ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി എ. പദ്മകുമാറിന്റെ വാര്‍ഡില്‍ ബിജെപിക്ക് ജയം; എൽഡിഎഫ് മൂന്നാമത്

#Election Desk
ഫയല്‍ചിത്രം
ഫയല്‍ചിത്രം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പദ്മകുമാറിന്റെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ജയം. ആറന്മുള പഞ്ചായത്തിലെ ഏഴാംവാര്‍ഡായ ആറന്മുളയിലാണ് ബിജെപി സ്ഥാനാര്‍ഥി ഉഷാ ആര്‍. നായര്‍ 212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചത്.

ബിജെപി സ്ഥാനാര്‍ഥിയായ ഉഷ ആര്‍. നായര്‍ക്ക് 411 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമാദേവിയ്ക്ക് 199 വോട്ടും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മിനി മനച്ചിരിയ്ക്കലിന് 180 വോട്ടുമാണ് കിട്ടിയത്.

ശബരിമല സ്വര്‍ണപ്പാളി വിവാദം പ്രധാന പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എ. പദ്മകുമാറും എന്‍. വാസുവും അടക്കമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ജാമ്യം കിട്ടാതെ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

Content Highlights: BJP candidate Usha R. Nair wins Aranmula Ward 7 by 212 votes, a ward represented by CPM leader and former MLA A. Padmakumar, accused in Sabarimala gold scam.