കൊട്ടിക്കയറി ആവേശം; ജില്ലയില്‍ പരസ്യ പ്രചാരണം അവസാനിച്ചു

കല്പറ്റ: ആരുവാഴും ആരുവീഴും എന്ന ചോദ്യം ബാക്കിയാക്കി ജില്ലയില്‍ തദ്ദേശപ്പോരിന്റെ പരസ്യ പ്രചാരണച്ചൂടിന് കൊട്ടിക്കലാശത്തോടെ വിരാമമായി. വീറും വാശിയും ചോരാതെയാണ് മുന്നണികള്‍ ചൊവ്വാഴ്ച കൊട്ടിക്കലാശത്തിനായി നിരത്തിലിറങ്ങിയത്. പാര്‍ട്ടിക്കൊടികള്‍ ഉയരേ പാറിച്ചും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പതിച്ച ചെറുബോര്‍ഡുകള്‍ ഉയര്‍ത്തിയും അണികള്‍ കലാശപ്പൂരത്തിന് ചുക്കാന്‍പിടിച്ചു. വര്‍ണാഭമായ സ്‌മോക്ക് ബോംബുകളും കടലാസുകളും തിരഞ്ഞെടുപ്പ് ആവേശത്തിന് നിറം പകര്‍ന്നു.
പ്രവര്‍ത്തകരുടെയും സ്ഥാനാര്‍ഥികളുടെയും വിസിലടികളും മേളത്തിന് അകമ്പടിയായെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം പതിപ്പിച്ച ടീ-ഷര്‍ട്ട് ധരിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ക്കൊത്ത് ചുവടുവെച്ചും വിപ്ലവഗാനങ്ങള്‍ക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുമാണ് മുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം കളറാക്കിയത്. പോലീസ് സേനയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും മുഴുവന്‍സമയവും നിരീക്ഷണത്തിന് ഉണ്ടായിരുന്നു.
കല്പറ്റ ചുങ്കം ജങ്ഷനില്‍നിന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കൊട്ടിക്കലാശം തുടങ്ങിയത്. സ്ഥാനാര്‍ഥികളെ അണിനിരത്തി ശബ്ദഘോഷത്തോടെ എല്‍ഡിഎഫ് പഴയ സ്റ്റാന്‍ഡിലേക്കും യുഡിഎഫ് പുതിയ സ്റ്റാന്‍ഡ് പരിസരത്തേക്കും പ്രകടനം നടത്തി. നാസിക് ഡോളിന്റെ അകമ്പടിയോടെ തിരഞ്ഞെടുപ്പ് ആവേശം കൊടുമുടി കയറി. പ്രായഭേദമെന്യേ പാട്ടുകള്‍ക്ക് താളംചവിട്ടി പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ഇതിനിടെ പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ചും മുറുകേപുണര്‍ന്നും സ്ഥാനാര്‍ഥികള്‍ സന്തോഷം പങ്കിട്ടു.
എല്‍ഡിഎഫ് കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, കല്പറ്റ ഏരിയാ സെക്രട്ടറി വി. ഹാരിസ്, സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ടി. മണി, ആര്‍ജെഡി കല്പറ്റ മുന്‍സിപ്പല്‍ പ്രസിഡന്റ് സി.കെ. നൗഷാദ്, എന്‍സിപി (എസ്) ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ തുടങ്ങിയവര്‍ എല്‍ഡിഎഫിന്റെ കൊട്ടിക്കലാശത്തിന് നേതൃത്വം നല്‍കി.
ടി. സിദ്ദീഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി അംഗം പി.പി. ആലി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കല്പറ്റ, സി. മൊയ്തീന്‍കുട്ടി, കേയംതൊടി മുജീബ്, ടി.കെ. മുരളി, കെ.കെ. രാജേന്ദ്രന്‍, സി.കെ. നാസര്‍ തുടങ്ങിയവര്‍ യുഡിഎഫ് കൊട്ടിക്കലാശത്തിനു നേതൃത്വം നല്‍കി.
കല്പറ്റ ജൈത്ര തിയേറ്ററിനു മുന്‍പില്‍നിന്നാണ് കൊട്ടിക്കലാശത്തിനു മുന്നോടിയായുള്ള ബിജെപിയുടെ പ്രകടനം തുടങ്ങിയത്. ചെണ്ടമേളത്തിന്റെയും പാട്ടിന്റെയും അകമ്പടിയോടെ സ്ഥാനാര്‍ഥികളെയും പ്രകടനത്തില്‍ അണിനിരത്തി. കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം. കൊട്ടിക്കലാശത്തിന്റെ ആവേശത്തിനൊപ്പം പ്രകടനത്തിലുടനീളം കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിവരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം എം. ശാന്തകുമാരി, എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദന്‍, കല്പറ്റ മണ്ഡലം പ്രസിഡന്റ് ശിവദാസന്‍ വിനായക, മുനിസിപ്പല്‍ പ്രസിഡന്റ് കെ.ആര്‍. രഞ്ജിത്ത്, മനോജ് വി. നരേന്ദ്രന്‍, ടി. പ്രശോഭ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മടിയൂര്‍ക്കുനി, മണിയങ്കോട്, പുളിയാര്‍മല എന്നിവിടങ്ങളിലെ പരിപാടിക്കുശേഷമാണ് എന്‍ഡിഎയുടെ കല്പറ്റയിലെ കൊട്ടിക്കലാശം.
