പെൺകരുത്തിൽ കിളിമാനൂർ, കന്നിപ്പോരാട്ടത്തിന് കല്ലമ്പലം; മാറ്റംനോക്കി കിഴുവിലം

കിളിമാനൂർ: ചുവപ്പുകോട്ടയെന്ന് വിളിച്ചിരുന്ന ജില്ലാപ്പഞ്ചായത്ത് കിളിമാനൂർ ഡിവിഷനിൽ 2020-ൽ ആ കോട്ട തകർത്തത് കോൺഗ്രസിന്റെ യുവനേതാവ് ജി.ജി. ഗിരികൃഷ്ണനാണ്. 2980 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചത് എൽഡിഎഫിന് ആഘാതമായി.
നിയമവിദ്യാർഥിനിയായ ഫാത്തിമ ഹിസാന(21)യിലൂടെ ഡിവിഷൻ തിരികെപ്പിടിക്കുകയാണ് ഇത്തവണ ഇടതുലക്ഷ്യം. കഴിഞ്ഞതവണത്തെ നേട്ടം നിലനിർത്താൻ യുഡിഎഫിനായി രംഗത്തിറങ്ങിയത് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപാ അനിലാണ്. വിസ്മയ വി. കുമാറാണ് എൻഡിഎ സ്ഥാനാർഥി. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ 17 വാർഡും പുളിമാത്ത് പഞ്ചായത്തിലെ 19വരെയുള്ള വാർഡും കിളിമാനൂർ പഞ്ചായത്തിലെ 5, 7 മുതൽ 14വരെയുള്ളതുമായ 45 വാർഡുകൾ ഉൾപ്പെടുന്നതാണ് കിളിമാനൂർ ഡിവിഷന്റെ പുതിയ ഘടന.
ജില്ലാപ്പഞ്ചായത്തിലേക്കു മത്സരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയാണ് തട്ടത്തുമല സ്വദേശിനി ഫാത്തിമ ഹിസാന. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമാണ്. മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം.
ദീപാ അനിൽ കെപിസിസി വക്താവും അടൂർ പ്രകാശ് എംപിയുടെ ആറ്റിങ്ങൽ മണ്ഡലം സേവന കൂട്ടായ്മയായ ആറ്റിങ്ങൽ കെയറിന്റെ മുഖ്യ കോഡിനേറ്ററുമാണ്. കിളിമാനൂർ പഞ്ചായത്ത് അംഗവും അധ്യാപകനുമായിരുന്ന കോൺഗ്രസ് നേതാവ് അന്തരിച്ച കെ.തങ്കപ്പൻപിള്ളയുടെ മകളാണ് കിളിമാനൂർ ചൂട്ടയിൽ സ്വദേശിനിയായ ദീപാ അനിൽ. ജില്ലാപ്പഞ്ചായത്തിലേക്ക് രണ്ടാംതവണയാണ് മത്സരിക്കുന്നത്.
മഹിളാമോർച്ച കിളിമാനൂർ മണ്ഡലം പ്രസിഡൻറായി പ്രവർത്തിച്ചതിന്റെയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന് വാർഡിൽ മത്സരിച്ചതിന്റെയും പരിചയസമ്പന്നതയാണ് ബിജെപിക്ക് വിസ്മയ വി. കുമാറിനെ രംഗത്തിറക്കാൻ ഊർജമായത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണ് പനപ്പാംകുന്ന് സ്വദേശിനിയായ വിസ്മയ മത്സരരംഗത്തേക്കിറങ്ങിയത്.
കന്നിപ്പോരാട്ടത്തിന് കല്ലമ്പലം
കല്ലമ്പലം: ജില്ലാപ്പഞ്ചായത്തിൽ പുതുതായി രൂപവത്കരിച്ച ഡിവിഷനാണ് കല്ലമ്പലം. ആദ്യ പോരാട്ടത്തിൽ ഡിവിഷൻ പിടിച്ചടക്കാൻ മൂന്നു മുന്നണികളും കനത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഡിവിഷനിൽ എൽഡിഎഫിനായി നിലവിലെ ജില്ലാപ്പഞ്ചായത്തംഗം സിപിഎമ്മിലെ വി. പ്രിയദർശിനി(49) മത്സരിക്കുന്നു. കോൺഗ്രസിലെ ലിസാ നിസാ(49)മാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ ഗീത(56) മത്സരിക്കുന്നു.
