെ ഇടതുഭാഗം പനമരത്തും വലതുഭാഗം പൂതാടിയിലും ഉള്‍പ്പെടും. നെല്ലിയമ്പംറോഡ് കഴിഞ്ഞ് ജങ്ഷന്‍വരെ റോഡിന്റെ ഇരുഭാഗവും കണിയാമ്പറ്റ പഞ്ചായത്തിലാണ്.

അതിനാല്‍ത്തന്നെ ഇവിടെ തദ്ദേശതിരഞ്ഞെടുപ്പ് ചര്‍ച്ചകളും പ്രചാരണങ്ങളും വ്യത്യസ്തമാണ്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി മുന്നണികള്‍ എല്ലാ വാര്‍ഡിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ഇതോടെ ഈ സ്ഥാനാര്‍ഥികള്‍ വോട്ടുതേടിയെത്തുമ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

മൂന്നു ഗ്രാമപ്പഞ്ചായത്തിന്റെയും പനമരം ബ്ലോക്ക് പഞ്ചായത്ത് നടവയല്‍ ഡിവിഷന്റെയും മുള്ളന്‍കൊല്ലി ജില്ലാപഞ്ചായത്ത് ഡിവിഷന്റെയും ചര്‍ച്ചകളാണ് ഈ അങ്ങാടിയിലെങ്ങും. ഈ മൂന്നു പഞ്ചായത്തുകളെയും വിഭജിച്ച് നടവയല്‍ വില്ലേജ് ആസ്ഥാനമായി സ്വന്തമായൊരു പഞ്ചായത്ത് ആസ്ഥാനം ഒരുക്കണമെന്ന ആവശ്യങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നടവയല്‍ പഞ്ചായത്ത് 1994-ലും 2015-ലെ ഭരണകാലത്തും അനുവദിച്ചതാണ്.

എന്നാല്‍, കോടതിയുടെ ഇടപെടല്‍മൂലം രണ്ടുതവണയും പഞ്ചായത്തെന്ന സ്വപ്നം നടക്കാതെപോയി. മൂന്നു പഞ്ചായത്തുകളിലായി തിരിഞ്ഞുകിടക്കുന്നതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ല

എന്നതാണ് നാട്ടുകാര്‍ പഞ്ചായത്തിനായി മുറവിളികൂട്ടാന്‍ പ്രധാനകാരണമായി പറയുന്നത്. ജനപ്രതിനിധികള്‍ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് പതിവ്. വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തതും മതിയായ ചികിത്സാസൗകര്യങ്ങളില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമെല്ലാം ഇന്നും നാട്ടുകാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതാണ്.

Content Highlights: Explore the vibrant election campaign in Nadavayal, a unique Kerala village split across three panchayats. Discover local issues and political fervor.