വൈഷ്ണയുടെ വോട്ട് വെട്ടൽ: ആരോപണം മേയർ ആര്യയിലേക്കും ഓഫീസിലേക്കും, കോടതി ഇടപെടലിൽ തന്ത്രം പൊളിഞ്ഞു

തിരുവനന്തപുരം: മുട്ടട വാർഡിലെ വോട്ടുവെട്ടിയതിനു നേതൃത്വം നൽകിയത് കോർപ്പറേഷനുമായി ബന്ധപ്പെട്ട രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വമെന്ന് ആരോപണം. മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ കണ്ടാണ് വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയതെന്നാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരന്റെ ആരോപണം. ഇടതുസംഘടനാ നേതാക്കളാണ് ഇതിനു നേതൃത്വം നൽകിയതെന്നാണ് പരാതി.
കോർപ്പറേഷനിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, ഹിയറിങ് ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥ എന്നിവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തിയത്. എന്നാൽ, ഇത് ഉദ്യോഗസ്ഥർമാത്രം ചെയ്തതല്ലെന്നും സിപിഎം നേതാക്കളുടെ നിർദേശപ്രകാരമുള്ള ഗൂഢാലോചനയാണെന്നാണ് കോൺഗ്രസ് ആരോപണം.
മുട്ടടയിലെ സിപിഎം സ്ഥാനാർഥി നിലവിലെ കൗൺസിലറും ഭരണസമിതിയുടെ വേണ്ടപ്പെട്ട ആളുമാണ്. യുഡിഎഫ് ഏറ്റവും പ്രായംകുറഞ്ഞ ആളെ രംഗത്തിറക്കിയതോടെയാണ് വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ആരോപണം. അഡീഷണൽ സെക്രട്ടറി സജികുമാർ മുതൽ അന്വേഷണത്തിനു പോയ ബിൽ കളക്ടർ വരെയുള്ളവർ സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു. സംരക്ഷിച്ചുകൊള്ളാമെന്ന സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്താണ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നിയമങ്ങൾപോലും കാറ്റിൽപ്പറത്തിയതെന്നാണ് പരാതി. മാത്രമല്ല, ഹൈക്കോടതി വോട്ട് നീക്കിയത് പുനഃപരിശോധിക്കാൻ പറഞ്ഞ ദിവസവും മേയർ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈഷ്ണയുടെ വീട്ടിൽ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി പേപ്പറുകൾ ഒപ്പിട്ടുവാങ്ങി. ഇതിന്റെ വീഡിയോയും പുറത്തുവന്നു. എന്തിനാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഈ വീട്ടിൽ പോയതെന്ന് വ്യക്തമാക്കാൻ അധികൃതർക്കായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഹാജരാക്കാനെന്ന പേരിലാണ് എഴുതിവാങ്ങിയത്. എന്നാൽ, വീഡിയോയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒപ്പിട്ട പേപ്പറുകൾ ഹാജരാക്കാതെ മുക്കിയതെന്നും കരുതുന്നു.
പരാതിക്കാരനും ഇടത് സ്ഥാനാർഥിക്കും വേണ്ടിയാണ് പദവി ദുരുപയോഗംചെയ്ത് വാടകക്കാരെ ഭീഷണിപ്പെടുത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. കോർപ്പറേഷനിൽ നിന്നാണ് പ്രധാന ഗൂഢാലോചന നടന്നതെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. പക്ഷേ, ഹൈക്കോടതി ഇടപെടലിലൂടെ ആസൂത്രിതമായ ഗൂഢാലോചന പൊളിയുകയായിരുന്നു. രൂക്ഷമായ ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടും സിപിഎമ്മോ കോർപ്പറേഷൻ പഴയ ഭരണസമിതിയോ പ്രതികരിച്ചിട്ടില്ല. വോട്ട് വെട്ടിയതിൽ സിപിഎമ്മിന് പങ്കില്ല തിരഞ്ഞെടുപ്പ് കമ്മിഷനാണ് പങ്കുള്ളതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി കഴിഞ്ഞദിവസം പറഞ്ഞത്.
Content Highlights: Congress leader K. Muraleedharan alleges a conspiracy by CPM leaders and corporation officials in Thiruvananthapuram to remove Vyshna Suresh from the list