നാല് പഞ്ചായത്തുകളിലെ 45 വാർഡുകൾ ചേർന്നതാണ് കല്ലമ്പലം ഡിവിഷൻ. കരവാരം പഞ്ചായത്തിലെ 20, നഗരൂർ പഞ്ചായത്തിലെ 18, നാവായിക്കുളം പഞ്ചായത്തിലെ ആറ്, പുളിമാത്ത് പഞ്ചായത്തിലെ ഒന്ന് വാർഡുകളാണ് ഡിവിഷനിലുള്ളത്.
എൽഡിഎഫ് സ്ഥാനാർഥി വി. പ്രിയദർശിനി മണമ്പൂർ ഡിവിഷനിലെ ജില്ലാപ്പഞ്ചായത്തംഗമാണ്. സിപിഎം ഏരിയാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എസ്‌ഐആർഡി ഫാക്കൽറ്റി, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ റിസോഴ്‌സ് പേഴ്‌സൺ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി ലിസാ നിസാം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് ജില്ലാ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കുടുംബശ്രീ സിഡിഎസ് അംഗമാണ്. കരവാരം പഞ്ചായത്തിലെ തലവിള സ്വദേശിനിയാണ്.
എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന ഗീത മഹിളാമോർച്ചയുടെ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകയുമാണ്. മഹിളാമോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്, കിളിമാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നഗരൂർ കോട്ടയ്ക്കൽ സ്വദേശിയാണ്.
മാറ്റംനോക്കി കിഴുവിലം
ചിറയിൻകീഴ്: 30 വർഷമായി ഇടതുപക്ഷത്തെ തുണയ്ക്കുന്ന കിഴുവിലം ഡിവിഷനിൽ ഇത്തവണ വാർഡുകൾക്ക് മാറ്റംവന്നതോടെ ഇത് മുന്നിൽക്കണ്ടാണ് സ്ഥാനാർഥികളെ മുന്നണികളും കളത്തിലിറക്കിയിരിക്കുന്നത്. എൽഡിഎഫിൽനിന്ന് സിപിഎമ്മിലെ അഞ്ചുതെങ്ങ് സുരേന്ദ്രനും യുഡിഎഫിൽനിന്ന് കോൺഗ്രസിലെ സജിത്ത് മുട്ടപ്പലവും എൻഡിഎയിൽനിന്ന് ബിജെപിയുടെ അനീഷ് പദ്മനാഭനും മാറ്റുരയ്ക്കുന്നു.
കിഴുവിലം പഞ്ചായത്തിലെ 21 വാർഡുകളും മുദാക്കൽ പഞ്ചായത്തിലെ ഏഴ് വാർഡുകളും ചിറയിൻകീഴ് പഞ്ചായത്തിലെ ആറ് വാർഡുകളും കടയ്ക്കാവൂർ ബ്ലോക്ക് ഡിവിഷനിലെ എട്ട് വാർഡുകളും ചേർന്ന് 42 വാർഡുകളാണ് ഡിവിഷനിലുള്ളത്. ജനപ്രതിനിധിയായും ഭാരവാഹിയായുമായി പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്തുമായാണ് അഞ്ചുതെങ്ങ് സുരേന്ദ്രൻ കിഴുവിലം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
1995-ൽ അഞ്ചുതെങ്ങ് പഞ്ചായത്തംഗവും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 2000-ൽ അഞ്ചുതെങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, 2010-ൽ വീണ്ടും അഞ്ചുതെങ്ങ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. നിലവിൽ സിപിഎം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയംഗം, സിഐടിയു ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
യൂത്ത് കോൺഗ്രസിന്റെ കരുത്തും മികച്ച നേതൃപാടവവും കൈമുതലാക്കിയാണ് യുഡിഎഫിനായി സജിത്ത് മുട്ടപ്പലം മത്സരിക്കാനിറങ്ങിയത്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി, അഴൂർ ഗ്രാമപ്പഞ്ചായത്തംഗം, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, ആർസിസിയിലെ രോഗികൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുന്ന സ്നേഹപ്പൊതി പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നിങ്ങനെ സംഘടനാരംഗത്തുമുണ്ട്.
ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും കിഴുവിലം ഗ്രാമപ്പഞ്ചായത്തംഗവുമായ അനീഷ് പദ്മനാഭനാണ് എൻഡിഎയ്ക്കുവേണ്ടി കിഴുവിലം ജില്ലാ ഡിവിഷനിൽ എൻഡിഎ രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാർഥി. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ പുളിമൂട് വാർഡിൽ നിന്നു വിജയിച്ചാണ് അംഗമായത്. ബിജെപി ഏരിയാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Content Highlights: Kerala Local Body Elections: Key Contests Unfold in Kilimanur, Kallambalam, and Kizhuvilam Divisions