കല്പറ്റയില്‍ യുഡിഎഫിന് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

#Election Desk
പ്രതീകാത്മക ചിത്രം.|Photo: PTI
പ്രതീകാത്മക ചിത്രം.|Photo: PTI

കല്പറ്റ: കല്പറ്റ നഗരസഭയില്‍ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന കെ.ജി. രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക തള്ളി. നഗരസഭാസെക്രട്ടറിയായിരിക്കെ ഉണ്ടായിരുന്ന ബാധ്യത അടച്ചുതീര്‍ത്തില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. നഗരസഭയിലെ 23-ാം ഡിവിഷന്‍ വെള്ളാരംകുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു കെ.ജി. രവീന്ദ്രന്‍. കല്പറ്റ നഗരസഭാ മുന്‍സെക്രട്ടറികൂടിയാണ്. ഡമ്മിയായി പത്രികനല്‍കിയിരുന്ന സി.എസ്. പ്രഭാകരന്‍ പകരം മത്സരിക്കും.

കല്പറ്റ നഗരസഭാ സെക്രട്ടറിയായിരിക്കെ 2017-18 കാലഘട്ടത്തില്‍ വിനോദനികുതി ഒഴിവാക്കിയവകയില്‍ നഗരസഭയ്ക്കുണ്ടായ 3,06,110 രൂപയുടെ സാമ്പത്തികബാധ്യതയുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയാണ് എല്‍ഡിഎഫ് പത്രികയില്‍ വിയോജിപ്പറിയിച്ചത്. സ്ഥാനാര്‍ഥിയായിരുന്ന കെ.ജി. രവീന്ദ്രന്‍ ബാധ്യതകളില്‍ ഈ തുക കാണിച്ചിരുന്നില്ല. അഭിഭാഷകരടക്കം യുഡിഎഫിനായി ഹാജരായെങ്കിലും ഇതുമായി ബന്ധപ്പെട്ട അനുകൂലരേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് പത്രിക തള്ളിയത്.

23-ാം ഡിവിഷനിലെ പുതിയ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച സി.എസ്. പ്രഭാകരന്‍ കെഎസ്എസ്ടിഎയുടെ കല്പറ്റ മണ്ഡലം സെക്രട്ടറിയാണ്. മുന്‍പ് കെജിഒഎയുടെ ജില്ലാ വൈസ് പ്രസിഡന്റും എന്‍ജിഒ അസോസിയേഷന്റെ സംസ്ഥാന കൗണ്‍സിലറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നഗരസഭയിലെ മറ്റൊരുവാര്‍ഡില്‍ സ്ഥാനാര്‍ഥിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വിവരമറിഞ്ഞതെന്നും വിജയപ്രതീക്ഷയുണ്ടെന്നും പ്രഭാകരന്‍ പ്രതികരിച്ചു. ഞായറാഴ്ചമുതല്‍ 23-ാം വാര്‍ഡില്‍ പ്രചാരണത്തിനെത്തുമെന്നും പ്രഭാകരന്‍ പറഞ്ഞു. കല്പറ്റ ചാത്തോത്തുവയല്‍ സ്വദേശിയാണ്.

കല്പറ്റയില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള ശ്രമത്തിനിടെ ചെയര്‍മാന്‍സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് യുഡിഎഫിന് തിരിച്ചടിയായി. നഗരസഭയില്‍ നേരത്തേ 28 ഡിവിഷനുണ്ടായിരുന്നത് ഇത്തവണ വാര്‍ഡ് വിഭജനത്തിലൂടെ 30 ആയിട്ടുണ്ട്. യുഡിഎഫില്‍ 18 ഡിവിഷനില്‍ കോണ്‍ഗ്രസും 12 ഡിവിഷനില്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്.