തദ്ദേശതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കേ ആവേശം കൊട്ടിക്കയറിയ വൈകുന്നേരത്തിനാണ് ചൊവ്വാഴ്ച മാനന്തവാടിയും സാക്ഷ്യംവഹിച്ചത്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ മൂന്നുമുന്നണിയും ഒരേസ്ഥലത്ത് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത് ഗാന്ധി പാര്‍ക്കിലായിരുന്നു.
ഡിജെ മ്യൂസിക് അകമ്പടിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്തുനിന്ന് പ്രകടനവുമായെത്തിയത്. ഇവര്‍ക്ക് ഗാന്ധിപാര്‍ക്കിലെ തലശ്ശേരി റോഡ് ഭാഗത്താണ് അവസരമൊരുക്കിയത്. മൈസൂരു റോഡ് ഭാഗത്താണ് യുഡിഎഫിന് അനുവദിച്ചത്. ഡിഎഫ്ഒ ഓഫീസ് പരിസരത്തുനിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നാസിക് ഡോളിന്റെ അകമ്പടിയോടെ പ്രകടനമായി ഗാന്ധി പാര്‍ക്കിലെക്കെത്തിയത്. കോടതി പരിസരത്തുനിന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകരും എത്തി. ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്റ്ഓഫീസ് റോഡ് ഭാഗത്താണ് നിലയുറപ്പിച്ചത്. വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന് പ്രവര്‍ത്തകര്‍ കൊടികള്‍ വീശി.
മാനന്തവാടി ഡിവൈഎസ്പി വി.കെ. വിശ്വംഭരന്‍, സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ പി. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, കേരള ആംഡ് പോലീസ് എന്നിവരടങ്ങിയ പോലീസ് സേന കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സംഘര്‍ഷമുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും മാനന്തവാടിയിലെത്തിയിരുന്നു. മാനന്തവാടി നഗരസഭയോടടുത്തുള്ള വാര്‍ഡുകളിലെ പ്രവര്‍ത്തകരാണ് കലാശക്കൊട്ടില്‍ പങ്കെടുത്തത്. മറ്റുവാര്‍ഡുകളില്‍ പ്രാദേശിക തലത്തില്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. തവിഞ്ഞാലില്‍ വാളാടിലും തലപ്പുഴയിലുമാണ് പ്രവര്‍ത്തകര്‍ ആവേശത്തോടെയെത്തിയത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ കാട്ടിക്കുളം ടൗണിലും ആവേശത്തോടെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
ഒരുമാസത്തോളംനീണ്ട പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ബത്തേരിയില്‍ ആവേശമാക്കി ഇരുമുന്നണികളും. ചുങ്കത്തുനിന്ന് വൈകീട്ട് അഞ്ചരയോടെ ആദ്യം ട്രാഫിക് ജങ്ഷനിലേക്കെത്തിയത് ഇടതുമുന്നണി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമായിരുന്നു. സ്വതന്ത്രമൈതാനിക്കു സമീപം പ്രവര്‍ത്തകരെ പോലീസ് നിയന്ത്രിച്ചു. അധികം വൈകാതെ അസംപ്ഷന്‍ ജങ്ഷനില്‍നിന്ന് പ്രകടനമായി യുഡിഎഫ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമെത്തിയതോടെ ഇരുഭാഗത്തും ആവേശം നിറഞ്ഞു. അനൗണ്‍സ്മെന്റ് വാഹനങ്ങളുടെ നിരകള്‍ ഇരുഭാഗത്തുമെത്തി.
നേതാക്കള്‍ മൈക്കിലൂടെ പ്രസംഗം നടത്തിയെങ്കിലും നാസിക് ഡോളിന്റെ ഭീകരമുഴക്കത്തില്‍ അലിഞ്ഞു. ഇരുഭാഗത്തുമായി പ്രവര്‍ത്തകരും നടുവില്‍ പോലീസും നിരന്നപ്പോള്‍ ട്രാഫിക് ജങ്ഷന്‍ ആളുകളാല്‍ നിറഞ്ഞു. യുഡിഎഫ് പ്രകടനത്തിന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, നേതാക്കളായ ഡി.പി. രാജശേഖരന്‍, ടി. മുഹമ്മദ്, സതീഷ് പൂതിക്കാട്, മാടക്കര അബ്ദുള്ള, ലയണല്‍ മാത്യു, സി.കെ. ഹാരിഫ്, സമദ് കണ്ണിയന്‍ തുടങ്ങി വിവിധ ഘടകകക്ഷിനേതാക്കള്‍ നേതൃത്വം നല്‍കി. എല്‍ഡിഎഫ് പ്രകടനത്തിന് നേതാക്കളായ വി.വി. ബേബി, പി.ആര്‍. ജയപ്രകാശ്, കെ.ജെ. ദേവസ്യ, ടി.കെ. രമേശ്, ലിജോ ജോണി, വിവിധ ഘടകകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എന്‍ഡിഎയുടെ കൊട്ടിക്കലാശപരിപാടികള്‍ ഡിവിഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു. എല്ലാ ഡിവിഷനുകളിലും വാഹനറാലി നടത്തി. കിടങ്ങില്‍ മണ്ഡലം പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ എ.എസ്. കവിത, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. ദിനേശ്, വിവിധ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജയേഷ്, വി.എന്‍. അര്‍ജുനന്‍, ഷേര്‍ളി, പി.എം. രാമകൃഷ്ണന്‍, മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും പ്രകടനമുണ്ടായി.
Content Highlights: Witness the vibrant culmination of Kerala`s local body election campaigns! Explore the energetic `Kottikkalasham` events across Kalpetta, Mananthavady, and Sultan Bathery.