‘വൈഷ്ണയുടെ വോട്ട് വെട്ടിയതിന് നീതീകരണമില്ല’; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷൻ, മുട്ടടയിൽ 'വിജയാഹ്ലാദം'

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ തിരികെക്കയറാനുള്ള പോരാട്ടത്തിൽ കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് വിജയം. വോട്ടർപ്പട്ടികയിൽ വൈഷ്ണയുടെ പേര് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുനഃസ്ഥാപിച്ചു. പേരു നീക്കിയ കോർപ്പറേഷൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ നടപടി നിയമപരമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
കോർപ്പറേഷൻ ഇലക്ടറൽ ഓഫീസറും അഡീഷണൽ സെക്രട്ടറിയുമായ വി. സജികുമാറിനെതിരേ രൂക്ഷവിമർശനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്റെ ഉത്തരവിലുള്ളത്. ഹൈക്കോടതി നിർദേശപ്രകാരമാണ് കമ്മിഷൻ വീണ്ടും ഹിയറിങ് നടത്തിയത്.
വൈഷ്ണ ഈ വിലാസത്തിൽ താമസിക്കുന്നുവെന്നു ബോധ്യപ്പെട്ടാണ് കോർപ്പറേഷൻ ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ വോട്ട് ചേർത്തതെന്നും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ കമ്മിഷനുമുന്നിൽ സമ്മതിച്ചു. എന്നാൽ, വൈഷ്ണ ഇവിടെ താമസിക്കുന്നില്ല എന്നതിന് പരാതിക്കാരൻ രേഖകളൊന്നും കമ്മിഷനുമുന്നിലും ഹാജരാക്കിയില്ല.
വോട്ട് വെട്ടിമാറ്റാൻ ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആർ. പ്രതാപചന്ദ്രൻ, അന്വേഷണോദ്യോഗസ്ഥയായ ബിൽ കളക്ടർ ജി.എം. കാർത്തിക എന്നിവരും പക്ഷപാതപരമായി പെരുമാറി.
വോട്ട് നീക്കാൻ പരാതി വന്നപ്പോൾ ഹിയറിങ്ങിൽ മുട്ടടയിലെ ‘സുധഭവൻ’ എന്ന വീടിന്റെ വിലാസം വൈഷ്ണ ഹാജരാക്കി. എന്നാൽ, ഇതു പരിഗണിക്കാതെ ഫോം നാലിൽ രേഖപ്പെടുത്തിയ തെറ്റായ ടിസി നമ്പർ പരിഗണിച്ചു. പഴയ വാർഡിന്റെ നമ്പർ രേഖപ്പെടുത്തിയതാണ് തെറ്റിയത്. എന്നാൽ, യഥാർഥവിലാസം നൽകിയിട്ടും ഇതു പരിഗണിക്കാനോ, ഇവിടെപ്പോയി പരിശോധിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. യഥാർഥ വിലാസത്തിൽ വൈഷ്ണ താമസിക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥനും രേഖപ്പെടുത്തിയിട്ടുമില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
'വൈഷ്ണയുടെ വോട്ട് വെട്ടിയതിന് നീതീകരണമില്ല'
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണയുടെ വോട്ട് വെട്ടാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന നിയമലംഘനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോന്നായി എണ്ണിപ്പറയുന്നു. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ച ഉത്തരവിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെളിപ്പെടുത്തൽ.
വിലാസത്തിനു പകരം വീട്ടുനമ്പർ മാത്രമെടുത്തു
വൈഷ്ണ മുട്ടട വാർഡിൽ താമസമില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. കോർപ്പറേഷനിൽ നടന്ന ഹിയറിങ്ങിന്, ഫോട്ടോ പതിച്ച വോട്ടർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളിലെല്ലാമുള്ള സുധ ഭവൻ ടിസി 3/564 എന്ന നമ്പരിലുള്ള വിശദമായ വിലാസം സഹിതമാണ് വൈഷ്ണ എത്തിയത്. 564 എന്നത്, വർഷങ്ങൾക്കു മുൻപ് മുട്ടട മൂന്നാം വാർഡ് ആയിരിക്കുമ്പോഴുള്ള വീട്ടുനമ്പരായിരുന്നു. ഇത് പിന്നീട് 18-ാം വാർഡായി. വാർഡിനൊപ്പം വീട്ടുനമ്പർ മാറുമെന്നതു ശ്രദ്ധിക്കാതെ 18/564 എന്നു തെറ്റായി രേഖപ്പെടുത്തിയത് ഉപയോഗിച്ചാണ് വോട്ട് വെട്ടിയത്.