എല്‍ഡിഎഫില്‍ 20 ഡിവിഷനില്‍ സിപിഎമ്മും അഞ്ച് ഡിവിഷനില്‍ ആര്‍ജെഡിയും മൂന്നുഡിവിഷനില്‍ സിപിഐയും രണ്ടുഡിവിഷനില്‍ പൊതുസ്വതന്ത്രരുമാണ് മത്സരിക്കുന്നത്. ആദിവാസിക്ഷേമസമിതി ജില്ലാപ്രസിഡന്റും മുന്‍കൗണ്‍സിലറുമായ പി. വിശ്വനാഥനാണ് എല്‍ഡിഎഫിന്റെ ചെയര്‍മാന്‍സ്ഥാനാര്‍ഥി.

യുഡിഎഫ്‌ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ഇരുപക്ഷവും പ്രതികരണങ്ങളുമായി രംഗത്തെത്തി. തദ്ദേശതിരഞ്ഞെടുപ്പില്‍ കല്പറ്റ നഗരസഭയിലേക്ക്  സാധാരണപ്രവര്‍ത്തകരെ ഒഴിവാക്കി ഇത്തരം ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് സ്ഥാനാര്‍ഥി പാനലുണ്ടാക്കി യുഡിഎഫ് അഴിമതിക്ക് കളമൊരുക്കുകയാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി വി. ഹാരിസ് ആരോപിച്ചു. എങ്ങനെയെങ്കിലും ഭരണം പിടിച്ച് അഴിമതി നടത്തുകയെന്ന താത്പര്യം മാത്രമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. നഗരസഭയ്ക്ക് വലിയ ബാധ്യതകള്‍ വരുത്തിവെച്ച മുന്‍സെക്രട്ടറിയെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുക വഴി നഗരസഭയോട് ഒരു ഉത്തരവാദിത്വവുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞെന്നും വി. ഹാരിസ് പറഞ്ഞു.

എന്നാല്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ.ജി. രവീന്ദ്രന്റെ പത്രികതള്ളിയ നടപടി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ യോഗത്തില്‍ അറിയിച്ചു. പത്രിക തള്ളിയത് നിയമത്തിന്റെ മുന്നില്‍ നിലനില്‍ക്കാത്ത സാങ്കേതികത്വം പറഞ്ഞാണ്. കല്പറ്റ ആസ്ഥാനമായുള്ള ഒരു സന്നദ്ധസംഘടന സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ നികുതിയിളവു നല്‍കണമെന്ന ആവശ്യം പരിഗണിക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ ഐകകണ്‌ഠേനയാണ് സര്‍ക്കാരിലേക്ക് ശുപാര്‍ശചെയ്തത്.

ഓഡിറ്റില്‍ കണ്ടെത്തിയ നിഗമനങ്ങളോട് മറുപടി നല്‍കിയും തെറ്റുകള്‍ തിരുത്തിയും മുന്നോട്ടുപോവുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സംഘാടകരില്‍ ചിലര്‍ പണമടയ്ക്കുകയും മറ്റുചിലര്‍ ഹൈക്കോടതിയില്‍പ്പോയി സ്റ്റേവാങ്ങുകയും ചെയ്തു. ഇതില്‍ കെ.ജി. രവീന്ദ്രന്‍ നടപടികള്‍ സത്യവും വ്യക്തവുമാണ്.

രാഷ്ട്രീയവും വികസനവും പറഞ്ഞ് ജയിക്കാന്‍കഴിയാത്തതുകൊണ്ട് കുറുക്കുവഴികളിലൂടെ നാമനിര്‍ദേശപത്രിക തള്ളി സത്യസന്ധരായ പെതുപ്രവര്‍ത്തകരെ അപമാനിക്കാനുള്ള നീക്കത്തിനെതിരേ ജനം വിധിയെഴുതു മെന്നും യോഗം അറിയിച്ചു. യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു. യുഡിഎഫ് നി യോജകമണ്ഡലം കണ്‍വീനര്‍ പി.പി. ആലി, മണ്ഡലം പ്രസിഡന്റ് പി.കെ. മുരളി, കെ.കെ. രാജേന്ദ്രന്‍, സി.കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: UDF Chairman candidate K.G. Raveendran`s nomination for Kalpetta Municipality rejected due to unsettled dues from his secretary tenure.