തദ്ദേശ ട്രാക്കില്‍ കുതിക്കാന്‍ കായിക താരങ്ങളും; ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ വരെ

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് താരങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പുതിയ കളിക്കളങ്ങള്‍ ഉണ്ടായില്ലെങ്കിലും ഉള്ളത് സംരക്ഷിക്കുകയെങ്കിലും ചെയ്യുമോ? ഗ്രാമതലങ്ങളില്‍ കായിക വികസനം സാധ്യമാക്കുമോ? ഇത്തവണ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒട്ടേറെ കായിക താരങ്ങള്‍ മത്സരിക്കുന്നത് കായികരംഗത്ത് പ്രതീക്ഷ ഉയര്‍ത്തുന്നു.
ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ മെഡല്‍ നേടിയ, അര്‍ജുന അവാര്‍ഡ് ജേത്രികൂടിയായ പത്മിനി സെല്‍വന്‍ (തോമസ് ) തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാളയം വാര്‍ഡില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ്. പത്മിനി മുമ്പ് കോണ്‍ഗ്രസില്‍ ആയിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിനിധിയായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ കായികവേദിയിലും സജീവമായിരുന്നു. റെയില്‍വേസില്‍ നിന്നു വിരമിച്ചു.
1979ല്‍ ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീമില്‍ കളിച്ച പ്രൊഫ.കെ.എം. തോമസ് ചങ്ങനാശ്ശേരി തൃക്കോടിത്താനം പഞ്ചായത്തിന്റെ പത്താം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നു. കെ.എം.തോമസ് എയര്‍ഫോഴ്‌സിലായിരുന്നു. പിന്നീട് മുംബൈയില്‍ കായികാധ്യാപകനായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കുന്നുകുഴി വാര്‍ഡില്‍ കഴിഞ്ഞ രണ്ടു തവണയും കൗണ്‍സിലറായിരുന്ന മേരി പുഷ്പം കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മൂന്നാമതും ജനവിധി തേടുന്നു. സംസ്ഥാന ഹാന്‍ഡ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. സര്‍വകലാശാലാതലത്തില്‍ ഹര്‍ഡില്‍സ് താരവുമായിരുന്നു. അധ്യാപിക.
വെയ്റ്റ്ലിഫ്റ്റിങ്ങില്‍ കേരളത്തിന്നായി ഒട്ടേറെ സ്വര്‍ണമെഡലുകള്‍ നേടിയ, ഇപ്പോള്‍ പരിശീലകയായ ചിത്ര ചന്ദ്രമോഹന്‍ മധു തൃശൂര്‍ കോര്‍പ്പറേഷനില്‍ ഡിവിഷന്‍ 25 ല്‍ (വളര്‍ക്കാവ്) സി.പി.എം. സ്ഥാനാര്‍ഥിയാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകയായിട്ടുള്ള ചിത്ര സംസ്ഥാന വെയ്റ്റ്ലിഫ്റ്റിങ് അസോസിയഷന്‍ സെക്രട്ടറി കൂടിയാണ്.
പതിനേഴ് വര്‍ഷം സംസ്ഥാന ഫുട്‌ബോള്‍ ടീമില്‍ കളിച്ച എ.എല്‍.മെറീന എറണാകുളത്ത് എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ സ്‌കൂള്‍ മുറ്റം ഈസ്റ്റ്, പതിനൊന്നാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ഫിയാണ്. ഇപ്പോഴും മാസ്റ്റേഴ്‌സ് മീറ്റില്‍ സജീവമായ മെറീന കേരള പൊലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ സൂപ്രണ്ട് ആയിരുന്നു. 1991ല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാസ്‌പോര്‍ട്ട് വൈകിയതിനാല്‍ അവസരം നഷ്ടമായ അനുഭവമുണ്ട്. പഞ്ചായത്തിലേക്ക് പാസ്‌പോര്‍ട്ട് ആയി. ഇനി വീസ കൂടി മതി.
കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ (തോപ്പില്‍) ഇരുപതാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയാണ് മുന്‍ ദേശീയ അത്‌ലറ്റ് ലിസി ചെറിയാന്‍. ലോങ് ജംപിലും ഹര്‍ഡില്‍സിലും തിളങ്ങിയ ലിസി എഫ്സിഐയില്‍ മാനേജരായിരുന്നു.
സംസ്ഥാന ബാസ്ക്കറ്റ്ബാൾ താരവും എം.ജി.സർവകലാശാലാ നായകനുമായിരുന്ന ജയ്‌സന്‍ പീറ്റര്‍ ആലുവ നഗരസഭയിലേക്ക് പതിനഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു.
സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന ഗോപാലകൃഷ്ണന്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. ആലുവയില്‍ തന്നെ, പത്താം വാര്‍ഡില്‍ മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം സെബി വി. ബാസ്റ്റിനും സ്ഥാനാര്‍ഥിയാണ്. സെബി സ്വതന്ത്രനാണ്. മുന്‍ സംസ്ഥാന ഹോക്കിതാരവും നിലവില്‍ കൗണ്‍സിലറുമായ ജില്‍സ് പെരിയപ്പുറം പിറവം മുനിസിപ്പാലിറ്റി ടൗണ്‍ വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ജില്‍സ് അഞ്ചു വര്‍ഷം കാലിക്കറ്റ് വാഴ്‌സിറ്റിതാരവും ഒരിക്കല്‍ നായകനുമായിരുന്നു.
നടത്തത്തില്‍ ദേശീയ മെഡല്‍ നേടിയിട്ടുള്ള ആശ സോമന്‍ ഇരട്ടയാര്‍ പഞ്ചായത്തില്‍ സിപിഎമ്മിനു വേണ്ടി മത്സരരംഗത്തുണ്ട്. എം.ജി.സര്‍വകലാശാലാ വോളിബോള്‍ താരം ലിസമ്മ മണിമല പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയാണ്.
മുന്‍ ഫുട്‌ബോള്‍താരവും കായികാധ്യാപകനും തിരുവല്ല നഗരസഭയില്‍ സിറ്റിങ് കൗണ്‍സിലറുമായ റെജിനോള്‍ഡ് വര്‍ഗീസിന്റെ (കോണ്‍ഗ്രസ്) വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. മറ്റൊരിടത്ത് മത്സരിക്കാതെ റെജിനോള്‍ഡ് സ്വന്തം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുന്നു.ഇവരെ കൂടാതെ വേറെയും നിരവധി കായിക താരങ്ങള്‍ മത്സര രംഗത്തുണ്ട്.
Content Highlights: Many sportspersons are contesting local body elections in Kerala