വൈഷ്ണ രേഖപ്പെടുത്തിയ 18/564 എന്ന നമ്പർ മാത്രം എടുത്ത് ഇപ്പോൾ ഈ നമ്പരിലുള്ള വീട്ടിൽ പോയി പരിശോധന നടത്തി, ഇത് മറ്റൊരാളുടെ വിലാസമാണെന്നു കണ്ടെത്തിയാണ് വൈഷ്ണയെ പുറത്താക്കിയത്. ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആർ.പ്രതാപചന്ദ്രനും അന്വേഷണോദ്യോഗസ്ഥയായ ബിൽ കളക്ടർ ജി.എം.കാർത്തികയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
എന്നാൽ, വീട്ടുപേരും െറസിെഡൻസ് അസോസിയേഷൻ നമ്പരും അടങ്ങിയ കൃത്യമായ വിലാസമുണ്ടായിരുന്നിട്ടും ഉദ്യോഗസ്ഥർ വീട്ടുനമ്പർ മാത്രമെടുത്തു. നവംബർ 12-നു നടന്ന ഹിയറിങ്ങിൽ പരാതിക്കാൻ ഹാജരായില്ല. പക്ഷേ, വൈഷ്ണ ഹാജരായി വോട്ടുള്ള വിലാസത്തിലെ രേഖകളെല്ലാം ഹാജാരാക്കി. പക്ഷേ, അന്നേദിവസം വൈകീട്ട് പരാതിക്കാരൻ ഹാജരായി വൈഷ്ണയുടെ അസാന്നിധ്യത്തിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം വോട്ട് നീക്കി. എന്നാൽ, വൈഷ്ണ മേൽവിലാസത്തിലെ താമസക്കാരിയല്ല എന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പരാതിക്കാരൻ ഹാജരാക്കിയില്ല. വൈഷ്ണയുടെ അസാന്നിധ്യത്തിലെടുത്ത മൊഴി ഹിയറിങ്ങായി അംഗീകരിക്കാൻ കഴിയില്ലെന്നറിയാമായിട്ടും അതു സ്വീകരിച്ചു. പരാതിക്കാരന്റെ മൊഴിയിൽ മറുവാദമുന്നയിക്കാൻ അവസരം നൽകാതെ പേരു നീക്കംചെയ്ത ഉത്തരവു നിലനിൽക്കില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.
ഒരു പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കിൽ തിരിച്ചറിയാൻ സാധിക്കുമെങ്കിൽ വോട്ടർപട്ടികയിൽ വോട്ടുചേർക്കാൻ അർഹരാണ്. ഇതിന് തദ്ദേശസ്ഥാപനം നൽകുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടകക്കരാറോ ഒന്നും ആവശ്യമില്ല. ഇതിന്റെ അന്തഃസത്ത വോട്ട് നീക്കിയപ്പോൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ഉൾക്കൊണ്ടില്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.
മുട്ടടയിൽ 'വിജയാഹ്ലാദം'
ദിവസങ്ങളോളം നീണ്ടുനിന്ന പിരിമുറുക്കം അയഞ്ഞ് ആഹ്ലാദത്തിൻ്റെ നിറവിലായിരുന്നു കുറവൻകോണത്തെ യുഡിഎഫ് ഓഫീസ്. മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണാ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനഃസ്ഥാപിച്ചെന്ന ഉത്തരവ് വന്നതോടെ വൈഷ്ണയ്ക്കൊപ്പം പ്രവർത്തകരും നേതാക്കളും അവിടേക്കെത്തി.
കുറവൻകോണം ജങ്ഷനിൽ ഇന്ദിരാഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് നേതാവ് ചെന്നിത്തല വൈഷ്ണയെ ഷാളണിയി ച്ച് സ്വീകരിച്ചു. ബുധനാഴ്ച രാവിലെ മുതൽ പ്രചാരണ പരിപാടികളിൽ നിന്നുപോലും വിട്ടുനിന്ന വൈഷ്ണ ഉത്തരവിറങ്ങിയതോടെ ഏറെ സന്തോഷവതിയായാണ് വേദിയിലെത്തിയത്.
മുട്ടടയിലെ മേൽവിലാസത്തിൽ സ്ഥിരം താമസക്കാരിയല്ലെന്നു കാണിച്ചുള്ള പരാതിയെ തുടർന്നാണ് വൈഷ്ണയുടെ പേര് പട്ടികയിൽ നിന്നും നീക്കിയത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച പ്രത്യേക ഹിയറിങ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് വോട്ട് പുനഃസ്ഥാപിച്ചുള്ള ഉത്തരവിറങ്ങിയത്.
Content Highlights: Thiruvananthapuram Corporation election: UDF candidate Vaishna Suresh`s vote is reinstated after officials` error