നിലനിര്‍ത്താന്‍ LDF, ഭരണംമാത്രം ലക്ഷ്യമിട്ട് BJP; തിരിച്ചുവരാന്‍ UDF, തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രവചനാതീതം

തിരുവനന്തപുരം: മൂന്ന് മുന്നണികളും ഒരുപോലെ കണ്ണ് വയ്ക്കുന്ന തലസ്ഥാന കോർപ്പറേഷൻ ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് മുന്നണികൾക്കു പോലും നിശ്ചയമില്ല. താഴെത്തട്ടിൽനിന്ന് വോട്ടുകണക്കൊക്കെ ശേഖരിച്ച് പരിശോധിച്ചെങ്കിലും പാർട്ടികൾക്ക് വിജയപരാജയങ്ങൾ ഉറപ്പിക്കാനാവാത്ത സ്ഥിതിയാണ്. അടിയൊഴുക്കുകളാണ് സ്ഥാനാർഥികളേയും മുന്നണികളേയും ആശങ്കയിലാക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറുമാക്കാനായി മുന്നണികൾ രംഗത്തിറക്കിയ പല പ്രമുഖരും വാർഡുകളിൽനിന്ന് വിജയിച്ചു കയറാൻ വല്ലാതെ വിയർക്കുകയാണ്. വമ്പൻ ബോർഡുകളും പലവിധ പോസ്റ്ററുകളും അഭ്യർത്ഥനകളും വികസന പത്രികകളുമായി പണക്കൊഴുപ്പാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലൊട്ടാകെ കാണുന്നത്.
ഒന്നര ലക്ഷം രൂപ ചെലവഴിക്കാവുന്ന പ്രചാരണത്തിന് 15 ലക്ഷം വരെ ചെലവാക്കിക്കഴിഞ്ഞവരുണ്ട്. പേട്ട, കവടിയാർ, ചാല, പുന്നയ്ക്കാമുകൾ, നേമം, ശാസ്തമംഗലം, കുന്നുകുഴി, അമ്പലത്തറ, കരുമം, വഞ്ചിയൂർ, മുട്ടട തുടങ്ങിയ പല വാർഡുകളിലും ഒപ്പത്തിനൊപ്പമാണ് മത്സരം. പക്ഷേ ഇതിൽ പല വാർഡുകളും എൽഡിഎഫിന് അനുകൂലമായ തരത്തിലാണ് പുനർവിഭജനം നടത്തിയതെന്നാണ് ആരോപണം. ചാലയും വഞ്ചിയൂരും അടക്കമുള്ള വാർഡുകളിൽ വ്യാപകമായ കള്ളവോട്ടുകൾ ചേർത്തു എന്ന ആരോപണവും എൽഡിഎഫ് നേരിടുന്നുണ്ട്.
എൽഡിഎഫിന് നിലനിർത്താനുള്ള പോരാട്ടം
30 വർഷത്തിലേറെയായി നിലനിർത്തുന്ന കോട്ടയ്ക്ക് ഇത്തവണയും ഇളക്കമുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് എൽഡിഎഫ്. എന്നാൽ നിരവധി വെല്ലുവിളികളാണ് അവർക്ക് പ്രചാരണ രംഗത്ത് നേരിടേണ്ടി വന്നത്. 52 വാർഡുകളാണ് എൽഡിഎഫിന് കഴിഞ്ഞ തവണയുണ്ടായിരുന്നത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതു കൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ മറികടന്ന് അഞ്ച് വർഷം ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത്. 2015-ലെ 43 വാർഡിൽനിന്ന് 52-ലേക്ക് എത്താൻ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ മികവും എൽഡിഎഫിനെ സഹായിച്ചിരുന്നു. രണ്ടാം പ്രളയകാലത്ത് തിരുവനന്തപുരം കോർപ്പറേഷൻ സംസ്ഥാനത്തിനൊട്ടാകെ മാതൃകയായ പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. എന്നാൽ ഇത്തവണ നേട്ടങ്ങളെക്കാളേറെ വിവാദങ്ങളാണ് കോർപ്പറേഷൻ ഭരണത്തിലുണ്ടായത്. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് ഭരണസമിതി നൽകിയ കത്ത് പുറത്തു വന്നതു മുതൽ ബ്രിട്ടനിൽനിന്ന് മേയർ വാങ്ങിയ പുരസ്‌കാരം വരെ ഈ വിവാദങ്ങൾ നീളുന്നു. ശബരിമല സ്വർണപ്പാളി മോഷണവും തലസ്ഥാന നഗരത്തിലെ വോട്ടർമാരെ സ്വാധീനിക്കാവുന്ന വിഷയങ്ങളാണ്.
സർക്കാരിന്റേയും കോർപ്പറേഷന്റേയും വികസനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചതും മറ്റ് വ്യക്തിപരമായ ആനുകൂല്യങ്ങളുമെല്ലാം വോട്ടാക്കി മാറ്റാനാണ് ലക്ഷ്യം. ഉള്ളൂർ, വാഴോട്ടുകോണം, വിഴിഞ്ഞം വാർഡുകളിൽ വിമതരുയർത്തുന്ന വെല്ലുവിളിയെ മറികടക്കാനും മുന്നണിക്കായിട്ടില്ല.
