കാരോട് പഞ്ചായത്ത്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

#Election Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പാറശ്ശാല: കാരോട് പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാരോട് പഞ്ചായത്തിലെ അംഗങ്ങളായ സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻപ്രഭ, എയ്ഞ്ചൽ കുമാരി എന്നിവരെ അയോഗ്യരാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്‌.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് നാല് അംഗങ്ങളും കോടതിയെ സമീപിച്ചത്.

2023 ഡിസംബറിലാണ് കാരോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസിനുള്ളിലുണ്ടാക്കിയ സമവായത്തിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനം രണ്ടരവർഷംവീതം കൈമാറാൻ ഇരു ഗ്രൂപ്പുകളും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന രാജേന്ദ്രൻനായർ സ്ഥാനം ഒഴിയാത്തതിനെത്തുടർന്നാണ് അയോഗ്യരാക്കിയ അഞ്ച് അംഗങ്ങൾ ഇടതുപക്ഷ പിന്തുണയോടെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

അവിശ്വാസപ്രമേയ ചർച്ചയിലും തുടർന്നുനടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ ഔദ്യോഗിക പക്ഷത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.

എന്നാൽ വിമതപക്ഷം വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്നതോടെ കോൺഗ്രസിന് കാരോട് പഞ്ചായത്തിൽ ഭരണം നഷ്ടമായി. തുടർന്നുനടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ സി.എ. ജോസിനെ പ്രസിഡന്റായും സൂസിമോളെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയ സംഭവത്തിൽ കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ വാദംകേട്ടശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അഞ്ചുപേരെയും അയോഗ്യരാക്കിയത്. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ഉത്തവ് നൽകിയത്.

Content Highlights: Kerala High Court stays Election Commission`s order disqualifying 5 Karod Panchayat members under anti-defection law