ഭരണംമാത്രം ലക്ഷ്യമിട്ട് ബിജെപി
കഴിഞ്ഞ രണ്ടു തവണയും 35 എന്ന സംഖ്യയിൽ ഉറച്ചു പോയ ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത് അൻപതിനു മുകളിലുള്ള വാർഡുകളാണ്. പക്ഷേ ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ളത് 70 വാർഡുകളിൽ മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷവും കോർപ്പറേഷൻ ഭരണത്തിനെതിരേ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനും അത് പൊതുജന മധ്യത്തിലെത്തിക്കാനും ബിജെപി കൗൺസിലർമാർക്ക് കഴിഞ്ഞിരുന്നു.
പക്ഷേ മുൻ കൗൺസിലർ തിരുമല അനിലിന്റേയും ആനന്ദ് കെ.തമ്പിയുടേയും ആത്മഹത്യകൾ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബിജെപിയെ വെട്ടിലാക്കി. അനിൽ പ്രസിഡന്റായ സഹകരണ സംഘത്തിലെ വായ്പകൾ ബിജെപി നേതാക്കൾ തിരിച്ചടയ്ക്കാത്തതും സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദിനെ ആദ്യം തള്ളിപ്പറഞ്ഞതും സ്വന്തം അണികൾക്കിടയിൽ തന്നെ പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
ബിജെപിയുടെ നഗരത്തിലെ ശക്തികേന്ദ്രങ്ങളായ തിരുമല, തൃക്കണ്ണാപുരം പ്രദേശങ്ങളിലാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്. ഇത്തവണ ഈ മേഖലയിലെ വാർഡുകളിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ശക്തരായ സ്ഥാനാർഥികളും ബിജെപിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. വികസനമാണ് ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നഗരത്തിൽ വൻ വികസന പദ്ധതികൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഇതിന്റെ പ്രഖ്യാപനം നടത്തുമെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.
തിരിച്ചു വരവിനൊരുങ്ങി യുഡിഎഫ്
10 എന്ന ദയനീയസംഖ്യയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പാണ് യുഡിഎഫിനു വേണ്ടത്. പക്ഷേ പ്രചാരണത്തിൽ മറ്റ് രണ്ടു മുന്നണികളുടെ പണാധിപത്യത്തിനൊപ്പം എത്താൻ പല യുഡിഎഫ് സ്ഥാനാർഥികളും വിയർക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കി മുഖം രക്ഷിച്ചെങ്കിലും ഇതെങ്ങനെ വോട്ടിനെ ബാധിക്കുമെന്നത് മുന്നണിയെ ആശങ്കയിലാക്കുന്നുണ്ട്. 2020-ൽ യുഡിഎഫിന്റെ ശക്തി കേന്ദ്രമായിരുന്ന തീരദേശത്തെ പത്തു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തതാണ് യുഡിഎഫിനെ തകർത്തത്. ഇത്തവണ ഈ വാർഡുകൾ തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
സ്ഥിരം ശക്തികേന്ദ്രങ്ങളായിരുന്ന പല വാർഡുകളിലും ബിജെപിയുടെ കടന്നു കയറ്റം പാർട്ടിയെ ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ കെ.മുരളീധരൻ അടക്കമുള്ള നേതാക്കൾ നേരിട്ടിറങ്ങിയാണ് പ്രചാരണം നടത്തുന്നത്. പക്ഷേ സ്ഥിരം ഉറച്ച വോട്ടുബാങ്കുണ്ടെന്നു പറയാവുന്ന തരത്തിലുള്ള വാർഡുകൾ ഇല്ലാത്തതാണ് വെല്ലുവിളി.
തീരദേശത്തെ വാർഡുകളിലൊഴിച്ച് കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ആദ്യം സ്ഥാനാർഥി പട്ടിക പുറത്തിറക്കി പ്രചാരണം തുടങ്ങിയതിന്റെ മുൻതൂക്കം കിട്ടിയിട്ടുണ്ട്. പ്രാദേശികമായി ശക്തരായ ചില സ്ഥാനാർഥികൾ എതിർ മുന്നണികളെ അട്ടിമറിക്കാനുള്ള സാധ്യതകളും തള്ളക്കളയാനാവില്ല. യുവ സ്ഥാനാർഥികളുടെ കാര്യത്തിലും മുൻപെങ്ങുമില്ലാത്തപോലെ യുഡിഎഫ് മുന്നിലാണ്. മുൻ എംഎൽഎ കെ.എസ്.ശബരീനാഥനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ് യുഡിഎഫ് മത്സരത്തെ നേരിടുന്നത്.
Content Highlights: Thiruvananthapuram Corporation election heats up! LDF, BJP, UDF in a fierce battle. Unpredictable results expected